Friday, August 9, 2019

എനിക്കാരുമില്ലേ!



രാവിലെ കോളേജിലേക്ക് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഫോണിലേക്ക് ഒരു മെസേജ് വരും.
 '17 minutes to get your job place. Take Sasthamangalam road, traffic is light.' 
വൈകിട്ട്കോളേജില്‍ നിന്ന് വീട്ടിലേക്ക് പുറപ്പെടാന്‍ നേരവും ഒരു മെസേജ് വരും.
 '21 minutes to get your home. Take Vellayambalam road, Traffic is Heavy.'
 അതായത് മുകളില്‍ ഇരിക്കുന്ന ആരുടേയോ ക്യാമറ നിരീക്ഷണത്തിലാണ് ഞാനും നിങ്ങളും. എവിടെ പോകുന്നു, ഏത് വഴി പോകുന്നു എന്നെല്ലാം നോക്കിയിരിക്കുന്ന ഒരാള്‍ നമ്മുടെ കൂടെയുണ്ട്. സ്വന്തം അളിയനെ പോലെ നമ്മളോട് കരുതലുള്ള ഒരാള്‍! അത് കാരണം പേടിച്ച് വീട്ടില്‍ നിന്നിറങ്ങിയാല്‍ നേരേ ഓഫിസ്, ഓഫീസില്‍ നിന്നിറങ്ങിയാല്‍ വീട്. അല്ലാതെ മറ്റൊരിടത്തേക്ക് തിരിയാന്‍ പറ്റുന്നില്ല. വൈകിട്ട് വീട്ടിലേക്ക് പോകുന്ന വഴി വിട്ട് മറ്റൊരിടത്തേക്ക് തിരിഞ്ഞാല്‍ 'യുവര്‍ ഭര്‍ത്താവ് ഈസ്‌ ഗോയിംഗ് ഇന്‍ എ റോംഗ് വേ' എന്നൊരു മെസേജ് അനീസയുടെ ഫോണിലേക്ക് ഗൂഗിള്‍ അളിയന്‍ വിട്ടാല്‍ എന്തായിരിക്കും അവസ്ഥ? അത് പോരേ അന്നത്തെ വഴക്കിന്!
       ഒരു തീരുമാനം കൂടി എടുത്തിട്ടുണ്ട്. ചില സമയത്ത് റോഡില്‍ അശ്രദ്ധമായി വണ്ടിയോടിക്കുന്നവരെ (അവര്‍ കേള്‍ക്കാതെ) വണ്ടിക്കകത്തിരുന്ന്‍ നമ്മള്‍ തെറി വിളിക്കാറില്ലേ. അതൊക്കെ ഇനി ശ്രദ്ധിക്കണം. ഇതെല്ലാം അളിയന്‍ കേള്‍ക്കുന്നുണ്ട്.
"തിരക്കുള്ള റോഡ്‌ ആണ്. അശ്രദ്ധമായി വണ്ടിയോടിക്കുന്ന തല തെറിച്ച പിള്ളേരും റോഡില്‍ ഇറങ്ങിയിട്ടുണ്ട്, വണ്ടിയില്‍ കുട്ടികളും മറ്റുള്ളവരുമുണ്ട്. ദയവായി സംയമനം പാലിക്കുക". എന്നൊരു മെസേജും അളിയന്‍ വക പ്രതീക്ഷിക്കാം.
     എന്തായാലും ഇനി "എനിക്കാരുമില്ലേ..." എന്നൊരു പരാതി ആരും പറയരുത്. നിങ്ങള്‍ക്ക് ആരുമില്ലെങ്കിലും ഗൂഗിള്‍ അളിയനുണ്ട്!





Sunday, April 8, 2018

തിരുവന്തോരത്തെ തീയറ്ററുകള്‍!


തീയറ്ററുകളുടെ കാര്യത്തില്‍ അന്നും ഇന്നും തിരുവന്തോരം സമ്പന്നമാണ്. സിനിമാ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ നാടായ നാടൊക്കെ തീയറ്ററുകളായ തീയറ്ററുകളൊക്കെ പൊളിച്ച് സ്ക്രീനും വലിച്ചു കീറി കല്യാണമണ്ഡപങ്ങളാക്കിയപ്പോള്‍ പോലും തിരുവന്തോരം ആ വഴിക്ക് പോയിട്ടില്ല. മാത്രമല്ല ഒന്നായിരുന്ന പല തീയറ്ററുകളും രൂപമാറ്റം വരുത്തി രണ്ടും മൂന്നും അഞ്ചും ആറും സ്ക്രീനുകളായി മാറി. രണ്ട് തീയറ്റര്‍ ആയിരുന്ന 'കൈരളി'യും 'ശ്രീ'യും ഒരു സ്ക്രീനിനും കൂടി ഇടം കൊടുത്ത് ('നിള') മൂന്ന് ആയി. 'ശ്രീപത്മനാഭ'യും 'ദേവിപ്രിയ'യെ കൂടി ചേര്‍ത്ത് രണ്ട് ആയി. ഒന്നായിരുന്ന 'ന്യൂ' തീയറ്റര്‍ മൂന്ന്‍ സ്ക്രീന്‍ ആയി. നാല് സ്ക്രീന്‍ ഉണ്ടായിരുന്ന (അശ്വതി, ആതിര, അഞ്ജലി, അതുല്യ) SL തീയറ്റര്‍ പുതുക്കി ആറ് സ്ക്രീന്‍ ആയി. 'കൃപ' പുതുക്കി പണിത് തല്ക്കാലം ഒരെണ്ണം പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഒരെണ്ണം കൂടി ഉടന്‍ തയ്യാറായി വരുന്നുണ്ട്. മാറ്റമില്ലാതെ നില്‍ക്കുന്നത് 'ശ്രീകുമാര്‍'‍, 'ശ്രീവിശാഖ്', 'ധന്യ', 'രമ്യ', 'അജന്ത' തീയറ്ററുകളാണ്. കാലത്തിനൊത്ത് അവര്‍ക്കും മാറേണ്ടി വരും. ബാല്‍ക്കണിയൊക്കെ അശ്ലീലമായ ഇക്കാലത്ത് 'കലാഭവനും' രണ്ട് തീയറ്റര്‍ ആക്കാനുള്ള സൌകര്യമുണ്ട്. 'സെന്‍ട്രല്‍' തീയറ്ററില്‍ ഇപ്പോഴും പ്രദര്‍ശനം നടക്കുന്നുണ്ടെന്നതാണ് സിറ്റിയിലെ മറ്റൊരു അറിയപ്പെടാത്ത രഹസ്യം.
പൂട്ടിപ്പോയത്, പട്ടം 'കല്‍പ്പന'യും (ഇപ്പോഴത്തെ ബിഗ്‌ ബസാര്‍ ഇരിക്കുന്നിടം) 'പാര്‍ത്ഥാസും' 'ശ്രീബാല'യും ആണ്. കെ.എസ് ഗോപാലകൃഷ്ണന്‍ സാറും ചന്ദ്രകുമാറും ഷക്കീലയും മറിയയും പിന്‍ഗാമികളില്ലാതെ രംഗം വിട്ടതാണ് ശ്രീബാലക്ക് തിരിച്ചടിയായതെന്ന്‍ തോന്നുന്നു. 'U' സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ചിത്രങ്ങളുടെ പോലും പോസ്റ്ററില്‍ വട്ടത്തിനകത്ത് 'A' വരച്ച് ആളുകളെ ആകര്‍ഷിച്ചിരുന്നൊരു  കാലമുണ്ടായിരുന്നു ശ്രീബാലയില്‍. 
പണ്ട് ഭാഷയും ഇനവും തിരിച്ച് തീയറ്ററുകള്‍ തരം തിരിച്ചിരുന്നൊരു കാലവുമുണ്ടായിരുന്നു.  ഇംഗ്ലീഷ് ത്രില്ലര്‍, ഹൊറര്‍ ചിത്രങ്ങള്‍ക്ക് ന്യൂ, ശ്രീകുമാര്‍, തമിഴ് ചിത്രങ്ങള്‍ക്ക് സെന്‍ട്രല്‍, 'ഏപ്പടമാണെങ്കില്‍ ശ്രീബാല, അങ്ങനെ....! നഗരത്തിന് പുറത്ത് പേരൂര്‍ക്കട ജനത, പേട്ട കാർത്തികേയ, ആര്യശാല യിലെ ചിത്ര, കിള്ളിപ്പാലം ശിവ ഇവയൊക്കെയാണ് പൂട്ടിപ്പോയ മറ്റ് തിയറ്ററുകൾ.വട്ടിയൂര്‍ക്കാവില്‍ ഉണ്ടായിരുന്ന രണ്ട്  തീയറ്ററുകളും പൂട്ടിപ്പോയി. വട്ടിയൂര്‍ക്കാവ് 'ശാന്തി' ഇരുന്നയിടം ബഹുനില ഫ്ലാറ്റ് ആയി. 'ലക്ഷ്മി' ഏഷ്യാനെറ്റ് വാങ്ങി സ്റ്റുഡിയോ ആക്കി.  
നാട്ടിന്‍പുറത്തുകാരുടെ വൈകുന്നേരങ്ങളിലെ നേരമ്പോക്കിന് പരിഹാരമാവില്ലെങ്കിലും ശ്രീകാര്യം സ്പോര്‍ട്സ് ഹബ്ബിനോട് ചേര്‍ന്ന് നാല് സ്ക്രീനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരെണ്ണം കൂടി ഉടനെ പ്രവര്‍ത്തന സജ്ജമാകും. അതും പോരാഞ്ഞിട്ടാണ് പുതിയ 'മാള്‍ ഓഫ് ട്രാവന്കൂറി'ലെ അഞ്ച് സ്ക്രീനുകള്‍. ഒരെണ്ണം കൂടി റെഡിയായി വരുന്നുണ്ട്. ബസ് കാത്തിരുന്ന് മുഷിയുന്നവരുടെ കഷ്ടപ്പാട് കണ്ടിട്ടാവണം തമ്പാനൂരിലെ ബസ്സ്റ്റാന്റ് ടെര്‍മിനലിലും മൂന്ന് സ്ക്രീനുകള്‍ ആരംഭിക്കാന്‍ പോകുകയാണ്. ഇപ്പോള്‍ തന്നെ പാര്‍ക്കിംഗും ഗതാഗതകുരുക്കും കാരണം വീര്‍പ്പ് മുട്ടുന്ന നഗര ഹൃദയത്തില്‍ പുതിയ തീയറ്ററുകള്‍ കൂടി തുടങ്ങിയാല്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണ്ടു തന്നെ അറിയണം. തിരുവന്തോരംകാരുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായ 'ഫിലിം ഫെസ്റ്റിവല്‍' പ്രേക്ഷകരുടെ ചിരകാല അഭിലാഷമായ തീയറ്റര്‍ കോമ്പ്ലെക്സ് കൂടി വരുന്നതോടെ തീയറ്ററില്‍ ഓടിക്കാന്‍ റിലീസ് സിനിമകള്‍ മതിയാവാതെ വരും. തിരുവല്ലത്താണ് കോമ്പ്ലെക്സ് വരുന്നതെങ്കില്‍ അടൂര്‍ പറഞ്ഞത് പോലെ ഫെസ്റ്റിവല്‍ കഴിയുമ്പോള്‍ പൊടിയടിച്ച് അവിടെ കിടക്കും. അല്ലെങ്കിലും ഇത്രേം തീയറ്ററുകള്‍ സിറ്റിയില്‍ കിടക്കുമ്പോള്‍ സിനിമ കാണാന്‍ മാത്രം ആളുകള്‍ തിരുവല്ലം വരെ പോകുമോ? അറിയില്ല. മാത്രമല്ല തീയറ്ററുകളില്‍ നിന്ന് തീയറ്ററുകളിലേക്കുള്ള ഓട്ടവും കൂടി ചേര്‍ത്തുള്ള ആഘോഷത്തിനല്ലേ 'ഫിലിം ഫെസ്റ്റിവല്‍' എന്ന് പറയുന്നത്. അഞ്ചോ ആറോ സ്ക്രീനുകള്‍ പണിയാന്‍ ടാഗോര്‍ തീയറ്റര്‍ കോമ്പൌണ്ടില്‍ ആവശ്യത്തിന് സ്ഥലം കിടക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ പിടിവാശി.
പാര്‍ക്കിംഗ് ഫീസ്‌ എടുത്ത് കളഞ്ഞ് സിനിമാസ്വാദകരെ തീയറ്ററുകളിലേക്ക് അടുപ്പിച്ചത് പോലെ സര്‍ക്കാര്‍ ഇടപെടേണ്ട മറ്റൊരു രംഗമാണ് തീയറ്ററുകളിലെ 3D കൊള്ള. പത്തു രൂപ വിലയുള്ള 3D കണ്ണടക്ക് 30 രൂപ വാടക ഈടാക്കുന്ന തീയറ്ററുകള്‍ക്കെതിരെ നടപടി എടുക്കേണ്ടതാണ്. ആള് കുറവാണെങ്കില്‍ താഴത്തെ റിസര്‍വ്ഡ് സര്‍ക്കിള്‍ അടച്ചിട്ട് ബാല്‍ക്കണി ടിക്കറ്റ് മാത്രം വില്‍ക്കുന്ന ശ്രീവിശാഖ് തീയറ്ററുകാരന്റെ ഒടുക്കത്തെ ബുദ്ധിയും തിരുവനന്തപുരത്തെ സിനിമാ സംസ്കാരത്തിന് യോജിച്ചതല്ല.
ഇനി ആര്‍ക്കെങ്കിലും സിറ്റിയില്‍ തീയറ്റര്‍ തുടങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് പാളയം, വെള്ളയമ്പലം ഭാഗത്തായാല്‍ നന്നായിരുന്നു. ഇപ്പോഴുള്ള തീയറ്ററുകളെല്ലാം തമ്പാനൂര്‍, കിഴക്കേകോട്ട കേന്ദ്രീകരിച്ചായത് കാരണം കോളേജ് പിള്ളാര്‍ക്ക് ഒരല്‍പ്പം ബുദ്ധിമുട്ടുണ്ട്.
-------------------------------
*ഒരിത്തിരി നാട്ടുകാര്യം.:
തിരുവനന്തപുരത്തെ കാര്യം പറയുമ്പോള്‍ സ്വന്തം നാട്ടിലെ കാര്യം പറയാതെ പോകുന്നത് ശെരിയല്ലല്ലോ. കടയ്ക്കല്‍-കാഞ്ഞിരത്തുംമൂട് ഭാഗത്തുണ്ടായിരുന്ന നാല് തീയറ്ററുകളില്‍ രണ്ടെണ്ണം പൂട്ടിപ്പോയി. ചിങ്ങേലി 'സന്തോഷ്‌' പിന്നെ 'അമൃത' ആയെങ്കിലും പൂട്ടി. 'മോഹന്‍' തീയറ്റര്‍ പേര് മാറ്റി 'സെന്‍ട്രല്‍' ആയി പൂട്ടി. 'ശ്രീധന്യ'യും 'ശ്രീശൈല'വും കല്യാണ മണ്ഡപമാക്കിയെങ്കിലും ഒരിടവേളക്ക് ശേഷം വീണ്ടും തീയറ്ററുകളായി തിരിച്ച് വന്നു. 40 പൈസക്ക് ടിക്കറ്റ് എടുത്ത് മുന്‍വശത്ത് ബെഞ്ചില്‍ ഇരുന്ന് സിനിമ കണ്ടു തുടങ്ങിയ കിഴക്കുംഭാഗത്തെ 'ബീന' തീയറ്റര്‍ ആണ് തീയറ്റര്‍. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു, ജയന്റെ 'ആക്രമണം' ബീന തീയറ്ററില്‍ വരുന്നത്. ടിക്കറ്റ് എടുക്കുന്നതിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഇടത് കൈ ടിക്കറ്റ് കൌണ്ടറിന്റെ ഭിത്തിയില്‍ ഉരഞ്ഞ് ഉണ്ടായ പാടാണ് എന്റെ SSC ബുക്കിലെ എന്നെ തിരിച്ചറിയാന്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു അടയാളം. ബീന തീയറ്ററും പൂട്ടിപ്പോയി. ഇപ്പോഴും കിഴക്കുംഭാഗത്തും കടയ്ക്കലും ഓരോ തീയറ്ററിന് സാധ്യതയുണ്ട്.
-------------------------------------------
**എന്തെങ്കിലും എഴുതൂ സീരീസ്-1
ഫെയ്സ്ബുക്ക് തുറന്നാല്‍ 'എന്തെങ്കിലും എഴുതൂ, എന്തെങ്കിലും എഴുതൂംന്നും' പറഞ്ഞ് സക്കറണ്ണന്‍ നിര്‍ബന്ധിച്ചാല്‍ എഴുതാതിരിക്കുന്നതെങ്ങനെ? അതുകൊണ്ട് എഴുതി പോയതാണ്.

ചരിത്രം മാറ്റി മറിച്ച മൂന്ന് സിനിമകള്‍



ഒന്ന്: എസ്ര
******************************
രണ്ട് നിലകളിലായി പത്തിരുപത് മുറികളുള്ള ഒരു വീട്. ആക്രി സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന തട്ടിന്‍ പുറം ഉറപ്പായിട്ടും വേണം. 
രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും ലൈറ്റ് ഇടാതെ വീട് മുഴുവന്‍ തപ്പാന്‍ ഇറങ്ങുന്ന നായകന്‍ ഒന്ന്. ലൈറ്റിന്റെ സ്വിച്ച് ഇട്ടാലും മിന്നി മിന്നി കത്തിക്കാന്‍ അറിയാവുന്ന ഇലക്ട്രീഷ്യന്‍ രണ്ട്. തനിയെ തുറക്കുകയും അടയുകയും ചെയ്യുന്ന വാതില്‍ ഒന്നോ രണ്ടോ. നിഴല് കണ്ടാല്‍ പേടിച്ച് നിലവിളിക്കാന്‍ അറിയുന്ന നായിക ഒന്ന്. അലറി വിളിച്ചാലും വിളി കേള്‍ക്കാത്ത ജോലിക്കാരി ഒന്ന്. മലയാളമല്ലാതെ വേറെ ഏതെങ്കിലും ഭാഷയില്‍ എന്തെങ്കിലും മുദ്രണം ചെയ്ത പെട്ടി ഒന്ന്. ഒന്ന്‍ രണ്ട് പേരെ വായുവില്‍ ഉയര്‍ത്തി നിര്‍ത്താന്‍ ബലമുള്ള കയര്‍ 100 മീറ്റര്‍. കാറ്റ്, മഴ തുടങ്ങിയവ ഉണ്ടാക്കുന്ന യന്ത്രം രണ്ടെണ്ണം വീതം. 23 വര്‍ഷം മുന്‍പിറങ്ങിയ മണിച്ചിത്രത്താഴിലെ 'നാഗവല്ലി'യുടെ ബാധ ഇത് വരെ ദേഹത്ത് നിന്ന് ഒഴിഞ്ഞു പോകാത്ത സംവിധായകന്‍ ഒന്ന്.
'എന്നാ പിന്നെ ഞാനങ്ങോട്ട്...'
'നിക്കവിടെ! ഇത്രേം സാധനങ്ങള്‍ കൂട്ടി വെച്ചിട്ട് താനെങ്ങോട്ടാ ഈ പോകുന്നത്..'
'അല്ല ഒരു ഹൊറര്‍ സിനിമ പിടിച്ചിട്ട് വരാം...'
'വേഗം വേണം. എന്നിട്ട് വേണം ഒന്ന്‍ പേടിക്കാന്‍. വിനയന്റെ ഡ്രാക്കുള കണ്ടിട്ട് പേടിച്ചതാ ലാസ്റ്റ്.

****************************
'എസ്ര' കണ്ടിട്ട് 'ജോമോന്റെ സുവിശേഷം' കണ്ടത് കൊണ്ടാകണം സത്യന്‍ അന്തിക്കാടിനോട് ബഹുമാനം കൂടി വരുന്നത്. മുന്‍ സിനിമകളെ അപേക്ഷിച്ച് സെന്റിമെന്‍സ് അല്പം കുറവാണെങ്കിലും ഇത്രേം കഥാപാത്രങ്ങളില്‍ ഒരാളെയെങ്കിലും അനാഥനാക്കാമായിരുന്നു.


*********************************
രണ്ട്: കൃഷ്‌ 3
*********************************

നമ്മള്‍ ഇന്ത്യാക്കാര്‍ അമേരിക്കയേക്കാള്‍ 20 വര്‍ഷം പിറകിലാണെന്ന് ആഗോളവല്‍ക്കരണത്തിന് മുന്പൊരു വര്‍ത്തമാനം ഉണ്ടായിരുന്നു. സിനിമയുടെ കാര്യത്തില്‍ ആ പറഞ്ഞത് ഇപ്പോഴും അക്ഷരം പ്രതി ശെരിയാണെന്ന് 'കൃഷ്‌ 3' തെളിയിക്കും. തൊണ്ണൂറുകളില്‍ ജെയിംസ് കാമറൂണും ഷ്വാസ്നെഗറും മതിയാക്കി പോയ സ്ഥലത്ത് നിന്നാണ് രാകേഷ് റോഷനും ഹൃത്വിക് റോഷനും തുടങ്ങുന്നത്.
കുട്ടിക്കാലത്ത് വഴി പിരിഞ്ഞു പോയ രണ്ട് കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ ഒരാള്‍ കൊള്ളസംഘം തുടങ്ങുന്നു. മറ്റൊരാള്‍ നായകനാകുന്നു. ഒരു മല തുരന്ന്‍ അതിനുള്ളിലാണ് കൊള്ളസംഘതിന്റെ ആസ്ഥാനം (പരിസ്ഥിതിക്കാര്‍ ആരും കണ്ടില്ലേ.??). വില്ലന്‍ ഒരു കാരണവുമില്ലാതെ രോഗം പരത്തുന്ന കുറെ ബാക്ടീരിയകളെ നാലുപാടും വിതറുകയാണ്‌. നായകന്‍ വിടുമോ. തൃശൂര്‍ പൂരത്തിന് കത്തിക്കുന്ന അമിട്ടില്‍ കരിമരുന്നിന് പകരം മറുമരുന്ന് നിറച്ച് ആകാശത്ത് പൊട്ടിച്ച് പകരം വീട്ടി. കലി മൂത്ത വില്ലന്‍ നായകന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോകുന്നു. നായകന്റെ നീക്കങ്ങള്‍ അറിയാന്‍ വില്ലന്‍ തന്റെ സംഘത്തിലെ ഒരു സ്ത്രീയെ നായകന്റെ വീട്ടിലേക്ക് വിടുന്നു. (സ്ത്രീയെ വിട്ടതാണ് വില്ലന് പറ്റിയ ആദ്യത്തെ മണ്ടത്തരം.) ആള്‍മാറാട്ടത്തില്‍ വീട്ടില്‍ കടന്ന് കൂടിയെങ്കിലും ഒരു ചുംബനത്തില്‍ എല്ലാം മറന്ന വില്ലത്തി നായകന്റെ കൂടെ ചേരുന്നു. നായകനും വില്ലത്തിയും നേരെ വില്ലന്റെ കൊള്ള സങ്കേതത്തിലേക്ക്. പിന്നെ പൂരത്തിന്റെ വെടിക്കെട്ടിന്റെ കലാശക്കൊട്ടാണ്. ഉരുക്ക് പാളികള്‍ ശരീരത്ത് പൊതിഞ്ഞതാണ് വില്ലന് പറ്റിയ രണ്ടാമത്തെ തെറ്റ്. ശക്തിയായ ചൂടില്‍ പാവം വില്ലന്‍ ഉരുകി ഒലിച്ചു പോയില്ലേ.
കഥ കേട്ടിട്ട് പ്രേംനസീര്‍ -ജോസ് പ്രകാശ്‌ -എം.എന്‍ നമ്പ്യാര്‍ സിനിമയാണോ എന്നൊരു സംശയം ഉണ്ടാകുന്നുണ്ടോ. പണ്ട് സിംഗപ്പൂരിലും ജോര്‍ദാനിലും പോയി ഷൂട്ട്‌ ചെയ്യാനുള്ള കാശും 3ഡി ഗ്രാഫിക്സും ഒന്നും ഇല്ലാത്തത് കൊണ്ട് മാത്രം പ്രേം നസീര്‍ അമാനുഷികനായില്ല.
**************************************

മൂന്ന്: വിനയന്റെ ഡ്രാക്കുള
**************************************

ഒരു കോമഡി സിനിമ കണ്ടിട്ട് കുറെ നാളായത് കൊണ്ടാണ് 'ഡ്രാക്കുള' കാണാന്‍ കേറിയത്‌..,. എന്തായാലും വിനയന്‍ നിരാശപ്പെടുത്തിയില്ല. ഏത് ഉഗാണ്ടക്കാരനിലും മലയാളി ബന്ധം കണ്ടു പിടിക്കുന്ന 'മനോരമ ടെക്നിക്' വിനയന്‍ കോപ്പി അടിച്ചതോട് കൂടി ഡ്രാക്കുളയുടെ ഗ്യാസ് പോയി. അല്ലെങ്കില്‍ ഡ്രാക്കുളക്ക് ഇത്തിരിയെങ്കിലും ബോധം ഉണ്ടായിരുന്നെങ്കില്‍ മലയാളിയുടെ ദേഹത്ത് കേറി കേരളത്തിലേയ്ക്ക് വരരുതായിരുന്നു. 'മലയാളി ഡ്രാക്കുള' ആയതോട്‌ കൂടി ശക്തിമാനായ ഡ്രാക്കുളയുടെ ശക്തിയും പോയി, തളക്കാന്‍ വന്ന മന്ത്രവാദിയുടെ ശക്തിയും പോയി. വെറും സൂര്യപ്രകാശം ഏറ്റല്ലേ കത്തി ചാമ്പലായി പോയത്. (വെയിലത്ത്‌ ഇറങ്ങി മലയാളി പണി എടുക്കില്ല എന്ന് പറയാതെ പറഞ്ഞു.) അവസാനം ഒരു ഭീക്ഷണിയും. 'അവന്‍ വീണ്ടും വരും' എന്ന്. അതായത് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാം. പിന്നെയും ഒരു സംശയം ബാക്കി, 'ഡ്രാക്കുള ഷേവ് ചെയ്യുമോ? ആലോചിച്ച് ആലോചിച്ച് തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പിന്നില്‍ അശരീരി പോലെ ഡ്രാക്കുളയുടെ ശബ്ദം കാതില്‍.,. "ആ വിനയനെ കാണുന്നെങ്കില്‍ എന്നോട് ഈ ചതി ചെയ്യണ്ടായിരുന്നു എന്ന് പറഞ്ഞേക്കണേ"
** എന്തെങ്കിലും അബദ്ധം പറ്റിയാല്‍ 'വിനയന്‍റെ ഡ്രാക്കുള കണ്ടത് പോലെയായി' എന്നൊരു പുതുചൊല്ല് വരാന്‍ സാധ്യതയുണ്ട്.



Friday, May 29, 2015

ഫെയ്സ്ബുക്ക് വിപ്ലവം.!

ഒരു കാലത്ത് ഫെയ്സ്ബുക്കിൽ സജീവമായിരുന്ന ചിലരെ പരിചയപ്പെടാം. 
ഒന്ന്: 'നാട്ടിന്‍ പുറത്തിന്റെ നന്മ നിറഞ്ഞ ചില കഥകള്‍ അല്ലെങ്കില്‍ ഒരു പാചകകുറിപ്പ് ഒപ്പം ഒരു തണുത്ത സുപ്രഭാതവും. ഫെയ്സ്ബുക്കിൽ സജീവമായിരുന്ന പാലൂര്‍ക്കാരന്‍ രസികന്‍. പിന്നെ കുറച്ച് നാളത്തേക്ക് ആളെ കാണാന്‍ ഇല്ല. "എന്താ ചേട്ടാ ഇപ്പോള്‍ കാണാനേ ഇല്ലല്ലോ." ഓ. ഞാന്‍ ഗള്‍ഫ് ജീവിതം മതിയാക്കി. ഇപ്പം നാട്ടില്‍ തന്നെ കുറച്ച് കോണ്ട്രാക്റ്റ് പണികളുമായി അങ്ങനെ കഴിയുന്നു. ഇതൊക്കെ വേറെ ഒരു പണിയും ഇല്ലാത്തവര്‍ക്കല്ലേ പറ്റൂ."
"അപ്പം ചേട്ടന്‍ അവിടെ പണിയൊന്നും ചെയ്തിരുന്നില്ലേ."
"അത് അറബീടെ ഓഫീസ് അല്ലേ. അറബി വരുമ്പം മാത്രം പണി ചെയ്താ മതി. ഇവിടെ അങ്ങനെ പറ്റുമോ. നമ്മളു പണിയെടുത്താല്‍ നമുക്ക് കിട്ടും."
"ശെരി. പിന്നെ കാണാം."
കേസ്2:. മുഖപുസ്തകത്തിലെ ജ്വലിക്കുന്ന യുവത്വം. ആള് അസല് കമ്മ്യൂണിസ്റ്റ്. വീയെസ്സിന്റെ കടുത്ത ആരാധകന്‍. ടി.പി കേസില്‍ വാദി ഭാഗം വക്കീല്‍ ആക്കിയിരുന്നെങ്കില്‍ എന്നേ പ്രതികള്‍ക്ക് വധ ശിക്ഷ കിട്ടിയേനെ. പെട്ടന്ന് ഒരു ദിവസം ഫെയ്സ്ബുക്കില്‍ ആളെ കാണാന്‍ ഇല്ല. രണ്ട് മൂന്ന് മാസത്തിന് ശേഷം ഒരു സ്റ്റാറ്റസ് കണ്ടു. 
"വൈവിധ്യമാര്‍ന്ന വസ്ത്ര ശ്രേണി. എല്ലാ പ്രായക്കാര്‍ക്കും.! 10 മുതല്‍ 50 ശതമാനം വരെ ഡിസ്ക്കൌണ്ട്!!" അന്വേക്ഷിച്ചപ്പോള്‍ അറിഞ്ഞു, ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടില്‍ ടെക്സ്റ്റയില്‍ തുടങ്ങി. വീയെസ്സിന് വീയെസിന്റെ കാര്യം. നമുക്ക് നമ്മുടെ കാര്യം. 
കേസ്3: നാട്ടിലെ വിലക്കയറ്റം, അഴിമതി, കെടുകാര്യസ്ഥത, വര്‍ഗ്ഗീയ പ്രീണനം തുടങ്ങിയവയെ കുറിച്ച് തുരുതുരാ പോസ്റ്റുകള്‍. ഇടക്ക് ഒരു മാസം കാണാന്‍ പറ്റില്ല. വീണ്ടും വയര്‍ലെസ്സ് വിപ്ലവം. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും രണ്ട് മാസം കാണാന്‍ കിട്ടില്ല. എവിടെ പോകുന്നു ഈ വിപ്ലവം?
അന്വേക്ഷിച്ചപ്പോള്‍ അറിഞ്ഞു. ആള് ഗള്‍ഫില്‍ ആണ്. അവധിക്ക് നാട്ടില്‍ പോകുമ്പോഴാണ് ഫെയ്സ്ബുക്കിനും അവധി കൊടുക്കുന്നത്. ഒപ്പം വിപ്ലവത്തിനും. ആള് നാട്ടിലായിരിക്കുമ്പോഴും നാട്ടില്‍ അഴിമതിക്കെതിരെയും വിലക്കയറ്റത്തിനെതിരേയും പല സമരങ്ങളും നടക്കും. അതിലൊന്നും പുള്ളിയെ കാണാന്‍ കിട്ടില്ല. "ആകെ ഒരു മാസത്തെ അവധി. അത് ഭാര്യയോടും കുട്ടികളോടും ഒപ്പം ചിലവിടുമോ അതോ വെയില് കൊള്ളുമോ?" വിപ്ലവം പിന്നേം വരും!
കേസ് 4: ഫെയ്സ്ബുക്കില്‍ അര്‍മാദിച്ചു നടന്ന ഒരു കോളേജ് അധ്യാപകനെ പിടിച്ച് ഒരു പുതിയ കോളേജിന്റെ 'സ്പെഷ്യല്‍ ആപ്പീസര്‍' ആക്കി. അതോടെ അങ്ങേര് ഫെയ്സ് ബുക്ക് അടച്ചു വെച്ച്, ടെക്സ്റ്റ് ബുക്ക് കയ്യിലെടുത്തു. വല്ലപ്പോഴും പഴയ ഓര്‍മ്മകള്‍ അയവിറക്കി ഒരു ഫോട്ടോ ഇട്ടാലായി. മനുഷ്യര് നന്നാവുന്ന വിധമേ..
കേസ് 5: "എന്താ ഫെയ്സ് ബുക്കില്‍ പഴയത് പോലെ കാണാന്‍ ഇല്ലല്ലോ..?"
"ഓ. ഓഫീസ് മാറി. പുതിയ ഓഫീസില്‍ നെറ്റ് ഇല്ല. അറബിക്ക് ഇന്റര്‍നെറ്റിന്റെ ABCD അറിയില്ല."
(പക്ഷെ അങ്ങേര്‍ക്കായിരിക്കും AtoZ അറിയുന്നത് എന്ന് പാവം മലയാളി തിരിച്ചറിഞ്ഞില്ല...)
കേസ് 6: സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞ് ഫെയ്സ്ബുക്കിനോട് ഗുഡ് ബൈ പറഞ്ഞ ഒരാളെ എന്റെ അറിവില്‍ ഉള്ളൂ. EPJ നായര്‍ സര്‍. അമേരിക്കയില്‍ എവിടെയോ
ഇരുന്ന് രാത്രികാലങ്ങളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ അവസാന സ്റ്റാറ്റസ് ഇങ്ങനെ ആയിരുന്നു. 
"ഞാന്‍ ജോലിയില്‍ നിന്ന് വിരമിക്കുകയാണ്. ഇനി നിങ്ങളെ 
കാണാന്‍ പറ്റിയെന്ന് വരില്ല. ഗുഡ് ബൈ"
-------
ഒരു സംശയം ഉള്ളത് സോജന്‍ ജോസെഫിന്റെയും സാബുവിന്റെയും ടി. എന്നിന്റെയും മുതലാളിമാര്‍ അറബികളാണോ എന്നതാണ്.. കാഞ്ഞിരപ്പള്ളിയിലെ ദൂരദര്‍ശന്റെ സംപ്രേക്ഷണാധികാരം അറബികള്‍ ആരെങ്കിലും വാങ്ങിയോ എന്ന്.. 
-----------
സെല്‍ഫ് ഗോള്‍: പ്രവാസ കാലമായിരുന്നു ഫെയ്സ്ബുക്കിലെ എന്റെ സുവര്‍ണ കാലം.

ബജറ്റ് 2015


രാവിലെ ഒൻപത് മണിക്ക് തന്നെ ബജറ്റ് അവതരണം തുടങ്ങി. പുറത്ത് ചെറിയ ബഹളം ഉണ്ട്. സഭക്കകത്ത്‌ ആദ്യത്തെ ചെറിയ പ്രതിക്ഷേധങ്ങൾ കെട്ടടങ്ങിയിരിക്കുന്നു. പ്രതിപക്ഷം നിശ്ചലാവസ്ഥയിലാണ്. തന്റെ വാഗ്ധോരണിയിൽ മയങ്ങി സഭ ഒന്നടങ്കം നെടു വീർപ്പിടുന്നത് മാണി സാർ കണ്ട് ഉള്ളാലെ ചിരിച്ചു. പുതിയ പാലങ്ങൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ എല്ലാവര്ക്കും തൊഴിൽ, വീട്, പ്രതിപക്ഷ MLA മാർക്ക് പുതിയ കാർ, പെട്രോൾ അലവൻസ്, വാർദ്ധക്യ കാല പെൻഷനുള്ള കുറഞ്ഞ പ്രായം 50, പെൻഷൻ പ്രായം 60, ശമ്പള കമ്മീഷൻ റിപ്പോർട്ട് വരുന്നതിന് മുന്പ് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും രണ്ടു DA . ... ബജറ്റ് നിർദ്ദേശങ്ങൾ വായിച്ച് വായിച്ച് സമയം പോയത് അറിഞ്ഞില്ല. മൂന്നു മണിക്കൂർ നാൽപ്പത് മിനിട്ട്. റെക്കോർഡ് ബജറ്റവതരണം ! ഭരണ പക്ഷത്തിന്റെ കയ്യടിയേക്കാൾ പ്രതിപക്ഷത്തിന്റെ കയ്യടി ശബ്ദം ഉയർന്നു കേട്ടു.
ഭയങ്കര ദാഹം. മുന്നിലിരുന്ന ഒരു ഗ്ലാസ്‌ വെള്ളം ഒറ്റ വലിക്ക് കുടിച്ചു. കുറച്ചു കൂടി വെള്ളം വേണം. അടുത്ത് നിന്ന വാച്ച് ആൻ വാർഡിലെ ഒരാളെ കൈ കാട്ടി വിളിച്ചു.
'ഡോ, ഒരു ഗ്ലാസ്‌ വെള്ളം വേണം..'
ആരോ പുറത്ത് തോണ്ടി വിളിക്കുന്നു.
' സർ ഇതാ വെള്ളം'
മാണി സാർ ഞെട്ടി ഉണർന്നു..
ചുറ്റും നോക്കി. ഒരു ഗ്ലാസില്‍ വെള്ളവുമായി വാച്ച് ആൻ വാര്‍ഡ്‌ തൊട്ടടുത്ത്‌. നിയമ സഭയ്ക്കകത്താണ്, മുഖ്യമന്ത്രിയും എം.എല്ലെ മാരും എല്ലാവരും ഉണ്ട്.. അവരെല്ലാം നല്ല ഉറക്കത്തിലാണ്.. വാച്ചിൽ നോക്കി, മണി പന്ത്രണ്ട് കഴിഞ്ഞതേ ഉള്ളൂ. നേരം വെളുക്കാൻ ഇനിയും സമയമുണ്ട്. മാണി സാർ തിരിഞ്ഞു കിടന്നു. ശേഷം രാവിലെ.

(2015 ബജറ്റ് അവതരണത്തിന് തലേ ദിവസം (2015 മാര്‍ച്ച്‌ 13) ഫെയ്സ്ബുക്കില്‍ പോസ്റ്റിയത്)
വിശ്വാസികള്‍ക്ക് സമാധാനം ഉണ്ടാകട്ടെ: കേരളത്തിന്റെ പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം, കെ. എം. മാണിയുടെ പതിമൂന്നാം ബജറ്റവതരണം. മാര്‍ച്ച്‌ 13 ന്. അതും ഒരു വെള്ളിയാഴ്ച



എന്നും എപ്പോഴും!

സിനിമയാണ്. നിരൂപണമാണ്.
*****************************************

എന്നും എപ്പോഴും ഒരു മാറ്റവുമില്ലാതെ സിനിമ പിടിക്കുന്ന നമ്മുടെ സ്വന്തം സത്യൻ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ മഞ്ജു വാര്യരും മോഹൻലാലും നായികാ നായകന്മാരായ 'എന്നും എപ്പോഴും' എന്ന ചിത്രത്തെ കുറിച്ചാണ്.
കഥയിലാണോ പ്രശ്നം, കഥാപാത്ര സൃഷ്ടിയിലാണോ പ്രശ്നം അതോ കാണാൻ കേറിയ നമ്മളാണോ പ്രശ്നം എന്നൊന്നുമറിയില്ല. സിനിമ തുടങ്ങുകയാണ്.
മഞ്ജു വാര്യരാണ്, വക്കീലാണ്, ഒരു കുഞ്ഞിന്റെ അമ്മയാണ്. ഒറ്റക്കാണ്.
മോഹൻലാലാണ്, പത്രപ്രവർത്തകനാണ്, നാനോ കാറുണ്ട്, അമ്പതാം വയസിലും അവിവാഹിതനാണ്.
പെണ്ണ് കെട്ടാതെ നടക്കുന്നതിന്റെ കുഴപ്പം കൊണ്ടാണോ എന്നറിയില്ല സ്ഥിരമായി കാറില്‍ പെട്രോൾ ഒഴിക്കാൻ മറക്കുന്ന നായകൻ. സ്വാഭാവികമായും അവർ കണ്ടു മുട്ടേണ്ടതുണ്ട്. പത്രപ്രവര്‍ത്തകന്‍ നായകന്‍ ആണെങ്കില്‍ കണ്ണട കഴുത്തില്‍ തൂക്കണം അതിന് ഒരു വള്ളി വേണം. ഒരു അസിസ്റ്റന്റ് വേണം, അവനെ ഒരു കാരണവുമില്ലാതെ എടാ പോടാ വിളിക്കണം. അമ്പിനും വില്ലിനും അടുക്കാത്ത നായികയും നായകനും ആവണം. അവര്‍ കൂടുതൽ അടുക്കണമെങ്കില്‍ അതിനു പറ്റിയത് നായികയുടെ കുട്ടിക്ക് ഒരു അപകടം ഉണ്ടാകുമ്പോൾ നായകന്‍ അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകുക എന്നതാണ്. എല്ലാം അതാതിന്റെ സമയത്ത് തന്നെ സംഭവിക്കുന്നു. സംവിധായകന്‍ ഏത് കാലത്താണ് സിനിമാ പിടിത്തം തുടങ്ങിയതെന്ന് തെളിയിക്കാന്‍ വേറെ സീനുകള്‍ വേണ്ട. ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടില്ല. അതാണ് സത്യന്‍ അന്തിക്കാടിന്റെ സത്യസന്ധത. സിനിമയുടെ വെള്ളിവെളിച്ചം കണ്ട് വന്ന വഴി മറക്കുന്നവനല്ല ഈ കെ. കെ.
**************************************
എല്ലാം ശുഭ പര്യവസാനിയായി സിനിമ തീരുമ്പോള്‍ ഒരു സംശയം നിങ്ങള്‍ക്ക് തോന്നാം. എന്തിനായിരുന്നു ഇങ്ങനെ ഒരു സിനിമ എന്ന്? പക്ഷെ ഇങ്ങനെ ഒരു സിനിമ വേണം. സത്യന്‍ അന്തിക്കാടിന്റെയും മോഹന്‍ ലാലിന്റെയും അവസാന സിനിമ ഏത് എന്നോ, നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നോ ഏതെങ്കിലും കോടീശ്വരന്‍ പരിപാടിയില്‍ ചോദിക്കുകയാണെങ്കില്‍ ഉത്തരം പറയാന്‍ വേണ്ടി മാത്രം കണ്ടിരിക്കേണ്ട ഒരു ചിത്രം.
***************************************
മനസിലാകാത്ത ഒരു കാര്യം, രാക്ഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ പെന്‍ഷന്‍ പറ്റുന്നില്ല. സിനിമാ നടന്മാരോ സംവിധായകരോ പെന്‍ഷനാകുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രം പെന്‍ഷനാകണമെന്ന് പറയുന്നതിന്റെ യുക്തി എന്താണ്? കുറഞ്ഞ പക്ഷം സത്യന്‍ അന്തിക്കാട്‌ എങ്കിലും സിനിമാ രംഗത്ത്‌ നിന്ന് വിരമിക്കണം.
**************************************
— feeling 100 രൂപക്ക് എന്തോരം കപ്പലണ്ടി മുട്ടായി കിട്ടുമായിരുന്നു!

FB ഇരകള്‍!

അതി മനോഹര നൃത്ത ചുവടുകളുമായി സൂപ്പര്‍ സ്റ്റാറുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ സന്തോഷ്‌ പണ്ഡിറ്റിനെ അവര്‍ തെറി വിളിച്ചു. പുറമേ കാണിക്കുന്ന ജാഡ കളിക്കളത്തില്‍ കുറഞ്ഞു പോയി എന്ന കുറ്റത്തിന് ശ്രീശാന്തിനെ തെറി വിളിച്ചു. സൗത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് അറിയുന്ന ഒരേ ഒരു നടനായിപ്പോയത് കൊണ്ട് പൃഥി രാജിനെയും വെറുതെ വിട്ടില്ല. കാരണവരുടെ മനസ് ആയതു കൊണ്ടാകണം പെണ്ണുങ്ങള്‍ ജീന്‍സ് ഇടുന്നത് ഭംഗിയല്ല എന്ന് പറഞ്ഞ ഗാന ഗന്ധര്‍വ്വനേയും കടിച്ചു കുടഞ്ഞു. മംഗള്‍യാന്‍ വിഷയത്തില്‍ കാര്‍ട്ടൂണ്‍ വരച്ച ന്യൂയോര്‍ക്ക് ടൈംസിനെ തെറി വിളിച്ച മലയാളിയുടെ ആവേശം കണ്ടാല്‍, അവസരം കിട്ടിയിരുന്നെങ്കില്‍ ന്യൂ യോര്‍ക്കില്‍ പോയി നേരിട്ട് തെറി വിളിക്കാനും മടിയില്ല എന്ന് തോന്നും. പത്തോ പന്ത്രണ്ടോ രാജ്യത്ത് മാത്രം കളിക്കുന്ന ക്രിക്കറ്റ് എന്ന കളിയിലെ വെറുമൊരു കളിക്കാരനായ സച്ചിനെ അറിയില്ല എന്ന് പറഞ്ഞ മരിയ ഷറപ്പോവയെ ക്രൂശിലേറ്റി. രഞ്ജിനി ഹരിദാസിനെ ഒന്നിലധികം പ്രാവശ്യം എഫ്ബി വാളില്‍ വലിച്ച് ഒട്ടിച്ചു മലയാളി ശിങ്കങ്ങള്‍. പിന്നെ പ്രിയപ്പെട്ട ലാലേട്ടന്‍, സ്റ്റേജില്‍ തൊണ്ട വേദന കാരണം ചുണ്ടനക്കി പാടിയ കുറ്റത്തിന് പോയത് ഒരു കോടി! നാട്ടുകാരുടെ തെറിയും. അച്ഛനെക്കാള്‍ മികച്ച നടന്‍ മകനാണ് എന്ന് പറഞ്ഞ രാംഗോപാല്‍ വര്‍മ, ദുല്‍ഖറിനെക്കാള്‍ ഫാന്‍സ്‌ മമ്മൂട്ടിക്കാണെന്നു മനസിലായപ്പോള്‍ പതിയെ പിന്‍വാങ്ങി. തെറി കുറേ കേട്ടെങ്കിലും കുഴിമറ്റം ഒറ്റയടിക്ക് അപ്രശസ്ത സാഹിത്യകാരന്‍ എന്ന ദുഷ്പേര് മാറ്റി പ്രശസ്ത സാഹിത്യകാരന്‍ ആക്കി. നന്ദി, ലെഗ്ഗിന്സിന്!
കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും മാണിയും പിണറായിയും കേട്ട തെറികള്‍ ഈ പേജ് താങ്ങാത്തത് കൊണ്ട് തല്ക്കാലം വിട!.
_____________________
എഫ്ബി അടവ് നയം: സാമൂഹ്യ പ്രശ്നങ്ങളില്‍ നിശബ്ദത. സ്വന്തം ഫോട്ടോകള്‍ പോസ്റ്റുക, കിട്ടുന്ന ലൈക്കുകള്‍ കൊണ്ട് തൃപ്തിപ്പെടുക.



Monday, December 16, 2013

ഫെസ്റ്റിവല്‍ ഗുലുമാല്‍!

ഫിലിം ഫെസ്റ്റിവല്‍ ഒരു ആഘോഷമാണ്. സീരിയസായി സിനിമാ കാണാന്‍ വരുന്നവര്‍, ചലച്ചിത്ര പ്രതിഭകളെ പരിചയപ്പെടാന്‍ വരുന്നവര്‍, അവസരങ്ങള്‍ തേടി വരുന്നവര്‍, ആള്‍ക്കൂട്ടത്തില്‍ അലഞ്ഞു തിരിയാന്‍ വരുന്നവര്‍, ഫെസ്റ്റിവലിന്റെ പേരില്‍ ഒരാഴ്ച വീട്ടില്‍ നിന്നിറങ്ങി ഹോട്ടല്‍ മുറിയില്‍ കമ്പനി കൂടി ഓഫായി കിടക്കുന്നവര്‍, അങ്ങനെ വിചിത്ര വേഷക്കാരായ ഒരു കൂട്ടം ആള്‍ക്കാര്‍!

******
ഫെയ്സ്ബുക്കിലെ ഫോട്ടോഗ്രാഫര്‍മാരെ പോലെയാണ് ഫെസ്റ്റിവലിലെ ജനം. കണ്ടുമുട്ടുന്നതില്‍ പകുതിയും സംവിധായകരോ തിരക്കഥാകൃത്തുക്കളോ ആണ്.
"ഞാനൊരു 'സാധനം' ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ച റിലീസ് ആണ്."
"ഓ.. തിരുവനന്തപുരത്ത് ഏത് തീയറ്ററിലാണ് റിലീസ്.?"
"തീയറ്ററില്‍ അല്ല. 'യൂട്യൂബി'ല്‍ ആണ്."
"ആഹാ, ജസ്റ്റിന്‍ ബീബറും ചന്ദ്ര ലേഖയും വന്ന വഴി, അല്ലെ. എല്ലാ ആശംസകളും."

******
" അല്ല ചേട്ടാ കഴിഞ്ഞ ഫെസ്റ്റിവലിന് നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആ താടിക്കാരന്‍ എവിടെ?"
"ഓ, ശശിയോ..? അയാള് വെള്ളമടി നിര്‍ത്തി. ഇനി എന്തോന്ന് കമ്പനി..?"

******
"കുങ്കിടിക്കിന്റെ സിനിമ കണ്ടോ?"
"കുങ്കിടിയോ?"
"ങാ, ആ ചൈനാക്കാരന്‍ സംവിധായകന്‍ ഇല്ലേ 'കുംകിടി'...?"
"കുംകിടി അല്ല കിം കി ഡുക്, കൊറിയക്കാരന്‍.."
"ങാ ആരായാലും അതിലിത്തിരി 'കാണാന്‍' ഉണ്ട്."
(അത്രേ ഉള്ളൂ..)

******
സിനിമ തുടങ്ങുന്നതിന് മുന്‍പ് അടുത്ത സീറ്റിലിരുന്ന രണ്ട് പേര്‍ ഭയങ്കരമാന ചര്‍ച്ച. വിഷയം ലോക സിനിമ തന്നെ.
സിനിമ തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അതിലൊരാളുടെ ഫോണ്‍ ബെല്ലടിച്ചു.
അപ്പുറത്ത് സംസാരിക്കുന്നത് ചെറിയ ശബ്ദത്തില്‍ കേള്‍ക്കാം. .. ഭാര്യയാണ്..
"നിങ്ങള്‍ എപ്പഴാ വരുന്നത്.?"
"ഞാന്‍ താമസിക്കും..."
"വേണ്ട. അവിടെ തന്നെ താമസിച്ചോ.. ഇവിടെ നാളത്തേക്ക് അരിയില്ല, പഞ്ചസാരയില്ല.. "
(സമാധാനപൂര്‍വ്വം ഭര്‍ത്താവ്): "എന്തൊക്കെയാ വാങ്ങേണ്ടത്...?"
(ഡിം.. ഫോണ്‍ കട്ടായി... സമാധാന പൂര്‍ണമായ കുടുംബ ജീവിതത്തില്‍ ലോക സിനിമ ഒരു ഘടകമേയല്ല എന്ന തിരിച്ചറിവില്‍ പുള്ളിക്കാരന്‍ വേഗം സീറ്റ് കാലിയാക്കി.

*******
ആള് കൂടിയാല്‍ പാമ്പ് ചാകില്ല എന്ന പഴഞ്ചൊല്ല് ഫിലിം ഫെസ്റ്റിവലിന് ചേരും.
'സുഹൃത്തുക്കള്‍ കൂടിയാല്‍ സിനിമ കാണല്‍ നടക്കില്ല.' ഈ വര്‍ഷം ആകെ കണ്ടത് 12 സിനിമകള്‍. "സുവര്‍ണ ചകോരം നേടിയ 'പര്‍വിസ്' കാണാന്‍ കഴിഞ്ഞു എന്നതാണ് ആകെ ആശ്വാസം.

*******
വാല്‍: അര്‍നോള്‍ഡ് ഷ്വാസ്നെഗറെ പറയാന്‍ എളുപ്പത്തില്‍ 'ആര്യനാട് ശിവശങ്കരന്‍' ആക്കിയ മലയാളിക്കാണോ കിം. കി ഡൂക്കിനെ 'കുമ്പിടി' ആക്കാന്‍ പ്രയാസം.!

Saturday, January 19, 2013

കവിത - അത്യന്താധുനികം ഉണ്ടാകുന്നത് (ഉണ്ടാക്കുന്നത്)!

മഞ്ഞു വീണ ചതുപ്പ് നിലങ്ങളില്‍ ഞാനെന്റെ കൈക്കോട്ട് ഊരി വെച്ചു. അര്‍ക്കന്‍ അരിശം തീരാതെ ചൂട് കാറ്റായി വീശി. നീ വരില്ലേ പ്രിയേ എന്ന് വിളിച്ചു ചോദിയ്ക്കാന്‍ മൊബൈലില്‍ റേഞ്ചും പോയി. കറുത്ത കാട്ടാളന്റെ നിലവിളി കാതടച്ചു മുഴങ്ങി. കേള്‍വി ശക്തി പോയത് കൊണ്ട് ചെറു മര്‍മ്മരമായി തഴുകി. 
ഒഴുകി ഞാനൊരു നീര്ക്കുമിളയായി സ്വയം അലിഞ്ഞില്ലാതായി. 
"ഛെ. ഇതെന്തോന്നാ മനുഷ്യാ നിങ്ങളീ എഴുതി കൂട്ടുന്നെ." പുറകില്‍ ഭാര്യയുടെ ശബ്ദം കേട്ടാണ് ബോധം വന്നത്. ശെരിയാണല്ലോ. ഒന്ന് കൂടി വായിച്ചു നോക്കി. ഒന്നും മനസിലാകുന്നില്ലല്ലോ. കുറെ നാള്‍ കഥ ഒന്നും എഴുതാത്തതിന്റെ ദോഷമാ. ഇനി എന്ത് ചെയ്യും. ഇത്രയും ടൈപ്പ് ചെയ്തത് വേസ്റ്റ് ആയല്ലോ ദൈവമേ. ഒന്ന് കൂടി വായിച്ചു നോക്കി. ഏതോ ഒരു ഉള്‍പ്രേരണയില്‍ കൈ കീ ബോര്‍ഡിലെ എന്റര്‍ കീയിലേയ്ക്ക് നീങ്ങി. പിന്നെ രണ്ട് - മൂന്ന് വാക്കുകള്‍ വീതം വിട്ട് വിട്ട് എന്റര്‍ കീ അമര്‍ത്തി. 
>>>>>>>>>>>>>>>>>>
മഞ്ഞു വീണ 
ചതുപ്പ് നിലങ്ങളില്‍
ഞാനെന്റെ കൈക്കോട്ട് 
ഊരി വെച്ചു. 
അര്‍ക്കന്‍ അരിശം തീരാതെ 
ചൂട് കാറ്റായി വീശി. 
നീ വരില്ലേ പ്രിയേ 
എന്ന് വിളിച്ചു ചോദിയ്ക്കാന്‍ 
മൊബൈലില്‍
റേഞ്ചും പോയി. 
കറുത്ത കാട്ടാളന്റെ 
നിലവിളി 
കാതടച്ചു മുഴങ്ങി. 
കേള്‍വി ശക്തി
പോയത് കൊണ്ട് 
ചെറു മര്‍മ്മരമായി തഴുകി. 
ഒഴുകി ഞാനൊരു
നീര്ക്കുമിളയായി
സ്വയം അലിഞ്ഞില്ലാതായി. 
>>>>>>>
ആഹാ. എന്ത് മനോഹരമായ കവിത. ഇനി തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഒരു കാട്ടാക്കട ട്യൂണ്‍ കൂടി ഇട്ടാല്‍ സീഡിയിലും ആക്കാം. 

>>>>>
(ഫെയ്സ് ബുക്കിലെ  
എല്ലാ കവികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.)

Sunday, February 5, 2012

ലോകം ഫെയ്സ്ബുക്കിന് മുന്‍പും ശേഷവും

ഒന്ന്.

മാത്തപ്പന് കലശലായ മുട്ടല്‍. എങ്കില്‍ പിന്നെ ഓടി കക്കൂസില്‍ പോയിക്കൂടെ എന്നായിരിക്കും നിങ്ങള്‍ ചോദിയ്ക്കാന്‍ പോകുന്നത്. അത് പറ്റില്ല. അതൊക്കെ പണ്ട്, ഇപ്പോള്‍ കാലം മാറി. ഈമാതിരി സംഗതികളൊക്കെ പത്താളെ അറിയിച്ച് നടത്തിയില്ലെങ്കില്‍ ആളൊരു പഴഞ്ചന്‍ എന്ന് ജനം പറയും. ഇന്റര്‍ നെറ്റ് കണക്ട് ചെയ്ത്, ഫെയ്സ്ബുക്കില്‍ കേറി. ഒരു സ്റ്റാറ്റസ് മെസ്സേജ് ഇട്ടു. "കക്കൂസില്‍ പോകുന്നു. അവിടെ ഇരുന്നു വായിക്കാന്‍ പറ്റിയ പുസ്തകമേതാ സുഹൃത്തുക്കളെ?" അത് തന്നെ കോപ്പി ചെയ്ത് അയ്യായിരം പേരുള്ള മലയാളനാട് ഗ്രൂപ്പിലും പേസ്റ്റ് ചെയ്തു. ഇനിയും ഇവന്മാരുടെ കമന്റു നോക്കിയിരിക്കാനുള്ള ക്ഷമയില്ല. വയറിനകത്ത്‌ നിയമസഭ കൂടിയത് പോലെ ഒരു ബഹളം. അല്ലെങ്കില്‍ തന്നെ വായന പണ്ടേ ഇല്ല. നേരെ കക്കൂസിലേക്ക് ഓടി. പത്തു മിനിട്ട് കഴിഞ്ഞു വന്നു നോക്കി, ഞെട്ടിപ്പോയി. നാല്പത്തിയേഴ് ലൈകും, നൂറ്റിപ്പതിനാറ് കമന്റും. കക്കൂസില്‍ പോയി വന്നതിനേക്കാള്‍ എന്തൊരാശ്വാസം! കമന്റെല്ലാം ഒന്ന് ഓടിച്ചു നോക്കി. തകഴിയുടെ 'തോട്ടിയുടെ മകന്‍' മുതല്‍ ഷഹ്നോന്ന്റെ ഷിറ്റ് വരെ സജെസ്റ്റ് ചെയ്തിട്ടുണ്ട് ഓരോരുത്തര്‍. അപ്പോള്‍ ഞാന്‍ മാത്രമല്ല ഈ പരിപാടിയെ കുറിച് എഴുതിയിട്ടുള്ളത്. ഇനി ആശ്വാസത്തോടെ പോയി കിടന്നു ഉറങ്ങാം. അതിനു മുന്‍പ് ഒരു ശുഭരാത്രി കൂടി പറഞ്ഞിട്ട് പോകാം. അല്ല പിന്നെ.

രണ്ട്


'ചേട്ടോ, അവിടെ ഒന്ന് നിന്നെ.'
'ഓ സാറോ. എന്താ കാര്യം. '
'കുറെ നാളായി കാണാന്‍ ഇല്ലല്ലോ, ബ്രോക്കര്‍ പണി എല്ലാം മതിയാക്കിയോ.'
'മതിയാക്കാനോ അതല്ലേ നമ്മടെ ജീവിത മാര്‍ഗം. ഇപ്പം എല്ലാം ഓണ്‍ലൈന്‍ അല്ലെ കാര്യങ്ങള്‍. വീട്ടിലിരുന്നാല്‍ മതി. അതാ കാണാത്തത്.'
'ഓഹോ. അത് പോട്ടെ. എന്റെ മകള്‍ക്ക് നല്ല ഒരു പയ്യനെ വേണം.'
'അത്രേ ഉള്ളോ? ശെരിയാക്കാം. നല്ല ഒരു പയ്യന്‍ ഉണ്ട്. ആട്ടെ. കുട്ടിക്ക് ഫെയ്സ് ബുക്ക്‌ അക്കൌണ്ട് ഉണ്ടോ?'
'ഫെയ്സ് ബുക്ക്‌ അക്കൌണ്ടോ? അതെന്താ സാധനം,? അവള്‍ക്കു ഫെഡറല്‍ ബാങ്കില്‍ ഒരു അക്കൌണ്ട് ഉണ്ട്. വിദ്യാഭ്യാസ ലോണ്‍ എടുക്കാന്‍ തുടങ്ങിയതാ.'
ഹോ. സാര്‍ ഏത് പഞ്ചായത്തിലാ? ഇപ്പം ഫെയ്സ് ബുക്ക്‌ അക്കൌണ്ട് ഇല്ലാത്തവര്‍ ആരാ?'
'അത്ര ആവശ്യമാണെങ്കില്‍ അത് തുടങ്ങാം, പണ ചെലവ് ഉള്ള കാര്യമാണോ? പിന്നെ ചെറുക്കനെന്താ ജോലി?'
"ചെറുക്കനോ, അവനു ഫെയ്സ് ബുക്കില്‍ തന്നെ ജോലി. അവന്റെ അച്ഛന്‍ പറഞ്ഞത് അവന്‍ രാവിലെ ആറ് മണിക്ക് ഫെയ്സ് ബുക്കില്‍ കേറിയാല്‍ രാത്രി പന്ത്രണ്ടു മണി വരെ ഒരേ ഇരുപ്പാന്നാ. ഭക്ഷണം പോലും കഴിക്കാതെ ജോലി തന്നെ ജോലി. ഇതിനിടക്ക്‌ എന്ത് മാത്രം ലൈക്കും കമന്റും ആണെന്നോ ചെറുക്കന്‍ അടിച്ചു കൂട്ടുന്നത്‌. അവനും കിട്ടും അത് പോലെ ലൈക്കും കമന്റും, എന്ന്."
'അതെയോ? ഈ പയ്യനെ ഒന്ന് കാണാന്‍ എന്താ വഴി?'
'സാറ് ഒരു കാര്യം ചെയ്യ്‌. കൊച്ചിന് ഒരു ഫെയ്സ് ബുക്ക്‌ അക്കൌണ്ട് തുടങ്ങി അതിന്റെ ലിങ്ക് എന്റെ വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യ്‌. ആ ലിങ്ക് ഞാന്‍ ചെറുക്കന് അയച്ചു കൊടുക്കാം. ചെറുക്കന്റെ ലി, ഛെ. ചെറുക്കന്റെ പ്രൊഫൈല്‍ ലിങ്ക് ഞാന്‍ മോള്‍ക്കും അയച്ചു കൊടുക്കാം. അവര് തമ്മില്‍ കാണട്ടെ. ബാക്കി നമുക്ക് പിന്നീടു തീരുമാനിക്കാം."
'ങേ! പെണ്ണ് കാണലും വീട്ടില്‍ ഇരുന്നോ?'
'പിന്നല്ലാതെ. കാലം മാറിയതൊന്നും സാറ് അറിഞ്ഞില്ലേ.'
'ചേട്ടന്‍ പറഞ്ഞതൊന്നും എനിക്ക് മുഴുവന്‍ പിടി കിട്ടിയിട്ടില്ല. കേട്ടോ. എന്നാലും ഞാന്‍ മോളോട് പറയാം. അവള്‍ക്കു എന്തെങ്കിലും മനസിലാവുമായിരിക്കും.'
'എന്നാല്‍ സാറ് വേഗം ചെല്ല്. ഇന്ന് തന്നെ രെജിസ്റ്റര്‍ ചെയ്തോ. ഫീസ്‌ ഓണ്‍ലൈന്‍ ആയി അടക്കാനുള്ള സൗകര്യം വെബ്‌സൈറ്റില്‍ തന്നെ ഉണ്ട്.'
'ശെരി. അപ്പഴേ ചേട്ടാ, ഒരു സംശയം.'
'എന്താ?'
'എത്ര ലൈക്ക് കൊടുത്താല്‍ ഒരു കിലോ അരി കിട്ടും? സ്ത്രീധനമായിട്ടും ലൈക്കും കമന്റും കൊടുത്താല്‍ മതിയോ?'
'..........................'

(ഛെ. ഇയാള് വെറും കണ്ട്രി ആണല്ലോ സുക്കര്‍ബെര്‍ഗെ!)

Thursday, September 15, 2011

മൂന്നു ക്രിക്കെറ്റ് പ്രേമികള്‍!


ഒന്ന്. എന്റെ ഒരു അമ്മാവനാണ്. കക്ഷി ഏതു പാതിരാത്രിയിലും ക്രിക്കെറ്റ് കളി ഉണ്ടെങ്കില്‍ ഉറക്കമൊഴിച്ചിരുന്നു കാണും. കഴിഞ്ഞ ദിവസം ഇന്ത്യ ഇംഗ്ലണ്ട് കളി മഴ കൊണ്ട് പോയ ദിവസം. ഓരോ മഴയുടെ ഇടവേളകളും ചാനല്‍ മാറ്റാതെ ആവേശത്തോടെ കളി കണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ കളി 'ടൈ' ആയെന്ന് സ്ക്രോള്‍ ചെയ്തു തുടങ്ങി. ഇംഗ്ലീഷ് വല്യ പിടി ഇല്ലാത്തതു കൊണ്ട് പുള്ളി അത് ശ്രദ്ധിച്ചില്ല. രാത്രി ര...ണ്ടു മണി വരെ അങ്ങനെ ഇരുന്നു. ഇന്ത്യ ജയിക്കുന്നതും കാത്ത്.

രണ്ട്. മധ്യ വയസ്ക്കന്‍ തന്നെ. തന്റെ കുട്ടികളുടെ പക്കല്‍ നിന്നാണ് കളി നിയമങ്ങള്‍ പഠിച്ചത്. അമ്പയര്‍ 'എല്ബിഡബ്ല്യൂ' അംഗീകരിച്ചാലും കക്ഷി വിട്ടു കൊടുക്കില്ല. അമ്പയറെ തെറി വിളിക്കും. കളി ഉള്ള ദിവസം 'റിമോട്ട്' പുള്ളിയുടെ കയ്യില്‍ സുരക്ഷിതം. പക്ഷെ സീരിയല്‍ തുടങ്ങി കഴിഞ്ഞാല്‍ കളി അവിടെ നില്‍ക്കും. പിന്നെ പരസ്യത്തിന്റെ ഇടവേളകളില്‍ മാത്രം ക്രിക്കെറ്റ്.

മൂന്ന്. പ്രായമായ ഒരു മനുഷ്യന്‍. ക്രിക്കെറ്റ് നിയമങ്ങള്‍ ഒന്നും അറിയില്ല. എന്നാലും പന്ത് അടിച്ച് വേലിക്ക് വെളിയില്‍ കളഞ്ഞാല്‍ 4 റണ്‍ കിട്ടുമെന്നറിയാം. എല്ലാ പന്തും ലൈന്‍ കടക്കണം. അതാണ് പുള്ളിയുടെ ക്രിക്കെറ്റ് ലൈന്‍. ബൌളര്‍ ഓടി വരുമ്പോഴേ കക്ഷി വിളി തുടങ്ങും. 'അടിയെടാ. അടിച്ച് പറത്തെടാ'. കഷ്ട കാലത്തിന് ബാറ്റ്സ്മാന്‍ ബാള്‍ തട്ടിയിട്ടാല്‍ അമ്മാവന്റെ തെറി വിളി ഉറപ്പ്. 'ഇവനൊന്നും കളിയ്ക്കാന്‍ അറിയില്ല. അടിച്ച് പറത്തണ്ടേ... ആരാ ഇവനെയൊക്കെ ടീമില്‍ എടുത്തത്‌....'

Friday, August 12, 2011

റീനിര്‍വേദം


മലയാള സിനിമയിലെ ക്ലാസ്സിക്കുകള്‍ എന്ന് നാം വിശ്വസിച്ചിരുന്ന ചില ചിത്രങ്ങളെ റീമേക്ക് വിദഗ്ദ്ധന്മാര്‍ തല്ലി കൂട്ടി ഒരു വഴിക്കാക്കുന്ന മനോഹരമായ കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അശ്ലീലം പത്മരാജന്‍ എന്നൊരാള്‍ എഴുതിയാലും അശ്ലീലം തന്നെ. പക്ഷെ അത് കാണിക്കുന്ന രീതിയിലാണ്‌ ഭരതനും പി. ചന്ദ്രകുമാറും വ്യത്യസ്തരാകുന്നത്. കുറഞ്ഞപക്ഷം കെ. എസ്. ഗോപാലകൃഷ്ണന്‍ സാറിന്റെ 'മത്തിച്ചാറ് മണക്കണ് മണക്കണ്...' എന്ന ഗാനരംഗമെങ്കിലും രാജീവ്‌ കുമാര്‍ കണ്ടു പഠിക്കേണ്ടതായിരുന്നു. ശ്വേത മേനോന്‍ എന്ന താരം ഇല്ലായിരുന്നെങ്കില്‍ കാണായിരുന്നു കഥ! ഈ ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ക്ക്‌ എന്ത് കിട്ടി എന്ന് ചോദിക്കരുത്. കിട്ടിയത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കാണ്. ഒരു തരം 'റീനിര്‍വേദം'! ഇനി പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ഷക്കീല ചേച്ചിയുടെ റീമേക്ക് ചിത്രങ്ങള്‍ക്കായി കാത്തിരിക്കാം.

Thursday, June 9, 2011

കണ്ടുപിടുത്തം.



ശാസ്ത്രഞ്ജന്‍ പുസ്തകം വായിക്കുകയായിരുന്നു. അതിലെ ഒരു വാചകം അദ്ദേഹത്തിന് വളരെ ഇഷ്ടമായി. 'മദ്യം ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു'. ആഹാ. കൊള്ളാല്ലോ. ഒന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം. അലമാരയില്‍ നിന്നും ഒരു പൈന്റ് എടുത്തു പൊട്ടിച്ചു. പകുതിയോളം അകത്താക്കി. അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്തു. തലയില്‍ ഒരു തരിപ്പ് കേറി തുടങ്ങി. ഇനി ചിന്തകള്‍ ഉദ്ദീപിച്ചു തുടങ്ങും. ബാക്കിയുള്ളതും കൂടി അകത്താക്കി. എന്തൊക്കെയോ തോന്നുന്നുണ്ട്. സാസ്ത്രത്രത്രന്ജന്‍ (ശ്ശെ.. കഥാപാത്രം മദ്യപിച്ചതിന് കഥാകാരന്റെ കൈ കുഴയുന്നത് എന്തിനാണ്?) ശാസ്ത്രഞ്ജന്‍ തെരുവില്‍ കൂടി നടക്കാന്‍ തീരുമാനിച്ചു. ഇന്ന് ഞാന്‍ ചിലതെല്ലാം കണ്ടു പിടിക്കും. ചിന്തകള്‍ക്ക് തീ പിടിക്കുന്നുണ്ട്. ഇനി കണ്ടുപിടിത്തങ്ങള്‍ വരട്ടെ. പക്ഷെ ഉദ്ദീപനത്തിന്റെ അവസാനം ഒന്നും ഓര്‍മയില്ലാതായി. പിറ്റേ ദിവസം തന്റെ കണ്ടു പിടുത്തങ്ങളുടെ പുസ്തകത്തില്‍ ശാസ്ത്രഞ്ജന്‍ ഇങ്ങനെ കുറിച്ചു. "ഒന്ന്: നഗരത്തിലെ സുന്ദരികളായ പെണ്‍കുട്ടികള്‍ കരാട്ടെ പഠിച്ചവരാണ്, രണ്ട്: മദ്യം - ഉറങ്ങാന്‍ ഏറ്റവും പറ്റിയ സാധനമാണ്".

Wednesday, March 9, 2011

പേടി



കവിതയാണെന്ന് വിചാരിച്ചു ആരും താളമിട്ടു വായിക്കരുത്, ഇത് ഒരു കഥയാണ്.. ജീവിത ഗന്ധിയായ ഒരു മിനിക്കഥ.
കഥയുടെ പേര് - പേടി (ഠിം! സിംബല്‍ അടിച്ചതാണ്..)

'ചേട്ടാ എനിക്ക് പേടിയാകുന്നു.'
'എന്തിനാ പേടിക്കുന്നത് .. ഞാനില്ലേ നിനക്ക് '
'ഈ ബന്ധം ആരെങ്കിലും അറിഞ്ഞാല്‍...'
'അറിയില്ല. എന്ത് വന്നാലും ഞാനുണ്ട് '
'ഓര്‍ത്തിട്ടു എനിക്ക് പേടിയാകുന്നു.'
'പേടിക്കണ്ട ... നമുക്ക് ആരും അറിയാത്ത മറ്റെവിടെയെങ്കിലും പോയി ജീവിക്കാം'
'സത്യമാണോ ചേട്ടന്‍ പറയുന്നത്.. '
'സത്യം.'
'അപ്പോള്‍ എന്റെ മകന്‍. '
'അവനെ അയാള്‍ക്ക് കൊടുത്തേക്കൂ.'
'വേണ്ട എനിക്ക് വേണം.'
'ശെരി ആയിക്കോട്ടെ.'
'ചേട്ടന്റെ ഭാര്യ അറിഞ്ഞാല്‍ പ്രശനമാവില്ലേ'
'പ്രശനോം കൊണ്ട് വന്നാല്‍ അവളെ ഞാന്‍ കൊല്ലും.'
'അയ്യോ അത് വേണ്ട. അത് പിന്നേം പ്രശ്നമാവും.'
'എന്നാല്‍ വേണ്ട. അവളെ ഉപേക്ഷിച്ചേക്കാം...'
'ചേട്ടാ ഓര്‍ത്തിട്ടു എനിക്ക് വിറയല്‍ വരുന്നു.'
'നീ ഒന്ന് കൊണ്ടും പേടിക്കണ്ട. ഞാനില്ലേ നിന്നോടൊപ്പം.'
'ചേട്ടാ ബന്ധുക്കളെല്ലാം അറിയില്ലേ..'
'അതൊക്കെ കുറെ കഴിയുമ്പോള്‍ എല്ലാരും മറന്നോളും'
'ചേട്ടന്‍ എന്നെയും ഉപേക്ഷിക്കുമോ'
'ഹും.. എന്റെ പ്രിയയെ ഞാന്‍ ഉപേക്ഷിക്കാനോ.. ഒരിക്കലുമില്ല.'
'കുറെ നാളായി ആ കഷ്മലന്റെ കൂടെ ജീവിച്ചു മതിയായിട്ട്..'
'ഇനി നാളെ മുതല്‍ നമ്മള്‍ നമ്മുടെ മാത്രം സ്വര്‍ഗത്തിലാണ്.'
'എന്നാലും ചേട്ടാ നാട്ടുകാര്‍ എന്ത് പറയും ..'
'അവര് പറയട്ടെ ... എന്താ നമ്മള്‍ പ്രായപൂര്‍ത്തി ആയവരല്ലേ ..'
'ചേട്ടാ എന്റെ പേടി കുറേശ്ശെ മാറി വരുന്നുണ്ട്. '
'നല്ല കാര്യം .. പക്ഷെ എനിക്ക് ചെറിയ പേടി വരുന്നുണ്ട്.. '
'എന്താ... എന്ത് പറ്റി ചേട്ടാ..'
'ആ വരുന്നത് അയാളല്ലേ... നിന്റെ ഭര്‍ത്താവ്..'

Monday, January 31, 2011

ലോക ചരിത്രത്തിലെ ആദ്യത്തെ വെബ് ഇന്ട്രാക്ടീവ് കഥ



ഈ കഥ വായിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ! കാരണം നിങ്ങള്‍ വായിക്കാന്‍ പോകുന്നത് ലോക ചരിത്രത്തിലെ ആദ്യത്തെ വെബ് ഇന്ട്രാക്ടീവ് കഥയാണ്.

മത്തായി ചേട്ടന്‍ ചായക്കട തുറന്നതെ ഉള്ളൂ... ദാ വരുന്നു... മലയാളനാട്ടിലെ പട. എല്ലാം ചായ കുടിച്ചിട്ട് കടം പറഞ്ഞു പോകും. ഇപ്പം ദേ ചായക്കടയുടെ നേരെ എതിരില്‍ അടഞ്ഞു കിടന്ന പീടികമുറി വാടകയ്ക്ക് എടുത്തു അവിടെ ക്ലബ്ബും കൂടി തുടങ്ങിയിരിക്കുകയാണ്. ഇന്നലെ അവിടെ നിന്ന് മുട്ടന്‍ തെറി കേള്‍ക്കാമായിരുന്നു.. ആരെയോ ഔസേപ്പ് എന്ന് വിളിച്ചെന്നോ ഔസേപ്പ് അവനെ തന്തക്കു വിളിച്ചെന്നോ ഒക്കെ പറയുന്ന കേട്ടു. അത് കഴിഞ്ഞു പാതിരാത്രി പന്ത്രണ്ടര വരെ കഥാപ്രസംഗമായിരുന്നു.. കാഥികന്‍ ശ്രീജിത്തും സംഘവും. അടുത്ത വാര്‍ഷികത്തിന് അവതരിപ്പിക്കാനാണത്രേ. മനുഷ്യന് ചെവിതല കേള്‍ക്കണ്ട.
മത്തായി ചേട്ടന്‍ പറ്റു ബുക്ക്‌ എടുത്തു ജെയിംസ്‌ വര്‍ഗ്ഗീസിന്റെ കയ്യിലേക്ക് കൊടുത്തു.
'ഉറക്കെ വായിക്ക്. ചായ പിന്നെ..'
അരുണ്‍ ടോമി - 116 രൂപ . 50 പൈസ
വിജയ്‌ ജോസ് - 98 രൂപ . 50 പൈസ
മുരളി വെട്ടത്ത് - 66 രൂപ . 30 പൈസ
രാജേഷ്‌ - 218 രൂപ .
സേതു പാലൂര്‍ - 22 രൂപ . 50 പൈസ
ഐസക്‌ ന്യൂട്ടണ്‍ - 94 രൂപ . 75 പൈസ
ജോജോ - 87 രൂപ . 50 പൈസ
മാജി കമല്‍ - 128 രൂപ
അബ്ദു - 83 രൂപ . 50 പൈസ
അറിയിപ്പ് : ഈ മാസത്തെ പറ്റ് രണ്ടു ദിവസത്തിനകം തീര്‍ക്കാത്തവര്‍ക്ക് ഫെബ്രുവരി മുതല്‍ കടം കൊടുക്കുന്നതല്ല. മറ്റൊരറിയിപ്പ് : പെട്രോളിന് വില കൂടിയതിനാല്‍ നാളെ മുതല്‍ ചായക്ക് നാലു രൂപ അമ്പതു പൈസ ആയിരിക്കും. കൂടാതെ റൗഫിന്റെ പത്ര സമ്മേളനം ഉള്ള ദിവസം എല്ലാവരും ചായയുടെ കൂടെ വട നിര്‍ബന്ധമായും വാങ്ങണം.
' ചേട്ടോ ഇതില്‍ ശേഖരേട്ടന്റെയും പ്രഭേട്ടന്റെയും പേരുകള്‍ കാണുന്നില്ലല്ലോ ...'
'എടൊ ഓരോരുത്തര്‍ കൂടുതല്‍ സമയം കാണുന്ന സ്ഥലത്ത് പറ്റു ബുക്ക്‌ കൊടുത്തയച്ചിട്ടുണ്ട്. അവരുടെ പറ്റു കാണണമെങ്കില്‍ ദാ ഇവിടെ ക്ലിക്ക് ചെയ്യ്‌.
http://www.mangalathop.com/webstory/link1.html
'അപ്പഴേ ചേട്ടാ പെട്രോളിന് വില കൂട്ടിയതിനു ചേട്ടന്‍ ചായക്ക് വില കൂട്ടിയതെന്തിനാ?'
'എടാ അത് ഞാന്‍ വീട്ടില്‍ നിന്ന് സ്കൂട്ടറില്‍ അല്ലെ കട വരെ വരുന്നത്, അതില്‍ പെട്രോള്‍ നിന്റെ അമ്മായി അപ്പന്‍ ഒഴിച്ച് തരുമോ..'
'ചേട്ടാ അത് പോട്ടെ, ഈ സേതുവിന്‍റെ പറ്റു വളരെ കുറവാണല്ലോ. അങ്ങേരു കള്ളകണക്ക് എഴുതിയതാണോ?'
'അയ്യോ അല്ലടാ ഇത്രയും നല്ലൊരു മനുഷ്യനെ കുറിച്ച് അപവാദം പറയാതെ. അങ്ങേരു ഇവിടെ നിന്ന് ചായ മാത്രമല്ലെ കുടിക്കാറുള്ളൂ. ഉള്ളി വടേം പരിപ്പ് വടേം അയാള് വീട്ടീന്ന് ഉണ്ടാക്കി കൊണ്ട് വരുന്നതല്ലേ ഇവിടെ വെച്ച് കഴിക്കുന്നത്‌. ഒരു ദിവസം ഞാനയ്യാളുടെ പാചക പുസ്തകം എടുത്തു അടുപ്പിലിടും. ഒരു ചായക്കുള്ള തീ കിട്ടും. നോക്കിക്കോ..'
'ചൂടാവണ്ട ചേട്ടാ. അപ്പഴേ നമ്മടെ ദിവ്യയും ഗീത ചേച്ചിയും ഇവിടെ വന്നു പഴം പൊരി പാഴ്സല്‍ വാങ്ങി കൊണ്ട് പോകാറുണ്ടല്ലോ , അവരുടെ കണക്കെവിടെ ?
'അവരുടെ കണക്ക് ദാ ഇവിടെ ക്ളിക്കിക്കോ .. അവിടെ പതിപ്പിച്ചിട്ടുണ്ട്.'
http://www.mangalathop.com/webstory/link2.html
'ആ മുജീബിന്റെ കണക്കും കാണാന്‍ ഇല്ലല്ലോ.. '
'അവന്റെ കണക്ക് അവന്റെ ഫേക്ക് പ്രൊഫൈലിന്റെ വാളില്‍ പതിപ്പിച്ചിട്ടുണ്ട്. അവിടല്ലേ അവന്‍ കൂടുതല്‍ സമയവും.. സൈറ്റ് വിസിറ്റ് എന്നൊക്കെ പറയുന്നത് ചുമ്മാതല്ലെ. MBBS നു പഠിക്കുന്നെന്നു പറഞ്ഞു പെണ്പിള്ളാരുമായിട്ടു സൊള്ളലാണന്നേ.. '
'സന്തോഷ്‌ മാഷിന്റെ കണക്കും കാണാനില്ല '
'അത് ഞാന്‍ ദാ ഈ പ്രൊഫൈലിന്റെ
http://www.facebook.com/profile.php?id=100001013651368
ഇന്ബോക്സിലേക്ക് വിട്ടിട്ടുണ്ട്. കയ്യില്‍ കൊടുത്താല്‍ അപ്പോള്‍ തന്നെ കഥയാണെന്ന് പറഞ്ഞു മലയാള നാട് വാരികയില്‍ പോസ്റ്റും!'
'ചേട്ടാ ഈ രാജേഷിന്റെ പറ്റെന്താ വളരെ കൂടുതലാണല്ലോ.'
'അതെ, ഇവനില്ലേ ഇവന്‍ ...
http://www.facebook.com/profile.php?id=100000611485671&ref=ts
അവന്റെ പറ്റും കൂടി രാജേഷിന്റെ പറ്റില്‍ ചേര്‍ത്തു. ഏതോ മസായി പെണ്ണുങ്ങളുടെ കുളിസീന്‍ നോക്കി നിന്നതിനു മസായികളുടെ അടി വാങ്ങി അവന്‍ ഹോസ്പിറ്റലിലാ... അടി കിട്ടിയാലെന്താ, സീന്‍ കണ്ടില്ലേ.'
'അതാരാ ഓടി വരുന്നത് ... കാഥികന്‍ ശ്രീജിത്ത്‌ VTN അല്ലെ.'
'ചേട്ടാ വേഗം കട പൂട്ടിക്കോ, അവര് വരുന്നുണ്ട്. അതിനു മുന്‍പ് ഒരു ചായ ഇങ്ങേടുത്തോ.. മത്തായി ചേട്ടന്റെ ചായ കുടിച്ചില്ലെങ്കില്‍ ഇന്നത്തെ 'രാവിലത്തെ' കാര്യങ്ങള്‍ എല്ലാം മുടങ്ങും.'
'എന്താ മാഷെ കാര്യം പറ. ആരാ വരുന്നത്?'
വേഗം കട പൂട്ടീട്ട് ഇവിടെ ക്ലിക്കിക്കോ ...
http://www.mangalathop.com/webstory/link3.html

Saturday, January 29, 2011

സംഭവിച്ചത് നല്ലതിന്, സംഭവിക്കാന്‍ പോകുന്നതും നല്ലതിന്.



ഒരു അവധി ദിവസം രാവിലെ . കുട്ടികള്സ്വീകരണ മുറിയില്ടീവി കണ്ടിരിയ്ക്കുകയാണ്. വീട്ടിലേയും അയലത്തേയും ബന്ധു വീട്ടിലേയും കുട്ടികള്ഉണ്ട്. അഞ്ചു വയസ്സ് മുതല്പതിനാറു വയസ്സ് വരെ പല പ്രായത്തിലുള്ള ഏഴെട്ടു കുട്ടികള്‍.. ഒരാള്ക്ക് 'പോഗോ', വേറൊരാള്ക്ക് 'കാര്ട്ടൂണ്നെറ്റ്വര്ക്ക് ' മറ്റൊരാള്ക്ക്‌ ' നാഷണല്ജിയോഗ്രഫിക് ' ഇനിയൊരാള്ക്ക് ഹിന്ദി പാട്ട് മതി. ' അത് വയ്ക്ക് ' , 'ഇത് വയ്ക്ക് ' ആകെ ബഹളം. 'റിമോട്ട് ' കയ്യിലിരിക്കുന്നവന്അത് നഷ്ടപ്പെടാതിരിക്കാന്പരമാവധി ശ്രമിച്ചു കൊണ്ടാണ് ചാനലുകള്മാറ്റുന്നത്. അപ്പോഴാണ് 'ഗള്ഫില്‍ ' നിന്നും അവധിക്കു നാട്ടില്വന്ന 'മൂത്താപ്പ' അങ്ങോട്ട്വന്നത്. കുശല പ്രശ്നത്തോടെ അദ്ദേഹവും കുട്ടികളോടൊപ്പം കൂടി. ബഹളം കുറച്ചൊന്നു കുറഞ്ഞു. റിമോട്ട് കയ്യിലിരുന്നവന്‍ 'കാര്ട്ടൂണ്നെറ്റ് വര്ക്കില്‍ ' നിന്ന് 'AXN ' ചാനലിലേക്ക് ചാടുന്നതിനു ഇടയ്ക്കു 'മനോരമ ന്യൂസ്‌ ' ചാനലില്ഒന്ന് ഉടക്കി. BJP യുടെ ഏകതാ യാത്രയെ കുറിച്ച് ഭയങ്കരമാന ചര്ച്ച. കുട്ടികള്ക്ക് ഒന്നും മനസ്സിലായില്ല. അടുത്ത ചാനലിലേക്ക് റിമോട്ട് അമര്ന്നു.

' നിക്ക് നിക്ക് മോനെ, അതെന്താണെന്ന് കേള്ക്കട്ടെ' മൂത്താപ്പ ഇടപെട്ടു. ചാനല് വീണ്ടും പിറകോട്ട്. 'മനോരമ ന്യൂസ്‌ ' ചാനലില്വന്ന് നിന്നു. കൂടെ ഒരു ഉപദേശവും. "വാര്ത്തവരുമ്പോള്അത് വയ്ക്കണം. വാര്ത്തകഴിഞ്ഞിട്ട് നിങ്ങള്എന്ത് വേണേലും കണ്ടോ."

കുട്ടികള്അക്ഷമരായി ക്ലോക്കില്നോക്കി. സമയം 9 :50.

വാര്‍ത്ത‍ തീരാന്‍ ഇനിയും 10 മിനിട്ട് ഉണ്ട്. കുട്ടികള്‍ പരസ്പരം പിടിവലി കൂടിയും ചലപില സംസാരിച്ചും സമയം പോക്കി. മൂത്താപ്പ മാത്രം വാര്‍ത്ത‍ ശ്രദ്ധിച്ചു. ഒരു വിധം വാര്‍ത്ത‍ കഴിഞ്ഞു. ആശ്വാസത്തോടെ റിമോട്ട് കയ്യിലിരുന്ന കുട്ടി 'പോഗോ' ലക്ഷ്യമാക്കി റിമോട്ടില്‍ വിരലമര്‍ത്തി. ചെന്ന് നിന്നത് 'ഇന്ത്യാവിഷനില്‍ ' ! 21 കോടി കള്ളപ്പണം... ചര്‍ച്ച തന്നെ.. അവന്‍ അത് ശ്രദ്ധിക്കാതെ അടുത്ത ചാനലിലേക്ക്.. .
'മോനെ നിക്ക് .. അത് കേള്‍ക്കട്ടെ.. ' മൂത്താപ്പ.
ഇന്ത്യാവിഷനില്‍ സ്റ്റോപ്പ്‌ . കുട്ടികള്‍ പരസ്പരം നോക്കി. വീണ്ടും ചലപില തുടങ്ങി. കാര്‍ട്ടൂണ്‍ കാണാന്‍ പറ്റാത്തതില്‍ വിഷമവുമുണ്ട്‌. പ്രായമായ ആളല്ലേ .. എങ്ങനെ പറയും.. കടിച്ചു പിടിച്ചു അര മണിക്കൂര്‍ കടന്നു പോയി. വാര്‍ത്ത‍ കഴിഞ്ഞു. കുട്ടിയുടെ കയ്യ് വീണ്ടും റിമോട്ടില്‍ അമര്‍ന്നു. ചെന്ന് നിന്നത് 'ഏഷ്യാനെറ്റ്‌ ന്യൂസില്‍ '. ആകെ കുടുങ്ങി.. അവിടെ ബ്രേക്കിംഗ് ന്യൂസ്‌. കുഞ്ഞാലി കുട്ടിയെന്നോ , റൌഫ് എന്നോ എന്തൊക്കെയോ പറയുന്നു..
'വടി കൊടുത്തു അടി വാങ്ങിയല്ലോ.. ' മൂത്താപ്പ ഉഷാറിലാണ്. കുട്ടികള്‍ എഴുന്നേറ്റു തുടങ്ങി. അര മണിക്കൂര്‍ കഴിഞ്ഞു വരം. അടുക്കളയിലും മുറ്റത്തും കറങ്ങി തിരിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞു കുട്ടികള്‍ വീണ്ടുമെത്തി. റിമോട്ട് മൂത്താപ്പയുടെ കയ്യിലാണ്. ചാനല്‍ പീപ്പിളില്‍ എത്തി നില്‍ക്കുന്നു. വാര്‍ത്ത‍ തുടങ്ങിയതെ ഉള്ളു. കുഞ്ഞാലി കുട്ടിയും റൌഫും പോയിട്ടില്ല.
കുട്ടികള്‍ വീണ്ടും പുറത്തേക്ക്.
' എടീ അഞ്ജു, കുഞ്ചു , ആഷിക്കെ, എല്ലാരും വാ. നമുക്ക് കൊത്തങ്കല്ല് കളിക്കാം.. കാര്ട്ടൂണൊക്കെ ഇനി മൂത്താപ്പാടെ ലീവ് കഴിഞ്ഞിട്ട്.
കൂട്ടത്തില്‍ മുതിര്‍ന്ന ഒരു കുട്ടിയുടെ ആത്മഗതം: ഇനി ആ നികേഷ് കുമാറും ലീഗും മുരളിയും എല്ലാരും കൂടി ചാനലുമായി വന്നാല്‍ എന്താ സ്ഥിതി!

Thursday, January 20, 2011

ഒരു യാത്രയുടെ തുടക്കവും അന്ത്യവും



" You are nothing, still you are zero !"
അവര്‍ അവന്റെ വ്യക്തിത്വത്തിന്റെ തലയ്ക്കടിച്ചു. ബോധം വീണപ്പോള്‍ അവന്‍ അസ്ഥിത്വ ദുഃഖത്തിലയിരുന്നു. അസ്ഥിത്വം തേടി അവന്‍ യാത്ര തുടങ്ങി. ഇരുണ്ട ഗുഹകളും ആഴമേറിയ ഗര്‍ത്തങ്ങളും കടന്നു അവന്‍ ഒരു കുന്നിന്‍ മുകളിലെത്തി. ആ മലയിറങ്ങിയാല്‍ യാത്ര തീരുമെന്ന് അവന്‍ പ്രതീക്ഷിച്ചു. ചെറിയ കാട്ടുവഴിയില്‍ നിറയെ മുള്ളുകളായിരുന്നു. കാല് പൊട്ടി രക്തം ഒഴുകികൊണ്ടേയിരുന്നു. എന്നാല്‍ മലയിറങ്ങി കഴിഞ്ഞാല്‍ ഒരു ചെറിയ കാട്ടരുവിയും പുല്‍മേടും അവന്‍ സ്വപ്നം കണ്ടു. അവിടെ നിന്ന് ശരീരം തണുക്കുന്നത് വരെ മുങ്ങിക്കുളിക്കണം. എന്നിട്ട് ആ പുല്‍മേടിലെ തണലില്‍ മലര്‍ന്നു കിടക്കണം. പക്ഷെ മലയിറങ്ങി കഴിഞ്ഞപ്പോള്‍ അവനു മനസ്സിലായി, അവിടെ മുഴുവന്‍ ചതുപ്പ് നിലമായിരുന്നു. കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലുമില്ല. ഒരു തെളിനീരുറവക്കു വേണ്ടി അവന്‍ ചുറ്റും നോക്കി. പക്ഷെ പരന്നു കിടക്കുന്ന ചതുപ്പ് നിലം മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. വീണ്ടും കാല്‍ നീട്ടി വെച്ച് അവന്‍ യാത്ര തുടര്‍ന്നു. മുള്ളുകള്‍ കൊണ്ട് പൊട്ടിയ മുറിവുകളില്‍ ചെളി കേറി അടഞ്ഞു. അടക്കാനാവാത്ത വേദന. പക്ഷെ യാത്ര തുടങ്ങിയതിനാല്‍ അത് അവസാനിപ്പിക്കാതെ നിവര്ത്തിയില്ല. എന്തെങ്കിലും ആലോചിച്ചു നടന്നാല്‍ ഈ വേദനയും യാത്രയുടെ ദൂരവും മറക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ഓര്‍ക്കാന്‍ മധുരമുള്ള ഓര്‍മ്മകള്‍ ഒന്നുമില്ല, എല്ലാം വേദന നിറഞ്ഞത്‌. എന്നാല്‍ ഇപ്പോള്‍ ഞാനിവിടെ വരെയെത്തി എന്ന് അത്മവിശ്വാസമാര്‍ജ്ജിക്കാന്‍ അവന്‍ ശ്രമിച്ചു. 'അസ്ഥിത്വം' എന്ന വാക്ക് ആദ്യം കേട്ടതെവിടെയാണ് ? സ്നേഹിച്ച പെണ്‍കുട്ടിയോട് 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്ന് പറഞ്ഞപ്പോള്‍ അവളുടെ മറുപടിയായിരുന്നു. " ഞാന്‍ എന്റെ അസ്ഥിത്വം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്, എനിക്കാരെയും സ്നേഹിക്കാന്‍ കഴിയില്ല". (അല്ലെങ്കില്‍ എന്തിനാണ് സ്നേഹിക്കുന്നത്?) അവസാനം അവള്‍ അസ്ഥിത്വം കണ്ടെത്തി അവള്‍ സ്നേഹിച്ച ഒരാളിന്റെ കൂടെ പോയി. അവിടെയാണ് അവളുടെ അസ്ഥിത്വം. അപ്പോള്‍ ഞാന്‍ ആരാണ്? വേണ്ട, ഞാന്‍ സ്വയം ക്രൂശിക്കാന്‍ പാടില്ല. ഇതാ ഈ ചതുപ്പ് നിലം തീരാറായിരിക്കുന്നു. ഒരു തണുത്ത കാറ്റു വീശി കടന്നു പോയി. മേഘങ്ങള്‍ ഇതാ തൊട്ടടുത്ത്‌ കൂടി പറന്നു പോകുന്നു. അതാ ഒരു പുല്‍ത്തകിടി. ഒരു അരുവിയുടെ കളകള ശബ്ദമല്ലേ കേള്‍ക്കുന്നത്. എല്ലാവര്ക്കും ഒരു ദിവസം വരും എന്ന് പറഞ്ഞതെത്ര ശെരി. ഇതാ ഇന്ന് എന്റെ ദിവസമാണ്. എനിക്കുറക്കെ ഒരു പാട്ട് പാടണം. അവന്‍ നദിക്കരയിലെത്തി. നിറഞ്ഞൊഴുകുന്ന പുഴ. എല്ലാം മറന്നു അവന്‍ നദിയിലേക്ക് എടുത്തു ചാടി.
'രാത്രി കിടക്കുന്നത് കട്ടിലിലും രാവിലെ എണീക്കുന്നത് തറയില്‍ നിന്നും. എന്തൊരു മറിമായമെന്റീശ്വരാ! ക്ലോക്കില്‍ നോക്കി. മണി എട്ടു കഴിഞ്ഞു. പല്ലുതേപ്പ്, കുളി, ചായ, ട്രെയിന്‍, ഓഫീസ്, .... എന്റെ ദൈവമേ...

Wednesday, January 19, 2011

"നിന്റെ ഒടുക്കത്തെ അതിമോഹം അഥവാ ഫെമിനിസ്റ്റുകള്‍ ആരാണെന്നു നിനക്കറിയില്ലെടാ തെണ്ടീ"



പല വാരികകളിലേക്കും പ്രസ്സ്ദ്ധീകരണത്തിന് അയച്ചു കാത്തിരുന്നിട്ടും സെന്‍സര്‍ ബോര്‍ഡിലെ അതിക്രൂരന്മാരും സ്ത്രീ വിദ്ദേഷികളുമായ പുരുഷ കേസരികള്‍ നിഷ്കരുണം തള്ളിക്കളഞ്ഞ എന്റെ ഈ മിനിക്കഥ മലയാളനാട്ടിലെ ലക്ഷോപലക്ഷം ഫെമിനിസ്റ്റു സുഹൃത്തുക്കള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു.. നിങ്ങള്‍ വായിച്ചിട്ട് പറയൂ. ഞാന്‍ ഇതില്‍ എവിടെയാണ് പുരുഷനെ ആക്ഷേപിചിട്ടുള്ളതെന്ന്.. ( ഒരു കാര്യം കൂടി. ഇവിടെ പോസ്റ്റിയത്തിനു ശേഷം " അന്‍സാറിന്റെ ഈ കഥ ഇത്തവണ ഞങ്ങളുടെ വാരികയില്‍ ഇടുന്നു സമ്മതമാണല്ലോ അല്ലേ? " എന്ന് പറഞ്ഞു ഇത് കാണുന്ന ഏതെങ്കിലും ചീഫ് എഡിറ്ററിന്റെ മെസ്സേജ് വരരുത്........... വന്നാല്‍ ........ ചിലപ്പോള്‍ ഞാന്‍ സമ്മതിച്ചു പോകും.)

കഥയുടെ പേര് : "നിന്റെ ഒടുക്കത്തെ അതിമോഹം അഥവാ ഫെമിനിസ്റ്റുകള്‍ ആരാണെന്നു നിനക്കറിയില്ലെടാ തെണ്ടീ"

പുരുഷന്‍ : ഇനിയും എനിക്ക് കാത്തിരിക്കാന്‍ വയ്യ പ്രിയേ..
സ്ത്രീ: എനിക്കും
പുരുഷന്‍ : നീ എന്റെ ആരാണ്?
സ്ത്രീ: നിന്റെ ഭാര്യയാകാന്‍ വിധിക്കപ്പെട്ടവള്‍.
പുരുഷന്‍ : ഞാനോ ?
സ്ത്രീ: എന്റെ ഭാവി വരന്‍
പുരുഷന്‍ : കല്യാണം കഴിഞ്ഞാല്‍ നീ എന്നെ എന്ത് വിളിക്കും?
സ്ത്രീ: നിനക്കൊരു പേരില്ലേ, അത് വിളിക്കാം
പുരുഷന്‍ : പേരോ? അത് പാപമല്ലേ
സ്ത്രീ: അത് പണ്ട്. ഇപ്പോള്‍ അത് ഫാഷന്‍
പുരുഷന്‍ : ഭാരത സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ മൂന്നടി പിന്നിലാണ് സ്ഥാനം.
സ്ത്രീ: അത് 'മനു' എന്ന പുരുഷ കേസരി എഴുതിയ വിഡ്ഢിത്തമല്ലേ ..
പുരുഷന്‍ : ങേ ! തര്‍ക്കിക്കാനാണോ ഭാവം..?
സ്ത്രീ: ഈ ലോകത്തില്‍ ഓരോ പുല്‍ക്കൊടിക്കും പ്രതികരിക്കാനുള്ള അവകാശമുണ്ട്‌.
പുരുഷന്‍ : പുരുഷനില്ലാതെ സ്ത്രീക്ക് ഈ ലോകത്തില്‍ നിലനില്‍പ്പുണ്ടോ?
സ്ത്രീ: സ്ത്രീയില്ലാതെ പുരുഷനുണ്ടോടോ ?
പുരുഷന്‍ : പിന്നെങ്ങനെ സ്ത്രീ അബലയും പുരുഷന്‍ ശക്തിയുമായി.
സ്ത്രീ: സ്വന്തം ബലഹീനത മറക്കാന്‍ പുരുഷന്‍ കണ്ടുപിടിച്ച വാക്കല്ലേ അബല.
പുരുഷന്‍ : അപ്പോള്‍ ആരാണ് സ്ത്രീ?
സ്ത്രീ: ഏദന്‍ തോട്ടത്തില്‍ വിഡ്ഢിയായ പുരുഷനെ പ്രലോഭിപ്പിച്ച അതെ ഹവ്വയുടെ ശക്തി.
പുരുഷന്‍ : തര്‍ക്കം വേണ്ട, മൂന്നടി പിറകില്‍ നടക്കണ്ട , ഞാന്‍ ഒപ്പം നടത്താം
സ്ത്രീ: വേണ്ടാ. വിഡ്ഢികളുടെ മുന്നില്‍ നടക്കണം എനിക്ക്
പുരുഷന്‍ : നീയാര് രാജകുമാരിയോ?
സ്ത്രീ: അല്ല സ്ത്രീ!
പുരുഷന്‍ : അപ്പോള്‍ ഞാനോ?
സ്ത്രീ: പുരുഷനെന്ന കീടം
പുരുഷന്‍ : നമ്മുടെ വിവാഹം?
സ്ത്രീ: നിന്റെ നടക്കാത്ത സ്വപ്നം.

Thursday, July 1, 2010

"ഒരു ലങ്കന്‍ വീരഗാഥ"



മരണമില്ലാത്ത ഒന്നിന്റെ പേര് പറയു. രാവണന്സീതയോട് ചോദിച്ചു.

'പ്രേമം !' സീതയുടെ ഉത്തരം ശെരിയായിരുന്നിട്ടും രാവണന് അതിഷ്ടപ്പെട്ടില്ല. കാരണം സീതയുടെ ഓരോ ശെരിയുത്തരങ്ങളും രാവണന്റെ അവസരങ്ങള്കുറച്ചു കൊണ്ട് വരും. രാവണന്സീതയെ അശോകവനിയില്തട്ടിക്കൊണ്ടു വന്നു പാര്പ്പിച്ചിരിക്കുകയാണ്. സീത കരഞ്ഞപേക്ഷിച്ചത് കൊണ്ട് രാവണന്ഒരു വ്യവസ്ഥ വെച്ചു.

"ഞാന്മൂന്നു ചോദ്യങ്ങള്ചോദിക്കും. മൂന്നിനും ശെരിയുത്തരം പറഞ്ഞാല്നിന്നെ വെറുതെ വിടാം. അതല്ല ഒരുത്തരം തെറ്റിയാല്പോലും നീ എന്റെ ഭാര്യയാകേണ്ടി വരും."

അനുസരിക്കാതെ സീതയ്ക്ക് നിവര്ത്തിയില്ലാതെ വന്നു. ഇന്നലത്തെ ചോദ്യത്തിനും ശെരിയുത്തരം പറഞ്ഞു. ഇനി നാളെ ഒരു ചോദ്യം കൂടി.

'ശ്രീരാമകൃഷ്ണ പരമഹംസരെ കാത്തുരക്ഷിക്കണേ'. രാവണന്നാളത്തെ ചോദ്യത്തിനെ കുറിച്ച് ആലോചിക്കാന്കോട്ടയിലേക്ക് പോയ തക്കം നോക്കി സീത മേലോട്ട് നോക്കി കൈകള്കൂപ്പി.

ശ്രീരാമകൃഷ്ണ പരമഹംസര്സ്വര്ഗത്തിലിരുന്നു കൈ മലര്ത്തി. "എനിക്കിതില്കൈകടത്താന്പറ്റില്ല. സീത മോള്ഒരു കാര്യം ചെയ്യ്‌. അപ്പുറത്തെ മുറിയില്വൈക്കത്തുള്ള ഒരു മുഹമ്മദ്ബഷീര്ഉണ്ട്. അയാളോട് ഒന്ന് വിളിച്ചപേഷീര് ! പുള്ളിക്ക് പ്രത്യേകിച്ച് സ്ത്രീകളോട് കരുണയുള്ള കൂട്ടത്തിലാ. അതുമല്ല, ചോദ്യോത്തരം പരിപാടിയില്ദൂരദര്ശനില്ഒന്നാം സ്ഥാനം കിട്ടിയ ആളുമാണ്." ഉപദേശം സ്വീകരിച്ചു സീത കരഞ്ഞപേക്ഷിച്ചു. "വൈക്കം ബഷീറിക്കാ എന്നെ കാത്തു രക്ഷിക്കണേ,.." അദ്ദേഹം കയ്യോടെ അപേക്ഷ സ്വീകരിച്ചു. "രക്ഷിക്കാം, പക്ഷെ ഒരു കണ്ടീഷന്‍ . ഞാന്ചോദിക്കുന്ന മൂന്ന് ചോദ്യങ്ങള്ക്ക് ഉത്തരം തരണം. സമ്മതമാണോ".

"സമ്മതം. പടച്ചവനെ ഇത് പട പേടിച്ചു ....."

"നിര്ത്ത് നിര്ത്ത് .. അത് തന്നെയാണ് എന്റെ ആദ്യ ചോദ്യം. പഴഞ്ചൊല്ല് ലോകത്തിലാദ്യമായി പറഞ്ഞതാര്? "

സീത ഒന്ന് ആലോചിച്ചു ഉടനെ ഉത്തരം കൊടുത്തു. " ഭാര്യയെ പേടിക്കുന്ന ഒരു പാവം ഭര്ത്താവ് "

"ഉത്തരം ശെരിയാണ്‌, വിശദമാക്കാമോ"

"വിശദമാക്കാനൊന്നും പറ്റില്ല. അതൊന്നും നേരത്തെ പറഞ്ഞിട്ടില്ലല്ലോ, അടുത്ത ചോദ്യം ചോദിക്കൂ സമയമില്ല."

"ശെരി, മുട്ടിയാലും തുറക്കാത്ത വാതില്എവിടെയാണ് ? "

"അകത്താളിരിക്കുന്ന ടോയ്ലെറ്റിന്റെ വാതില്‍""

"ശെരി, അടുത്ത ചോദ്യം, കാണാന്പറ്റാത്ത ഒന്നിന്റെ പേര് പറയു."

"സ്ത്രീയുടെ മനസ് " മുട്ടത്തു വര്ക്കിയുടെ നോവലുകള്വായിച്ചതു ഇപ്പോള്ഉപയോഗമായി. സീത മനസ്സിലോര്ത്തു.

"ശെരിയായ ഉത്തരം, എന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങള്ക്കുണ്ടാകട്ടെ. നാളത്തെ ദിവസം നിന്റെതാകട്ടെ, വിജയീ ഭവതി "

പിറ്റേന്ന് സായാഹ്ന്നത്തില്രാവണന്റെ പുറപ്പാട്.

"ഉത്തരം പറയാന്നിങ്ങള്തയ്യാറാണോ? " രാവണന്റെ അട്ടഹാസമുയര്ന്നു.

"എന്റെ ചോദ്യമിതാ, ഒരു ദിവസത്തില്നമ്മുടെ മലയാളം ചാനലുകളില്ആകെ എത്ര റിയാലിറ്റി ഷോകള്സംപ്രേഷണം ചെയ്യുന്നുണ്ട്. ?"

സീത വിരലുകള്മടക്കി ഒരു ശ്രമം നടത്തി. ഒരു ഞെട്ടല്‍, ശരീരമാസകലം ഒരു വിറയല്പടര്ന്നു കേറി. അറിയില്ല. എനിക്കറിയില്ല.

വിരലുകള്മടക്കി ഒരു വൃഥാ ശ്രമം കൂടി നടത്തി. പന്ത്രണ്ടു ചാനലുകള്‍, വൈകിട്ട് അഞ്ചു മണി മുതല്പത്തു മണി വരെ റിയാലിറ്റി...

കവിത, പാട്ട്, കൂത്ത്‌, ആട്ടം, കോമഡി, കഥാപ്രസംഗം, മാപ്പിളപ്പാട്ട്, സാഹസികന്മാര്ക്ക്, പേടിതൊണ്ടന്മാര്ക്ക്, തടി കൂടിയവര്ക്കും ഇല്ലാത്തവര്ക്കും ജൂനിയര്‍, സീനിയര്‍, വയസായവര്ക്കും എന്ന് വേണ്ട പ്രസവിച്ച സ്ത്രീകള്ക്ക് പ്രത്യേകിച്ചും,

എന്റെ രാവണാ , എന്നോടീ ചതി വേണ്ടായിരുന്നു.. നീ ആകെ 'സീരിയലിന്റെ' എണ്ണം ചോദിച്ചിരുന്നെങ്കിലും പറയാമായിരുന്നു..സീത രാവണനെ ദയനീയമായി ഒന്ന് നോക്കി. പിന്നെ സീതയുടെ ബോധം മറഞ്ഞു.

.. .. .. രാവണന്അട്ടഹസിച്ചു. ഉത്തരം തെറ്റി. നാളെ കഴിഞ്ഞാല്മാംഗല്യം! പക്ഷെ രാവണന്റെ കണക്കു കൂട്ടലുകളും തെറ്റി. അതാ ആരവമുയരുന്നു. ഹനുമാന്റെ വരവാണ്.. ശേഷം രാമായണം.