Friday, May 29, 2015

എന്നും എപ്പോഴും!

സിനിമയാണ്. നിരൂപണമാണ്.
*****************************************

എന്നും എപ്പോഴും ഒരു മാറ്റവുമില്ലാതെ സിനിമ പിടിക്കുന്ന നമ്മുടെ സ്വന്തം സത്യൻ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ മഞ്ജു വാര്യരും മോഹൻലാലും നായികാ നായകന്മാരായ 'എന്നും എപ്പോഴും' എന്ന ചിത്രത്തെ കുറിച്ചാണ്.
കഥയിലാണോ പ്രശ്നം, കഥാപാത്ര സൃഷ്ടിയിലാണോ പ്രശ്നം അതോ കാണാൻ കേറിയ നമ്മളാണോ പ്രശ്നം എന്നൊന്നുമറിയില്ല. സിനിമ തുടങ്ങുകയാണ്.
മഞ്ജു വാര്യരാണ്, വക്കീലാണ്, ഒരു കുഞ്ഞിന്റെ അമ്മയാണ്. ഒറ്റക്കാണ്.
മോഹൻലാലാണ്, പത്രപ്രവർത്തകനാണ്, നാനോ കാറുണ്ട്, അമ്പതാം വയസിലും അവിവാഹിതനാണ്.
പെണ്ണ് കെട്ടാതെ നടക്കുന്നതിന്റെ കുഴപ്പം കൊണ്ടാണോ എന്നറിയില്ല സ്ഥിരമായി കാറില്‍ പെട്രോൾ ഒഴിക്കാൻ മറക്കുന്ന നായകൻ. സ്വാഭാവികമായും അവർ കണ്ടു മുട്ടേണ്ടതുണ്ട്. പത്രപ്രവര്‍ത്തകന്‍ നായകന്‍ ആണെങ്കില്‍ കണ്ണട കഴുത്തില്‍ തൂക്കണം അതിന് ഒരു വള്ളി വേണം. ഒരു അസിസ്റ്റന്റ് വേണം, അവനെ ഒരു കാരണവുമില്ലാതെ എടാ പോടാ വിളിക്കണം. അമ്പിനും വില്ലിനും അടുക്കാത്ത നായികയും നായകനും ആവണം. അവര്‍ കൂടുതൽ അടുക്കണമെങ്കില്‍ അതിനു പറ്റിയത് നായികയുടെ കുട്ടിക്ക് ഒരു അപകടം ഉണ്ടാകുമ്പോൾ നായകന്‍ അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകുക എന്നതാണ്. എല്ലാം അതാതിന്റെ സമയത്ത് തന്നെ സംഭവിക്കുന്നു. സംവിധായകന്‍ ഏത് കാലത്താണ് സിനിമാ പിടിത്തം തുടങ്ങിയതെന്ന് തെളിയിക്കാന്‍ വേറെ സീനുകള്‍ വേണ്ട. ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടില്ല. അതാണ് സത്യന്‍ അന്തിക്കാടിന്റെ സത്യസന്ധത. സിനിമയുടെ വെള്ളിവെളിച്ചം കണ്ട് വന്ന വഴി മറക്കുന്നവനല്ല ഈ കെ. കെ.
**************************************
എല്ലാം ശുഭ പര്യവസാനിയായി സിനിമ തീരുമ്പോള്‍ ഒരു സംശയം നിങ്ങള്‍ക്ക് തോന്നാം. എന്തിനായിരുന്നു ഇങ്ങനെ ഒരു സിനിമ എന്ന്? പക്ഷെ ഇങ്ങനെ ഒരു സിനിമ വേണം. സത്യന്‍ അന്തിക്കാടിന്റെയും മോഹന്‍ ലാലിന്റെയും അവസാന സിനിമ ഏത് എന്നോ, നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നോ ഏതെങ്കിലും കോടീശ്വരന്‍ പരിപാടിയില്‍ ചോദിക്കുകയാണെങ്കില്‍ ഉത്തരം പറയാന്‍ വേണ്ടി മാത്രം കണ്ടിരിക്കേണ്ട ഒരു ചിത്രം.
***************************************
മനസിലാകാത്ത ഒരു കാര്യം, രാക്ഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ പെന്‍ഷന്‍ പറ്റുന്നില്ല. സിനിമാ നടന്മാരോ സംവിധായകരോ പെന്‍ഷനാകുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രം പെന്‍ഷനാകണമെന്ന് പറയുന്നതിന്റെ യുക്തി എന്താണ്? കുറഞ്ഞ പക്ഷം സത്യന്‍ അന്തിക്കാട്‌ എങ്കിലും സിനിമാ രംഗത്ത്‌ നിന്ന് വിരമിക്കണം.
**************************************
— feeling 100 രൂപക്ക് എന്തോരം കപ്പലണ്ടി മുട്ടായി കിട്ടുമായിരുന്നു!

No comments: