Friday, May 29, 2015

ബജറ്റ് 2015


രാവിലെ ഒൻപത് മണിക്ക് തന്നെ ബജറ്റ് അവതരണം തുടങ്ങി. പുറത്ത് ചെറിയ ബഹളം ഉണ്ട്. സഭക്കകത്ത്‌ ആദ്യത്തെ ചെറിയ പ്രതിക്ഷേധങ്ങൾ കെട്ടടങ്ങിയിരിക്കുന്നു. പ്രതിപക്ഷം നിശ്ചലാവസ്ഥയിലാണ്. തന്റെ വാഗ്ധോരണിയിൽ മയങ്ങി സഭ ഒന്നടങ്കം നെടു വീർപ്പിടുന്നത് മാണി സാർ കണ്ട് ഉള്ളാലെ ചിരിച്ചു. പുതിയ പാലങ്ങൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ എല്ലാവര്ക്കും തൊഴിൽ, വീട്, പ്രതിപക്ഷ MLA മാർക്ക് പുതിയ കാർ, പെട്രോൾ അലവൻസ്, വാർദ്ധക്യ കാല പെൻഷനുള്ള കുറഞ്ഞ പ്രായം 50, പെൻഷൻ പ്രായം 60, ശമ്പള കമ്മീഷൻ റിപ്പോർട്ട് വരുന്നതിന് മുന്പ് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും രണ്ടു DA . ... ബജറ്റ് നിർദ്ദേശങ്ങൾ വായിച്ച് വായിച്ച് സമയം പോയത് അറിഞ്ഞില്ല. മൂന്നു മണിക്കൂർ നാൽപ്പത് മിനിട്ട്. റെക്കോർഡ് ബജറ്റവതരണം ! ഭരണ പക്ഷത്തിന്റെ കയ്യടിയേക്കാൾ പ്രതിപക്ഷത്തിന്റെ കയ്യടി ശബ്ദം ഉയർന്നു കേട്ടു.
ഭയങ്കര ദാഹം. മുന്നിലിരുന്ന ഒരു ഗ്ലാസ്‌ വെള്ളം ഒറ്റ വലിക്ക് കുടിച്ചു. കുറച്ചു കൂടി വെള്ളം വേണം. അടുത്ത് നിന്ന വാച്ച് ആൻ വാർഡിലെ ഒരാളെ കൈ കാട്ടി വിളിച്ചു.
'ഡോ, ഒരു ഗ്ലാസ്‌ വെള്ളം വേണം..'
ആരോ പുറത്ത് തോണ്ടി വിളിക്കുന്നു.
' സർ ഇതാ വെള്ളം'
മാണി സാർ ഞെട്ടി ഉണർന്നു..
ചുറ്റും നോക്കി. ഒരു ഗ്ലാസില്‍ വെള്ളവുമായി വാച്ച് ആൻ വാര്‍ഡ്‌ തൊട്ടടുത്ത്‌. നിയമ സഭയ്ക്കകത്താണ്, മുഖ്യമന്ത്രിയും എം.എല്ലെ മാരും എല്ലാവരും ഉണ്ട്.. അവരെല്ലാം നല്ല ഉറക്കത്തിലാണ്.. വാച്ചിൽ നോക്കി, മണി പന്ത്രണ്ട് കഴിഞ്ഞതേ ഉള്ളൂ. നേരം വെളുക്കാൻ ഇനിയും സമയമുണ്ട്. മാണി സാർ തിരിഞ്ഞു കിടന്നു. ശേഷം രാവിലെ.

(2015 ബജറ്റ് അവതരണത്തിന് തലേ ദിവസം (2015 മാര്‍ച്ച്‌ 13) ഫെയ്സ്ബുക്കില്‍ പോസ്റ്റിയത്)
വിശ്വാസികള്‍ക്ക് സമാധാനം ഉണ്ടാകട്ടെ: കേരളത്തിന്റെ പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം, കെ. എം. മാണിയുടെ പതിമൂന്നാം ബജറ്റവതരണം. മാര്‍ച്ച്‌ 13 ന്. അതും ഒരു വെള്ളിയാഴ്ച



No comments: