Friday, May 29, 2015

ഫെയ്സ്ബുക്ക് വിപ്ലവം.!

ഒരു കാലത്ത് ഫെയ്സ്ബുക്കിൽ സജീവമായിരുന്ന ചിലരെ പരിചയപ്പെടാം. 
ഒന്ന്: 'നാട്ടിന്‍ പുറത്തിന്റെ നന്മ നിറഞ്ഞ ചില കഥകള്‍ അല്ലെങ്കില്‍ ഒരു പാചകകുറിപ്പ് ഒപ്പം ഒരു തണുത്ത സുപ്രഭാതവും. ഫെയ്സ്ബുക്കിൽ സജീവമായിരുന്ന പാലൂര്‍ക്കാരന്‍ രസികന്‍. പിന്നെ കുറച്ച് നാളത്തേക്ക് ആളെ കാണാന്‍ ഇല്ല. "എന്താ ചേട്ടാ ഇപ്പോള്‍ കാണാനേ ഇല്ലല്ലോ." ഓ. ഞാന്‍ ഗള്‍ഫ് ജീവിതം മതിയാക്കി. ഇപ്പം നാട്ടില്‍ തന്നെ കുറച്ച് കോണ്ട്രാക്റ്റ് പണികളുമായി അങ്ങനെ കഴിയുന്നു. ഇതൊക്കെ വേറെ ഒരു പണിയും ഇല്ലാത്തവര്‍ക്കല്ലേ പറ്റൂ."
"അപ്പം ചേട്ടന്‍ അവിടെ പണിയൊന്നും ചെയ്തിരുന്നില്ലേ."
"അത് അറബീടെ ഓഫീസ് അല്ലേ. അറബി വരുമ്പം മാത്രം പണി ചെയ്താ മതി. ഇവിടെ അങ്ങനെ പറ്റുമോ. നമ്മളു പണിയെടുത്താല്‍ നമുക്ക് കിട്ടും."
"ശെരി. പിന്നെ കാണാം."
കേസ്2:. മുഖപുസ്തകത്തിലെ ജ്വലിക്കുന്ന യുവത്വം. ആള് അസല് കമ്മ്യൂണിസ്റ്റ്. വീയെസ്സിന്റെ കടുത്ത ആരാധകന്‍. ടി.പി കേസില്‍ വാദി ഭാഗം വക്കീല്‍ ആക്കിയിരുന്നെങ്കില്‍ എന്നേ പ്രതികള്‍ക്ക് വധ ശിക്ഷ കിട്ടിയേനെ. പെട്ടന്ന് ഒരു ദിവസം ഫെയ്സ്ബുക്കില്‍ ആളെ കാണാന്‍ ഇല്ല. രണ്ട് മൂന്ന് മാസത്തിന് ശേഷം ഒരു സ്റ്റാറ്റസ് കണ്ടു. 
"വൈവിധ്യമാര്‍ന്ന വസ്ത്ര ശ്രേണി. എല്ലാ പ്രായക്കാര്‍ക്കും.! 10 മുതല്‍ 50 ശതമാനം വരെ ഡിസ്ക്കൌണ്ട്!!" അന്വേക്ഷിച്ചപ്പോള്‍ അറിഞ്ഞു, ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടില്‍ ടെക്സ്റ്റയില്‍ തുടങ്ങി. വീയെസ്സിന് വീയെസിന്റെ കാര്യം. നമുക്ക് നമ്മുടെ കാര്യം. 
കേസ്3: നാട്ടിലെ വിലക്കയറ്റം, അഴിമതി, കെടുകാര്യസ്ഥത, വര്‍ഗ്ഗീയ പ്രീണനം തുടങ്ങിയവയെ കുറിച്ച് തുരുതുരാ പോസ്റ്റുകള്‍. ഇടക്ക് ഒരു മാസം കാണാന്‍ പറ്റില്ല. വീണ്ടും വയര്‍ലെസ്സ് വിപ്ലവം. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും രണ്ട് മാസം കാണാന്‍ കിട്ടില്ല. എവിടെ പോകുന്നു ഈ വിപ്ലവം?
അന്വേക്ഷിച്ചപ്പോള്‍ അറിഞ്ഞു. ആള് ഗള്‍ഫില്‍ ആണ്. അവധിക്ക് നാട്ടില്‍ പോകുമ്പോഴാണ് ഫെയ്സ്ബുക്കിനും അവധി കൊടുക്കുന്നത്. ഒപ്പം വിപ്ലവത്തിനും. ആള് നാട്ടിലായിരിക്കുമ്പോഴും നാട്ടില്‍ അഴിമതിക്കെതിരെയും വിലക്കയറ്റത്തിനെതിരേയും പല സമരങ്ങളും നടക്കും. അതിലൊന്നും പുള്ളിയെ കാണാന്‍ കിട്ടില്ല. "ആകെ ഒരു മാസത്തെ അവധി. അത് ഭാര്യയോടും കുട്ടികളോടും ഒപ്പം ചിലവിടുമോ അതോ വെയില് കൊള്ളുമോ?" വിപ്ലവം പിന്നേം വരും!
കേസ് 4: ഫെയ്സ്ബുക്കില്‍ അര്‍മാദിച്ചു നടന്ന ഒരു കോളേജ് അധ്യാപകനെ പിടിച്ച് ഒരു പുതിയ കോളേജിന്റെ 'സ്പെഷ്യല്‍ ആപ്പീസര്‍' ആക്കി. അതോടെ അങ്ങേര് ഫെയ്സ് ബുക്ക് അടച്ചു വെച്ച്, ടെക്സ്റ്റ് ബുക്ക് കയ്യിലെടുത്തു. വല്ലപ്പോഴും പഴയ ഓര്‍മ്മകള്‍ അയവിറക്കി ഒരു ഫോട്ടോ ഇട്ടാലായി. മനുഷ്യര് നന്നാവുന്ന വിധമേ..
കേസ് 5: "എന്താ ഫെയ്സ് ബുക്കില്‍ പഴയത് പോലെ കാണാന്‍ ഇല്ലല്ലോ..?"
"ഓ. ഓഫീസ് മാറി. പുതിയ ഓഫീസില്‍ നെറ്റ് ഇല്ല. അറബിക്ക് ഇന്റര്‍നെറ്റിന്റെ ABCD അറിയില്ല."
(പക്ഷെ അങ്ങേര്‍ക്കായിരിക്കും AtoZ അറിയുന്നത് എന്ന് പാവം മലയാളി തിരിച്ചറിഞ്ഞില്ല...)
കേസ് 6: സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞ് ഫെയ്സ്ബുക്കിനോട് ഗുഡ് ബൈ പറഞ്ഞ ഒരാളെ എന്റെ അറിവില്‍ ഉള്ളൂ. EPJ നായര്‍ സര്‍. അമേരിക്കയില്‍ എവിടെയോ
ഇരുന്ന് രാത്രികാലങ്ങളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ അവസാന സ്റ്റാറ്റസ് ഇങ്ങനെ ആയിരുന്നു. 
"ഞാന്‍ ജോലിയില്‍ നിന്ന് വിരമിക്കുകയാണ്. ഇനി നിങ്ങളെ 
കാണാന്‍ പറ്റിയെന്ന് വരില്ല. ഗുഡ് ബൈ"
-------
ഒരു സംശയം ഉള്ളത് സോജന്‍ ജോസെഫിന്റെയും സാബുവിന്റെയും ടി. എന്നിന്റെയും മുതലാളിമാര്‍ അറബികളാണോ എന്നതാണ്.. കാഞ്ഞിരപ്പള്ളിയിലെ ദൂരദര്‍ശന്റെ സംപ്രേക്ഷണാധികാരം അറബികള്‍ ആരെങ്കിലും വാങ്ങിയോ എന്ന്.. 
-----------
സെല്‍ഫ് ഗോള്‍: പ്രവാസ കാലമായിരുന്നു ഫെയ്സ്ബുക്കിലെ എന്റെ സുവര്‍ണ കാലം.

No comments: