Sunday, February 5, 2012

ലോകം ഫെയ്സ്ബുക്കിന് മുന്‍പും ശേഷവും

ഒന്ന്.

മാത്തപ്പന് കലശലായ മുട്ടല്‍. എങ്കില്‍ പിന്നെ ഓടി കക്കൂസില്‍ പോയിക്കൂടെ എന്നായിരിക്കും നിങ്ങള്‍ ചോദിയ്ക്കാന്‍ പോകുന്നത്. അത് പറ്റില്ല. അതൊക്കെ പണ്ട്, ഇപ്പോള്‍ കാലം മാറി. ഈമാതിരി സംഗതികളൊക്കെ പത്താളെ അറിയിച്ച് നടത്തിയില്ലെങ്കില്‍ ആളൊരു പഴഞ്ചന്‍ എന്ന് ജനം പറയും. ഇന്റര്‍ നെറ്റ് കണക്ട് ചെയ്ത്, ഫെയ്സ്ബുക്കില്‍ കേറി. ഒരു സ്റ്റാറ്റസ് മെസ്സേജ് ഇട്ടു. "കക്കൂസില്‍ പോകുന്നു. അവിടെ ഇരുന്നു വായിക്കാന്‍ പറ്റിയ പുസ്തകമേതാ സുഹൃത്തുക്കളെ?" അത് തന്നെ കോപ്പി ചെയ്ത് അയ്യായിരം പേരുള്ള മലയാളനാട് ഗ്രൂപ്പിലും പേസ്റ്റ് ചെയ്തു. ഇനിയും ഇവന്മാരുടെ കമന്റു നോക്കിയിരിക്കാനുള്ള ക്ഷമയില്ല. വയറിനകത്ത്‌ നിയമസഭ കൂടിയത് പോലെ ഒരു ബഹളം. അല്ലെങ്കില്‍ തന്നെ വായന പണ്ടേ ഇല്ല. നേരെ കക്കൂസിലേക്ക് ഓടി. പത്തു മിനിട്ട് കഴിഞ്ഞു വന്നു നോക്കി, ഞെട്ടിപ്പോയി. നാല്പത്തിയേഴ് ലൈകും, നൂറ്റിപ്പതിനാറ് കമന്റും. കക്കൂസില്‍ പോയി വന്നതിനേക്കാള്‍ എന്തൊരാശ്വാസം! കമന്റെല്ലാം ഒന്ന് ഓടിച്ചു നോക്കി. തകഴിയുടെ 'തോട്ടിയുടെ മകന്‍' മുതല്‍ ഷഹ്നോന്ന്റെ ഷിറ്റ് വരെ സജെസ്റ്റ് ചെയ്തിട്ടുണ്ട് ഓരോരുത്തര്‍. അപ്പോള്‍ ഞാന്‍ മാത്രമല്ല ഈ പരിപാടിയെ കുറിച് എഴുതിയിട്ടുള്ളത്. ഇനി ആശ്വാസത്തോടെ പോയി കിടന്നു ഉറങ്ങാം. അതിനു മുന്‍പ് ഒരു ശുഭരാത്രി കൂടി പറഞ്ഞിട്ട് പോകാം. അല്ല പിന്നെ.

