Friday, May 29, 2015

FB ഇരകള്‍!

അതി മനോഹര നൃത്ത ചുവടുകളുമായി സൂപ്പര്‍ സ്റ്റാറുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ സന്തോഷ്‌ പണ്ഡിറ്റിനെ അവര്‍ തെറി വിളിച്ചു. പുറമേ കാണിക്കുന്ന ജാഡ കളിക്കളത്തില്‍ കുറഞ്ഞു പോയി എന്ന കുറ്റത്തിന് ശ്രീശാന്തിനെ തെറി വിളിച്ചു. സൗത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് അറിയുന്ന ഒരേ ഒരു നടനായിപ്പോയത് കൊണ്ട് പൃഥി രാജിനെയും വെറുതെ വിട്ടില്ല. കാരണവരുടെ മനസ് ആയതു കൊണ്ടാകണം പെണ്ണുങ്ങള്‍ ജീന്‍സ് ഇടുന്നത് ഭംഗിയല്ല എന്ന് പറഞ്ഞ ഗാന ഗന്ധര്‍വ്വനേയും കടിച്ചു കുടഞ്ഞു. മംഗള്‍യാന്‍ വിഷയത്തില്‍ കാര്‍ട്ടൂണ്‍ വരച്ച ന്യൂയോര്‍ക്ക് ടൈംസിനെ തെറി വിളിച്ച മലയാളിയുടെ ആവേശം കണ്ടാല്‍, അവസരം കിട്ടിയിരുന്നെങ്കില്‍ ന്യൂ യോര്‍ക്കില്‍ പോയി നേരിട്ട് തെറി വിളിക്കാനും മടിയില്ല എന്ന് തോന്നും. പത്തോ പന്ത്രണ്ടോ രാജ്യത്ത് മാത്രം കളിക്കുന്ന ക്രിക്കറ്റ് എന്ന കളിയിലെ വെറുമൊരു കളിക്കാരനായ സച്ചിനെ അറിയില്ല എന്ന് പറഞ്ഞ മരിയ ഷറപ്പോവയെ ക്രൂശിലേറ്റി. രഞ്ജിനി ഹരിദാസിനെ ഒന്നിലധികം പ്രാവശ്യം എഫ്ബി വാളില്‍ വലിച്ച് ഒട്ടിച്ചു മലയാളി ശിങ്കങ്ങള്‍. പിന്നെ പ്രിയപ്പെട്ട ലാലേട്ടന്‍, സ്റ്റേജില്‍ തൊണ്ട വേദന കാരണം ചുണ്ടനക്കി പാടിയ കുറ്റത്തിന് പോയത് ഒരു കോടി! നാട്ടുകാരുടെ തെറിയും. അച്ഛനെക്കാള്‍ മികച്ച നടന്‍ മകനാണ് എന്ന് പറഞ്ഞ രാംഗോപാല്‍ വര്‍മ, ദുല്‍ഖറിനെക്കാള്‍ ഫാന്‍സ്‌ മമ്മൂട്ടിക്കാണെന്നു മനസിലായപ്പോള്‍ പതിയെ പിന്‍വാങ്ങി. തെറി കുറേ കേട്ടെങ്കിലും കുഴിമറ്റം ഒറ്റയടിക്ക് അപ്രശസ്ത സാഹിത്യകാരന്‍ എന്ന ദുഷ്പേര് മാറ്റി പ്രശസ്ത സാഹിത്യകാരന്‍ ആക്കി. നന്ദി, ലെഗ്ഗിന്സിന്!
കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും മാണിയും പിണറായിയും കേട്ട തെറികള്‍ ഈ പേജ് താങ്ങാത്തത് കൊണ്ട് തല്ക്കാലം വിട!.
_____________________
എഫ്ബി അടവ് നയം: സാമൂഹ്യ പ്രശ്നങ്ങളില്‍ നിശബ്ദത. സ്വന്തം ഫോട്ടോകള്‍ പോസ്റ്റുക, കിട്ടുന്ന ലൈക്കുകള്‍ കൊണ്ട് തൃപ്തിപ്പെടുക.



No comments: