Thursday, January 20, 2011

ഒരു യാത്രയുടെ തുടക്കവും അന്ത്യവും



" You are nothing, still you are zero !"
അവര്‍ അവന്റെ വ്യക്തിത്വത്തിന്റെ തലയ്ക്കടിച്ചു. ബോധം വീണപ്പോള്‍ അവന്‍ അസ്ഥിത്വ ദുഃഖത്തിലയിരുന്നു. അസ്ഥിത്വം തേടി അവന്‍ യാത്ര തുടങ്ങി. ഇരുണ്ട ഗുഹകളും ആഴമേറിയ ഗര്‍ത്തങ്ങളും കടന്നു അവന്‍ ഒരു കുന്നിന്‍ മുകളിലെത്തി. ആ മലയിറങ്ങിയാല്‍ യാത്ര തീരുമെന്ന് അവന്‍ പ്രതീക്ഷിച്ചു. ചെറിയ കാട്ടുവഴിയില്‍ നിറയെ മുള്ളുകളായിരുന്നു. കാല് പൊട്ടി രക്തം ഒഴുകികൊണ്ടേയിരുന്നു. എന്നാല്‍ മലയിറങ്ങി കഴിഞ്ഞാല്‍ ഒരു ചെറിയ കാട്ടരുവിയും പുല്‍മേടും അവന്‍ സ്വപ്നം കണ്ടു. അവിടെ നിന്ന് ശരീരം തണുക്കുന്നത് വരെ മുങ്ങിക്കുളിക്കണം. എന്നിട്ട് ആ പുല്‍മേടിലെ തണലില്‍ മലര്‍ന്നു കിടക്കണം. പക്ഷെ മലയിറങ്ങി കഴിഞ്ഞപ്പോള്‍ അവനു മനസ്സിലായി, അവിടെ മുഴുവന്‍ ചതുപ്പ് നിലമായിരുന്നു. കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലുമില്ല. ഒരു തെളിനീരുറവക്കു വേണ്ടി അവന്‍ ചുറ്റും നോക്കി. പക്ഷെ പരന്നു കിടക്കുന്ന ചതുപ്പ് നിലം മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. വീണ്ടും കാല്‍ നീട്ടി വെച്ച് അവന്‍ യാത്ര തുടര്‍ന്നു. മുള്ളുകള്‍ കൊണ്ട് പൊട്ടിയ മുറിവുകളില്‍ ചെളി കേറി അടഞ്ഞു. അടക്കാനാവാത്ത വേദന. പക്ഷെ യാത്ര തുടങ്ങിയതിനാല്‍ അത് അവസാനിപ്പിക്കാതെ നിവര്ത്തിയില്ല. എന്തെങ്കിലും ആലോചിച്ചു നടന്നാല്‍ ഈ വേദനയും യാത്രയുടെ ദൂരവും മറക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ഓര്‍ക്കാന്‍ മധുരമുള്ള ഓര്‍മ്മകള്‍ ഒന്നുമില്ല, എല്ലാം വേദന നിറഞ്ഞത്‌. എന്നാല്‍ ഇപ്പോള്‍ ഞാനിവിടെ വരെയെത്തി എന്ന് അത്മവിശ്വാസമാര്‍ജ്ജിക്കാന്‍ അവന്‍ ശ്രമിച്ചു. 'അസ്ഥിത്വം' എന്ന വാക്ക് ആദ്യം കേട്ടതെവിടെയാണ് ? സ്നേഹിച്ച പെണ്‍കുട്ടിയോട് 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്ന് പറഞ്ഞപ്പോള്‍ അവളുടെ മറുപടിയായിരുന്നു. " ഞാന്‍ എന്റെ അസ്ഥിത്വം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്, എനിക്കാരെയും സ്നേഹിക്കാന്‍ കഴിയില്ല". (അല്ലെങ്കില്‍ എന്തിനാണ് സ്നേഹിക്കുന്നത്?) അവസാനം അവള്‍ അസ്ഥിത്വം കണ്ടെത്തി അവള്‍ സ്നേഹിച്ച ഒരാളിന്റെ കൂടെ പോയി. അവിടെയാണ് അവളുടെ അസ്ഥിത്വം. അപ്പോള്‍ ഞാന്‍ ആരാണ്? വേണ്ട, ഞാന്‍ സ്വയം ക്രൂശിക്കാന്‍ പാടില്ല. ഇതാ ഈ ചതുപ്പ് നിലം തീരാറായിരിക്കുന്നു. ഒരു തണുത്ത കാറ്റു വീശി കടന്നു പോയി. മേഘങ്ങള്‍ ഇതാ തൊട്ടടുത്ത്‌ കൂടി പറന്നു പോകുന്നു. അതാ ഒരു പുല്‍ത്തകിടി. ഒരു അരുവിയുടെ കളകള ശബ്ദമല്ലേ കേള്‍ക്കുന്നത്. എല്ലാവര്ക്കും ഒരു ദിവസം വരും എന്ന് പറഞ്ഞതെത്ര ശെരി. ഇതാ ഇന്ന് എന്റെ ദിവസമാണ്. എനിക്കുറക്കെ ഒരു പാട്ട് പാടണം. അവന്‍ നദിക്കരയിലെത്തി. നിറഞ്ഞൊഴുകുന്ന പുഴ. എല്ലാം മറന്നു അവന്‍ നദിയിലേക്ക് എടുത്തു ചാടി.
'രാത്രി കിടക്കുന്നത് കട്ടിലിലും രാവിലെ എണീക്കുന്നത് തറയില്‍ നിന്നും. എന്തൊരു മറിമായമെന്റീശ്വരാ! ക്ലോക്കില്‍ നോക്കി. മണി എട്ടു കഴിഞ്ഞു. പല്ലുതേപ്പ്, കുളി, ചായ, ട്രെയിന്‍, ഓഫീസ്, .... എന്റെ ദൈവമേ...

1 comment:

Unknown said...

വളരെ നന്നായിട്ടുണ്ട് .അന്സ്സാര്‍ ...... :)