രണ്ട്


'ചേട്ടോ, അവിടെ ഒന്ന് നിന്നെ.'
'ഓ സാറോ. എന്താ കാര്യം. '
'കുറെ നാളായി കാണാന്‍ ഇല്ലല്ലോ, ബ്രോക്കര്‍ പണി എല്ലാം മതിയാക്കിയോ.'
'മതിയാക്കാനോ അതല്ലേ നമ്മടെ ജീവിത മാര്‍ഗം. ഇപ്പം എല്ലാം ഓണ്‍ലൈന്‍ അല്ലെ കാര്യങ്ങള്‍. വീട്ടിലിരുന്നാല്‍ മതി. അതാ കാണാത്തത്.'
'ഓഹോ. അത് പോട്ടെ. എന്റെ മകള്‍ക്ക് നല്ല ഒരു പയ്യനെ വേണം.'
'അത്രേ ഉള്ളോ? ശെരിയാക്കാം. നല്ല ഒരു പയ്യന്‍ ഉണ്ട്. ആട്ടെ. കുട്ടിക്ക് ഫെയ്സ് ബുക്ക്‌ അക്കൌണ്ട് ഉണ്ടോ?'
'ഫെയ്സ് ബുക്ക്‌ അക്കൌണ്ടോ? അതെന്താ സാധനം,? അവള്‍ക്കു ഫെഡറല്‍ ബാങ്കില്‍ ഒരു അക്കൌണ്ട് ഉണ്ട്. വിദ്യാഭ്യാസ ലോണ്‍ എടുക്കാന്‍ തുടങ്ങിയതാ.'
ഹോ. സാര്‍ ഏത് പഞ്ചായത്തിലാ? ഇപ്പം ഫെയ്സ് ബുക്ക്‌ അക്കൌണ്ട് ഇല്ലാത്തവര്‍ ആരാ?'
'അത്ര ആവശ്യമാണെങ്കില്‍ അത് തുടങ്ങാം, പണ ചെലവ് ഉള്ള കാര്യമാണോ? പിന്നെ ചെറുക്കനെന്താ ജോലി?'
"ചെറുക്കനോ, അവനു ഫെയ്സ് ബുക്കില്‍ തന്നെ ജോലി. അവന്റെ അച്ഛന്‍ പറഞ്ഞത് അവന്‍ രാവിലെ ആറ് മണിക്ക് ഫെയ്സ് ബുക്കില്‍ കേറിയാല്‍ രാത്രി പന്ത്രണ്ടു മണി വരെ ഒരേ ഇരുപ്പാന്നാ. ഭക്ഷണം പോലും കഴിക്കാതെ ജോലി തന്നെ ജോലി. ഇതിനിടക്ക്‌ എന്ത് മാത്രം ലൈക്കും കമന്റും ആണെന്നോ ചെറുക്കന്‍ അടിച്ചു കൂട്ടുന്നത്‌. അവനും കിട്ടും അത് പോലെ ലൈക്കും കമന്റും, എന്ന്."
'അതെയോ? ഈ പയ്യനെ ഒന്ന് കാണാന്‍ എന്താ വഴി?'
'സാറ് ഒരു കാര്യം ചെയ്യ്‌. കൊച്ചിന് ഒരു ഫെയ്സ് ബുക്ക്‌ അക്കൌണ്ട് തുടങ്ങി അതിന്റെ ലിങ്ക് എന്റെ വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യ്‌. ആ ലിങ്ക് ഞാന്‍ ചെറുക്കന് അയച്ചു കൊടുക്കാം. ചെറുക്കന്റെ ലി, ഛെ. ചെറുക്കന്റെ പ്രൊഫൈല്‍ ലിങ്ക് ഞാന്‍ മോള്‍ക്കും അയച്ചു കൊടുക്കാം. അവര് തമ്മില്‍ കാണട്ടെ. ബാക്കി നമുക്ക് പിന്നീടു തീരുമാനിക്കാം."
'ങേ! പെണ്ണ് കാണലും വീട്ടില്‍ ഇരുന്നോ?'
'പിന്നല്ലാതെ. കാലം മാറിയതൊന്നും സാറ് അറിഞ്ഞില്ലേ.'
'ചേട്ടന്‍ പറഞ്ഞതൊന്നും എനിക്ക് മുഴുവന്‍ പിടി കിട്ടിയിട്ടില്ല. കേട്ടോ. എന്നാലും ഞാന്‍ മോളോട് പറയാം. അവള്‍ക്കു എന്തെങ്കിലും മനസിലാവുമായിരിക്കും.'
'എന്നാല്‍ സാറ് വേഗം ചെല്ല്. ഇന്ന് തന്നെ രെജിസ്റ്റര്‍ ചെയ്തോ. ഫീസ്‌ ഓണ്‍ലൈന്‍ ആയി അടക്കാനുള്ള സൗകര്യം വെബ്‌സൈറ്റില്‍ തന്നെ ഉണ്ട്.'
'ശെരി. അപ്പഴേ ചേട്ടാ, ഒരു സംശയം.'
'എന്താ?'
'എത്ര ലൈക്ക് കൊടുത്താല്‍ ഒരു കിലോ അരി കിട്ടും? സ്ത്രീധനമായിട്ടും ലൈക്കും കമന്റും കൊടുത്താല്‍ മതിയോ?'
'..........................'

(ഛെ. ഇയാള് വെറും കണ്ട്രി ആണല്ലോ സുക്കര്‍ബെര്‍ഗെ!)

No comments: