Sunday, June 21, 2009

ബാവറയും അവനും അവളും പിന്നെ ഐപാഡും

നിളയുടെ തീരങ്ങളില്‍ തണല്‍ വന്നു തുടങ്ങിയപ്പോള്‍ അവന്‍ അവളോട്‌ പറഞ്ഞു.
'ജനിക്കുന്നെങ്കില്‍ നല്ല കുടുംബത്തില്‍ ജനിക്കണം'
'എന്താണ് അങ്ങനെ പറയാന്‍?' (ഇലയില്‍ നിന്ന് നീര്‍ത്തുള്ളി വീഴുന്ന ശബ്ദത്തില്‍ അവള്‍ ചോദിച്ചു എന്ന് സാഹിത്യം).
'ഇല്ലെങ്കില്‍ ബീച്ചില്‍ കപ്പലണ്ടി വിറ്റു നടക്കാം'.
'നല്ല കുടുംബത്തില്‍ ജനിച്ചിട്ട് എത്രയോ പേര്‍ ചീത്തയായി പോകുന്നു'.
'നല്ല കുടുംബമെന്നാല്‍ സമ്പത്ത്‌ അധികമുള്ള കുടുംബമെന്നല്ല.'
'പിന്നയോ?'
'സ്നേഹം! ഉദാത്തമായ പൈതൃകമുള്ളവര്‍'.
ഉത്തരത്തില്‍ 'പൈതൃകം' എന്ന വാക്ക് വന്നതോട് കൂടി സംഭാഷണത്തില്‍ ഒരു മൌനം. ഒപ്പം കഥയിലും. മാന്യ പ്രേക്ഷകര്‍ ക്ഷമിക്കണം. (സദയം).
- ആഫ്റ്റര്‍ ദി ബ്രേക്ക്. -
'നീ നിന്‍റെ കുട്ടികളുടെ കഴിവുകള്‍ അംഗീകരിക്കണം'
അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി.
'പറയുന്നെങ്കില്‍ വിശദമായി പറയൂ.'
'ഇന്നത്തെ കുട്ടികള്‍ നാളത്തെ പൌരന്മാര്‍ എന്ന് ആപ്തവാക്യം! ഓരോ കുട്ടിയേയും സ്വയം പര്യാപ്തമായ ഓരോ വ്യക്തി ആയി കാണണം. നിങ്ങളെക്കാള്‍ അവനു ബുദ്ധിയും ആത്മവിശ്വാസവും ഉണ്ടെന്നു സമ്മതിച്ചു കൊടുക്കൂ.'
'ഇതൊക്കെ ഇപ്പോള്‍ പറഞ്ഞിട്ടെന്താ? '
'അന്യരുടെ നല്ല ഗുണങ്ങള്‍ മാറ്റി വെച്ചിട്ട് കുറ്റങ്ങള്‍ മാത്രം പറയുന്നവരുടെ ലോകമാണിത്. കുറ്റം പറയുന്ന ആള്‍ക്ക് സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാനും പറ്റുന്നില്ല.'
'കുറ്റം പറയുന്ന അച്ചിക്ക് കുത്തിയിരിക്കാന്‍ നേരമില്ല അല്ലെ?'
(കഥയില്‍ വീണ്ടും ബ്രേക്ക്‌. അവര്‍ക്കിടയില്‍ മൌനം. കാരണം ഒരു പഴഞ്ചൊല്ലിന്റെ രംഗ പ്രവേശം.)
പെട്ടെന്ന് ഓര്‍മ്മിച്ചത് പോലെ അവള്‍ പറഞ്ഞു.
'ചേച്ചിയുടെ കല്യാണമുറപ്പിച്ചു'
കാത്തു കാത്തിരുന്ന ഒരു വിഷയം കിട്ടിയത് പോലെ അവന്‍ അനന്തതയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
'വുമെന്‍ ( women) അതായതു സ്ത്രീ അവള്‍ക്കെന്നും ഒരു സ്ഥാനം മാത്രമേയുള്ളൂ. wife of men - ഏതെങ്കിലും ഒരു പുരുഷന്റെ ഭാര്യയായിരിക്കുക.'
'ങ്ഹാ. സ്ത്രീത്വത്തെ കുറിച്ച് പറയരുത്, നമ്മള്‍ തമ്മില്‍ തെറ്റും കേട്ടോ'
'തീര്‍ന്നില്ല, wife അഥവാ ഭാര്യക്ക്‌ ഒരു നിര്‍വ്വചനം കൂടി ഉണ്ട്.'
- നിശബ്ദത -
'ഇല്ലെങ്കില്‍ കേട്ടോളു, വണ്ടര്‍ഫുള്‍ ഇന്‍സ്ട്രമെന്റ് ഫോര്‍ എന്ജോയ് മെന്റ് '
അവളില്‍ ഒരു നടുക്കം ഉണ്ടായി. ഇനി എന്ത് പറയും. (എന്റെ രണ്ടു കഥാപാത്രങ്ങളും എനിക്ക് തുല്യരായത് കൊണ്ട് ഈ ചെറിയ ഒരു ഇടവേള കൂടി അനുവദിക്കണം)
അവന്‍ തന്നെ തുടങ്ങി.
'വില്ലന്‍ വിരൂപനും വൃത്തികെട്ടവനും ആയിരിക്കണം'
'പ്രാസമുണ്ട് ' അവള്‍ മറുപടി പറഞ്ഞു.
'പ്രാസവും അലങ്കാരവും കവിതയില്‍ മാത്രം പോര. ജീവിതത്തിലും വേണം.'
'നുണ പറയാനുള്ള കഴിവും വേണം.'
'നിലനില്‍പ്പിനുവേണ്ടി ഒരു ദിവസം ഒന്നോ രണ്ടോ മാത്രം'
'പറയുന്നതൊന്നും നടക്കുന്നില്ലങ്കിലോ?'
'അപ്പോള്‍ ദൈവത്തെ വിളിക്കണം, അങ്ങനെ അല്ലെ ദൈവം ജീവിച്ചു പോകുന്നത്, നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടിയാല്‍ ദൈവത്തിനെന്തു വില?'
'ദൈവമേ, ദൈവ നിന്ദ ! ഇദ്ദേഹത്തോട് ക്ഷമിക്കേണമേ'
(ദൈവത്തോട് മാപ്പ്, എന്റെ കഥാപാത്രങ്ങളില്‍ ഒരാള്‍ നിരീശ്വര വാദി ആണെന്ന് ഞാന്‍ അറിഞ്ഞില്ല. കഥാപാത്ര സൃഷ്ടിയില്‍ ഒരു ചെറിയ കൈപ്പിഴ. എല്ലാവര്ക്കും ദൈവത്തിനോട് പ്രാര്‍ഥിക്കുന്നതിനുവേണ്ടി ഒരു ചെറിയ ഇടവേള. 'എല്ലാ നല്ല ആഗ്രഹങ്ങളും സാധിച്ചു തരണേ.')
'നോക്ക് ഒരല്പ നേരത്തേക്ക് കരണ്ട് പോയാല്‍ എന്ത് പറ്റും?'
'ഹാവൂ , മുഷിപ്പന്‍ സീരിയലുകളില്‍ നിന്ന് രക്ഷപ്പെട്ടു.'
'ഇതാണ് ഞാന്‍ പറഞ്ഞത്, കുറ്റം കണ്ടു പിടിക്കാനാണ് എല്ലാവര്ക്കും താല്‍പ്പര്യം! ഒരു സീരിയലിന്റെയോ സിനിമയുടെയോ പിന്നിലെ യാതനകള്‍ നീയറിയുന്നുണ്ടോ?
'തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വേദനയോളം വരുമോ?'
'തൊഴിലില്ലാത്തവര്‍ സീരിയല്‍ ഉണ്ടാക്കട്ടെ, കറണ്ടു പോയാല്‍ മെഴുകുതിരി വെളിച്ചത്തില്‍ കഥയെഴുതട്ടെ, 'വെളിച്ചം ദുഃഖമാണുണ്ണി, ചുവപ്പ് കലര്‍ന്ന ചെറിയ ഇരുട്ടല്ലോ സുഖപ്രദം'
'നിങ്ങള്‍ മദ്യപിക്കാന്‍ ബാറില്‍ കയറിയിട്ടുണ്ട് അല്ലെ'
'അസൂയക്കാര്‍ പലതും പറയും.'
'എല്ലാമെല്ലാം ഒരാളുടെ ഇഷ്ടമാകുമ്പോള്‍ മറ്റുള്ളവര്‍ എന്ത് ചെയ്യണം'
'ബുദ്ധിയുണ്ടെങ്കില്‍ മന്ദബുദ്ധികളായി അഭിനയിക്കണം'
(ദയവായി എന്റെ കഥാപാത്രങ്ങള്‍ക്ക് അടുത്ത ഒരു വിഷയത്തെ കുറിച്ച് ആലോചിക്കാന്‍ അല്പം സമയം തരു..)
'ലോകം മുഴുവന്‍, അല്ലെങ്കില്‍ വേണ്ട - എനിക്ക് എന്റെ രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒരാളാകണം! പറയു, ഞാന്‍ എന്ത് ചെയ്യണം' - അവന്‍'
നിങ്ങളുടെ നെറ്റി ചന്ദ്രക്കലയുടെ ആകൃതിയില്‍ ആണോ? കയ്യില്‍ സൂര്യമണ്ഡലത്തില്‍ രഥത്തിന്റെ അടയാളമുണ്ടോ?'
'നെറ്റി പൂര്‍ണ്ണ ചന്ദ്രനെ പോലെ കഷണ്ടിയാണ്, കയ്യില്‍ ആയുര്‍ രേഖയും ഹൃദയ രേഖയും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു'
'അസൂയക്കാര്‍ക്ക് ഈ ലോകത്തിന്റെ ബ്ലാക്ക്‌ ഹോളിലാണ്‌ സ്ഥാനം. കഷണ്ടിക്കാര്‍ക്കും. 'ഗോ ടു ദ ഹെല്‍ ' '
'തമാശ കളഞ്ഞിട്ടു കാര്യത്തിലേക്ക് വരൂ. എനിക്ക് എല്ലാരും അറിയുന്ന ഒരാളാകണം, പറയു. എന്ത് വഴി.'
(പതിവിനു വിപരീതമായി ഈ സംഭാഷണത്തിന്റെ ഗതി തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തിയിരിക്കുന്നു. എന്തെങ്കിലും ആയിതീരണമെന്നുള്ള അയാളുടെ ആത്മാര്‍ഥത കൊണ്ടാകാം. വരൂ, നോക്കാം.) 'എന്താണാലോചിക്കുന്നത്, പറയു. എന്ത് വഴി.'
'പറയാം.' (പെരുവഴിയെന്നു മനസ്സില്‍.)
'നിങ്ങള്‍ നിങ്ങളുടെ പേരിനോടൊപ്പമുള്ള വാലുകള്‍ മുറിച്ചു കളയു.'
'പ്രിയദര്‍ശന്‍ , മോഹന്‍ലാല്‍, എന്നപോലെ അല്ലെ. ഇന്‍ഷ്യലുമില്ല സ്ഥലപ്പേരുമില്ല. കൊള്ളാം.'
(അമ്പട കള്ളാ, സിനിമാ രംഗത്താണ് നോട്ടം അല്ലെ. ശെരിയാക്കി തരാം.)
'പക്ഷെ ജന്മം നല്‍കിയ അച്ചനെയും അമ്മയേയും സ്വന്തം നാടിനെയും വീടിനെയും മറക്കണമല്ലേ...'
'അതെ പ്രശസ്തിക്കു വേണ്ടി ചെറിയൊരു ത്യാഗം. തല്‍ക്കാലത്തേക്ക് മാത്രം. പിന്നീട് നിങ്ങള്ക്ക് ഒരു അഭിമുഖത്തിലോ അത്മകഥയിലോ എല്ലാം വിശദമായി ഓര്‍ക്കാമല്ലോ.'
'ശെരി, സമ്മതിച്ചിരിക്കുന്നു. എന്നിട്ട്....?'
'മുടി രണ്ടു വശത്തേക്കും ചീകണം.'
'ഐസക്‌ ന്യുട്ടനെ പോലെ അല്ലെ.'
'അതെ ഇനി സോക്രട്ടീസിനെ പോലെ ചിന്തിക്കു, ഡാവിഞ്ചിയെ പോലെ പണി എടുക്കു'
( മൂന്നു വിദേശികള്‍ തുടര്‍ച്ചയായി കടന്നു വന്നതിനാല്‍ നിങ്ങള്‍ ന്യായമായും ഒരു ബ്രേക്ക്‌ പ്രതീക്ഷിക്കുന്നുണ്ടാവും. മാത്രമല്ല നമ്മുടെ സുഹൃത്ത് ഒരു ഞെട്ടലില്‍ നിന്ന് വിമുക്തനായി വരുന്നതേയുള്ളൂ. തീര്‍ച്ചയായും ഇതാ ഒരു ഇടവേള. വിദേശികളെ അതിഥികളായി സ്വീകരിക്കു. സുഹൃത്തുക്കളായി മടക്കി അയയ്ക്കു എന്നല്ലേ കേരള ടൂറിസം. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു മൂന്നു പേര്‍ക്കും സ്വാഗതം.)
'കവാടങ്ങള്‍ തുറക്കുന്നതാര്‍ക്ക് വേണ്ടി?' അവള്‍ ചോദിച്ചു.
'ഭിക്ഷക്കാരെയും പട്ടികളെയും ഓടിക്കാനാവും.'
'ഇവര്‍ പിന്നെ എങ്ങനെ ജീവിക്കണം.?'
'സ്വന്തമായി അധ്വാനിക്കാത്തവന് ഈ ഭുമിയില്‍ സ്ഥാനമില്ല.'
'രാഷ്ട്രീയക്കാര്‍ അധ്വാനിക്കാതെ ജീവിക്കുന്നവരല്ലേ'
'അവര്‍ ആകാശത്തിലെ പറവകളാണ്. ജനങ്ങള്‍ വിതയ്ക്കുന്നത് അവര്‍ കൊയ്യുന്നു.'
'എന്താണ് പോസിറ്റീവ് ആയി ചിന്തിച്ചാല്‍?'
'ഒഴുക്കിനൊത്ത് നീന്തുന്നവന്‍ എന്ന് ജനം കളിയാക്കില്ലെ ?'
'അത് കൊണ്ടാണോ അവാര്‍ഡ്‌ സിനിമകള്‍ ഇഷ്ടമല്ലാത്തത്‌?'
'സിനിമ സാങ്കേതിക വിദ്യയുടെ കലയാണ്. അവാര്‍ഡ്‌ സിനിമയേക്കാള്‍ ഡോക്യുമെന്റ്രി ആണ് എനിക്കിഷ്ടം.'
'മനുഷ്യനും മൃഗവും തമ്മില്‍ ഒരു വ്യത്യാസം പറയു.'
'രണ്ടെണ്ണം പറയാം, മനുഷ്യന്‍ പ്രശംസയില്‍ മയങ്ങുന്നു, മൃഗങ്ങള്ക്കാവട്ടെ കോംപ്ലെക്സും ഇല്ല.'
'ഇഷ്ടപെട്ട ദൈവവചനം പറയു.'
'ദൈവ വചനത്തേക്കാള്‍ എന്റെ വചനം കേള്‍ക്കു'
'പറയു, കേള്‍ക്കട്ടെ.'
'ദൈവം മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ചത്, അവന്‍ മണ്ണിലുറച്ചു നില്‍ക്കാനാണ് '
'മനസ്സിലായില്ലല്ലോ'
'അഹങ്കാരം കൊണ്ട് അവന്റെ കാലുകള്‍ ആകാശത്തേക്ക് ഉയരാന്‍ പാടില്ല. എങ്കില്‍ അവനാണ് സര്‍വ്വ സൌഭാഗ്യങ്ങളും'
'ദൈവമേ, കലിയുഗത്തില്‍ മറ്റൊരവതാരമോ?'
'പ്രവാചകന്മാര്‍ക്കു പണ്ടും ഒരു വിലയുമില്ലല്ലോ'
'പിണങ്ങണ്ട ... കോമ്പ്രമൈസ്. ഈ ചെറിയ കാര്യങ്ങള്‍ പറഞ്ഞു നമ്മള്‍ എന്തിനു സമയം പാഴാക്കണം, ഉറുമ്പ് അതിന്റെ വഴിക്ക് പോകട്ടെ'
'എങ്കില്‍ നമുക്ക് 'ബാവര'യെ കുറിച്ചോ ഐപാഡിനെ കുറിച്ചോ സംസാരിക്കാം.'
'വെറുതെ തമാശ പറയാതെ ഇച്ചായാ, നമുക്ക് നമ്മളെ കുറിച്ച് പറയാം.'
അയാള്‍ പൊട്ടിച്ചിരിച്ചു. 'നല്ല കാര്യം'
'ഇത് സ്വാര്‍ത്തതയാണെന്നാവും പറയാന്‍ പോകുന്നത് 'അവള്‍ പരിഭവിച്ചു, (ക്ഷമിക്കണം, കാര്യം പറയുന്നിടത്ത് സാഹിത്യം കടന്നു വരാന്‍ ഞാന്‍ അനുവദിക്കില്ല.)
'അല്ല. ഇതാണ് യഥാര്‍ത്ഥ ജീവിതം, നീയാണ് ടിപ്പിക്കല്‍ സ്ത്രീ'
"കഭി കഭി മേരെ ദില്‍ മേം ...." ബാക്കി ആഴ്ന്നിറങ്ങുന്ന ഒരു ഹമ്മിങ്ങിലേക്ക് കടന്നപ്പോള്‍ 'എന്താടോ ഒരു മൂളിപ്പാട്ട് ' എന്ന ചോദ്യവുമായി സുഹൃത്ത്‌ കടന്നു വരുന്നു. അനുവാദമില്ലാതെ കടന്നു വന്ന ഇടപെടല്‍ മൂലം 'കട്ട് ' പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു.

വ്യക്തികള്‍

അബ്ദുള്ള കുട്ടി
അങ്ങനെ അബ്ദുള്ള കുട്ടിയും കോണ്‍ഗ്രസ് ആയി. ഇത് പണ്ടേ ആയിരുന്നെങ്കില്‍ ഇപ്പോഴും എം. പി. ആയിട്ടിരിക്കാമായിരുന്നു.

ഗണേഷ്‌ കുമാര്‍
തെരഞ്ഞെടുക്കപ്പെട്ട ഒരു ജന പ്രതിനിധി എന്ന നിലയില്‍ മാത്രമല്ല അറിയപ്പെടുന്ന ഒരു സിനിമാ താരം എന്ന നിലയിലും താങ്കള്‍ക്ക് ആരാധകരുണ്ട്. ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ. നമ്മുടെ നാട്ടിലെ വര്‍ദ്ധിച്ചു വരുന്ന ജാതി മത വര്‍ഗീയ ദ്രുവീകരണത്തിന് താങ്കളെ പോലെ അറിവും വിദ്യാഭ്യസമുള്ളവരും കൂട്ട് നില്‍ക്കുകയാണോ എന്ന് തോന്നി പോകുന്നു. ഒരു പ്രത്യേക (നായര്‍) സമുദായത്തിന്‍റെ വോട്ടു മാത്രം കിട്ടിയല്ല താങ്കള്‍ ജയിച്ച് എം. എല്‍. എ. ആയത്‌ എന്നോര്‍ക്കണം. ഒരു സമുദായംഗം എന്നതിനപ്പുറം 'മലയാളി' എന്ന ഒരു വിശാല കാഴ്ചപ്പാട്‌ താങ്കളെ പോലെ സമൂഹത്തിനു മാതൃകയാവേണ്ടവരില്‍ നിന്നും ഞങ്ങള്‍ മലയാളികള്‍ പ്രതീക്ഷിക്കുന്നു. ഒരു സാമുദായിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രം താങ്കള്‍ ചുരുങ്ങി പോകരുത് എന്ന് ആഗ്രഹമുള്ളത്‌ കൊണ്ടാണ് ഇത്രയും എഴുതുന്നത്‌.

ഇനിയും കുറെ ആളുകളെ കുറിച്ച് പറയാനുണ്ട്‌.

നിരീക്ഷണങ്ങള്‍

ടെക്നോളജി
വല്യമ്മാവന്‍ മടിക്കുത്തഴിച്ച് എന്തോ പുറത്തെടുത്തു. മുറുക്കാന്‍ പൊതിയാണോ?... അതോ ബീഡിയോ?... അല്ല! മൊബൈ‍ലാണ്. കണ്ണിനോടു ചേര്‍ത്ത് പിടിച്ചു സൂക്ഷിച്ചു നോക്കി. ഇല്ല.. ! ഒരുത്തനും ഒരു മിസ്സ്ഡ്‌ കാള്‍ പോലും അടിച്ചിട്ടില്ല. കഷ്ടം!! വീണ്ടും തിരിച്ചു മുണ്ടിന്‍റെ കോന്തലയില്‍ കെട്ടി വെച്ചു. നോക്കിയയാ..

ക്ലാസ്സിക്‌ അഥവാ പൈങ്കിളി
പൌലോ കൊയ്‌ലോ എന്ന ബ്രസീലിയന്‍ എഴുത്തുകാരന്‍ ഇലവന്‍ മിനിട്സ് എന്ന നോവലില്‍ പച്ചയായി സെക്സും പ്രേമവും എഴുതിയപ്പോള്‍ അതൊരു സംഭവമായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ മുട്ടത്തു വര്‍ക്കിയും എഴുതിയത് ഇത് തന്നെ. വിദേശി എഴുതിയപ്പോള്‍ ക്ലാസ്സിക്കും മലയാളി എഴുതിയപ്പോള്‍ അത് പൈങ്കിളിയും. നമ്മുടെ നിരൂപകരുടെ ഒരു ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍...

ഭാഷ
സായിപ്പ്‌ സായിപ്പിന്‍റെ ഭാഷ സംസാരിക്കുന്നു. അറബി അറബിയില്‍ സംസാരിക്കുന്നു. ഹിന്ദിക്കാരന്‍ ഹിന്ദിയില്‍ ബോല്‍തുന്നു. അവരാരും നിങ്ങളുടെ ഭാഷ സംസാരിക്കാന്‍ മിനക്കെടുന്നില്ല. പിന്നെ മലയാളി മാത്രമെന്താ അറബിയോട് അറബിയിലും സായിപ്പിനോട്‌ ഇംഗ്ലീഷിലും ഹിന്ദിക്കാരനോട് ഹിന്ദിയിലും സംസാരിക്കുന്നു.. മലയാളി എന്താ ഇങ്ങനെ? എങ്ങനെ..!!! ജീവിച്ചു പോട്ടെ സാറെ...

റിട്ടയര്‍മെന്റ്
രാക്ഷ്ട്രീയ രംഗത്തായാലും സാംസ്ക്കാരിക രംഗത്തായാലും ഒരു റിട്ടയര്‍മെന്റ് ആവശ്യമല്ലേ.. അങ്ങനെ വേണമെന്ന് തോന്നുന്നു ചില മുതിര്‍ന്ന പൗരന്മാരുടെ സംസാരം കേള്‍ക്കുമ്പോള്‍.. എഴുപത്തഞ്ചു വയസ്സ് (എഴുപത് ഉത്തമം) കഴിഞ്ഞാല്‍ സ്വയം വിട വാങ്ങുന്നതല്ലേ നല്ലത്.. വയസ്സാകുന്തോറും പറയുന്നതും പ്രവര്‍ത്തിക്കുന്നതും സ്വയം ബുദ്ധിയില്‍ നിന്നല്ല എന്ന് വേണം സമകാലിക സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അഴീക്കോടും വീയെസ്സും കരുണാകരനും തന്നെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങള്‍. ഇ. എം. എസ്സിന്റെയും നായനാരുടെയും അവസാനകാല പ്രസ്താവനകളും മലയാളികള്‍ക്ക് നാണമെന്താണന്നു മനസ്സിലാക്കി കൊടുത്തു. ഇവര്‍ക്ക് ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെങ്കില്‍ പെന്‍ഷന്‍ കൊടുക്കാം. അന്തരീക്ഷം ഇങ്ങനെ മലിനമാക്കണോ?

കാലം മാറി..

ഇന്നലെ കേട്ടത് : അവനൊരു ആങ്കുട്ടിയല്ലേ, എങ്ങനേലും ജീവിച്ചോളും...

ഇന്ന് കേട്ടത്: അവളൊരു പെണ്കുട്ടിയല്ലേ, ആരുടെയെങ്കിലും കൂടെ പൊയ്ക്കോളും...


തയ്യല്ദേവന്

'ആദിപരാശക്തി'ക്കും 'ദേവി മഹാ മായ'ക്കും ആറ്റുകാലമ്മയ്ക്കും വസ്ത്രങ്ങള്തുന്നുന്ന മഹാനായ തയ്യല്ദേവാ അങ്ങ് ഏതു മെഷീനിലാണ് ആവ തയ്ക്കുന്നത്. ഉഷയിലോ ... സെനിത്തിലോ ... (തെറ്റിദ്ധരിക്കരുത്.. ടീവി സീരിയലിനെ കുറിച്ചാണ്..)