Sunday, April 8, 2018

തിരുവന്തോരത്തെ തീയറ്ററുകള്‍!


തീയറ്ററുകളുടെ കാര്യത്തില്‍ അന്നും ഇന്നും തിരുവന്തോരം സമ്പന്നമാണ്. സിനിമാ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ നാടായ നാടൊക്കെ തീയറ്ററുകളായ തീയറ്ററുകളൊക്കെ പൊളിച്ച് സ്ക്രീനും വലിച്ചു കീറി കല്യാണമണ്ഡപങ്ങളാക്കിയപ്പോള്‍ പോലും തിരുവന്തോരം ആ വഴിക്ക് പോയിട്ടില്ല. മാത്രമല്ല ഒന്നായിരുന്ന പല തീയറ്ററുകളും രൂപമാറ്റം വരുത്തി രണ്ടും മൂന്നും അഞ്ചും ആറും സ്ക്രീനുകളായി മാറി. രണ്ട് തീയറ്റര്‍ ആയിരുന്ന 'കൈരളി'യും 'ശ്രീ'യും ഒരു സ്ക്രീനിനും കൂടി ഇടം കൊടുത്ത് ('നിള') മൂന്ന് ആയി. 'ശ്രീപത്മനാഭ'യും 'ദേവിപ്രിയ'യെ കൂടി ചേര്‍ത്ത് രണ്ട് ആയി. ഒന്നായിരുന്ന 'ന്യൂ' തീയറ്റര്‍ മൂന്ന്‍ സ്ക്രീന്‍ ആയി. നാല് സ്ക്രീന്‍ ഉണ്ടായിരുന്ന (അശ്വതി, ആതിര, അഞ്ജലി, അതുല്യ) SL തീയറ്റര്‍ പുതുക്കി ആറ് സ്ക്രീന്‍ ആയി. 'കൃപ' പുതുക്കി പണിത് തല്ക്കാലം ഒരെണ്ണം പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഒരെണ്ണം കൂടി ഉടന്‍ തയ്യാറായി വരുന്നുണ്ട്. മാറ്റമില്ലാതെ നില്‍ക്കുന്നത് 'ശ്രീകുമാര്‍'‍, 'ശ്രീവിശാഖ്', 'ധന്യ', 'രമ്യ', 'അജന്ത' തീയറ്ററുകളാണ്. കാലത്തിനൊത്ത് അവര്‍ക്കും മാറേണ്ടി വരും. ബാല്‍ക്കണിയൊക്കെ അശ്ലീലമായ ഇക്കാലത്ത് 'കലാഭവനും' രണ്ട് തീയറ്റര്‍ ആക്കാനുള്ള സൌകര്യമുണ്ട്. 'സെന്‍ട്രല്‍' തീയറ്ററില്‍ ഇപ്പോഴും പ്രദര്‍ശനം നടക്കുന്നുണ്ടെന്നതാണ് സിറ്റിയിലെ മറ്റൊരു അറിയപ്പെടാത്ത രഹസ്യം.
പൂട്ടിപ്പോയത്, പട്ടം 'കല്‍പ്പന'യും (ഇപ്പോഴത്തെ ബിഗ്‌ ബസാര്‍ ഇരിക്കുന്നിടം) 'പാര്‍ത്ഥാസും' 'ശ്രീബാല'യും ആണ്. കെ.എസ് ഗോപാലകൃഷ്ണന്‍ സാറും ചന്ദ്രകുമാറും ഷക്കീലയും മറിയയും പിന്‍ഗാമികളില്ലാതെ രംഗം വിട്ടതാണ് ശ്രീബാലക്ക് തിരിച്ചടിയായതെന്ന്‍ തോന്നുന്നു. 'U' സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ചിത്രങ്ങളുടെ പോലും പോസ്റ്ററില്‍ വട്ടത്തിനകത്ത് 'A' വരച്ച് ആളുകളെ ആകര്‍ഷിച്ചിരുന്നൊരു  കാലമുണ്ടായിരുന്നു ശ്രീബാലയില്‍. 
പണ്ട് ഭാഷയും ഇനവും തിരിച്ച് തീയറ്ററുകള്‍ തരം തിരിച്ചിരുന്നൊരു കാലവുമുണ്ടായിരുന്നു.  ഇംഗ്ലീഷ് ത്രില്ലര്‍, ഹൊറര്‍ ചിത്രങ്ങള്‍ക്ക് ന്യൂ, ശ്രീകുമാര്‍, തമിഴ് ചിത്രങ്ങള്‍ക്ക് സെന്‍ട്രല്‍, 'ഏപ്പടമാണെങ്കില്‍ ശ്രീബാല, അങ്ങനെ....! നഗരത്തിന് പുറത്ത് പേരൂര്‍ക്കട ജനത, പേട്ട കാർത്തികേയ, ആര്യശാല യിലെ ചിത്ര, കിള്ളിപ്പാലം ശിവ ഇവയൊക്കെയാണ് പൂട്ടിപ്പോയ മറ്റ് തിയറ്ററുകൾ.വട്ടിയൂര്‍ക്കാവില്‍ ഉണ്ടായിരുന്ന രണ്ട്  തീയറ്ററുകളും പൂട്ടിപ്പോയി. വട്ടിയൂര്‍ക്കാവ് 'ശാന്തി' ഇരുന്നയിടം ബഹുനില ഫ്ലാറ്റ് ആയി. 'ലക്ഷ്മി' ഏഷ്യാനെറ്റ് വാങ്ങി സ്റ്റുഡിയോ ആക്കി.  
നാട്ടിന്‍പുറത്തുകാരുടെ വൈകുന്നേരങ്ങളിലെ നേരമ്പോക്കിന് പരിഹാരമാവില്ലെങ്കിലും ശ്രീകാര്യം സ്പോര്‍ട്സ് ഹബ്ബിനോട് ചേര്‍ന്ന് നാല് സ്ക്രീനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരെണ്ണം കൂടി ഉടനെ പ്രവര്‍ത്തന സജ്ജമാകും. അതും പോരാഞ്ഞിട്ടാണ് പുതിയ 'മാള്‍ ഓഫ് ട്രാവന്കൂറി'ലെ അഞ്ച് സ്ക്രീനുകള്‍. ഒരെണ്ണം കൂടി റെഡിയായി വരുന്നുണ്ട്. ബസ് കാത്തിരുന്ന് മുഷിയുന്നവരുടെ കഷ്ടപ്പാട് കണ്ടിട്ടാവണം തമ്പാനൂരിലെ ബസ്സ്റ്റാന്റ് ടെര്‍മിനലിലും മൂന്ന് സ്ക്രീനുകള്‍ ആരംഭിക്കാന്‍ പോകുകയാണ്. ഇപ്പോള്‍ തന്നെ പാര്‍ക്കിംഗും ഗതാഗതകുരുക്കും കാരണം വീര്‍പ്പ് മുട്ടുന്ന നഗര ഹൃദയത്തില്‍ പുതിയ തീയറ്ററുകള്‍ കൂടി തുടങ്ങിയാല്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണ്ടു തന്നെ അറിയണം. തിരുവന്തോരംകാരുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായ 'ഫിലിം ഫെസ്റ്റിവല്‍' പ്രേക്ഷകരുടെ ചിരകാല അഭിലാഷമായ തീയറ്റര്‍ കോമ്പ്ലെക്സ് കൂടി വരുന്നതോടെ തീയറ്ററില്‍ ഓടിക്കാന്‍ റിലീസ് സിനിമകള്‍ മതിയാവാതെ വരും. തിരുവല്ലത്താണ് കോമ്പ്ലെക്സ് വരുന്നതെങ്കില്‍ അടൂര്‍ പറഞ്ഞത് പോലെ ഫെസ്റ്റിവല്‍ കഴിയുമ്പോള്‍ പൊടിയടിച്ച് അവിടെ കിടക്കും. അല്ലെങ്കിലും ഇത്രേം തീയറ്ററുകള്‍ സിറ്റിയില്‍ കിടക്കുമ്പോള്‍ സിനിമ കാണാന്‍ മാത്രം ആളുകള്‍ തിരുവല്ലം വരെ പോകുമോ? അറിയില്ല. മാത്രമല്ല തീയറ്ററുകളില്‍ നിന്ന് തീയറ്ററുകളിലേക്കുള്ള ഓട്ടവും കൂടി ചേര്‍ത്തുള്ള ആഘോഷത്തിനല്ലേ 'ഫിലിം ഫെസ്റ്റിവല്‍' എന്ന് പറയുന്നത്. അഞ്ചോ ആറോ സ്ക്രീനുകള്‍ പണിയാന്‍ ടാഗോര്‍ തീയറ്റര്‍ കോമ്പൌണ്ടില്‍ ആവശ്യത്തിന് സ്ഥലം കിടക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ പിടിവാശി.
പാര്‍ക്കിംഗ് ഫീസ്‌ എടുത്ത് കളഞ്ഞ് സിനിമാസ്വാദകരെ തീയറ്ററുകളിലേക്ക് അടുപ്പിച്ചത് പോലെ സര്‍ക്കാര്‍ ഇടപെടേണ്ട മറ്റൊരു രംഗമാണ് തീയറ്ററുകളിലെ 3D കൊള്ള. പത്തു രൂപ വിലയുള്ള 3D കണ്ണടക്ക് 30 രൂപ വാടക ഈടാക്കുന്ന തീയറ്ററുകള്‍ക്കെതിരെ നടപടി എടുക്കേണ്ടതാണ്. ആള് കുറവാണെങ്കില്‍ താഴത്തെ റിസര്‍വ്ഡ് സര്‍ക്കിള്‍ അടച്ചിട്ട് ബാല്‍ക്കണി ടിക്കറ്റ് മാത്രം വില്‍ക്കുന്ന ശ്രീവിശാഖ് തീയറ്ററുകാരന്റെ ഒടുക്കത്തെ ബുദ്ധിയും തിരുവനന്തപുരത്തെ സിനിമാ സംസ്കാരത്തിന് യോജിച്ചതല്ല.
ഇനി ആര്‍ക്കെങ്കിലും സിറ്റിയില്‍ തീയറ്റര്‍ തുടങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് പാളയം, വെള്ളയമ്പലം ഭാഗത്തായാല്‍ നന്നായിരുന്നു. ഇപ്പോഴുള്ള തീയറ്ററുകളെല്ലാം തമ്പാനൂര്‍, കിഴക്കേകോട്ട കേന്ദ്രീകരിച്ചായത് കാരണം കോളേജ് പിള്ളാര്‍ക്ക് ഒരല്‍പ്പം ബുദ്ധിമുട്ടുണ്ട്.
-------------------------------
*ഒരിത്തിരി നാട്ടുകാര്യം.:
തിരുവനന്തപുരത്തെ കാര്യം പറയുമ്പോള്‍ സ്വന്തം നാട്ടിലെ കാര്യം പറയാതെ പോകുന്നത് ശെരിയല്ലല്ലോ. കടയ്ക്കല്‍-കാഞ്ഞിരത്തുംമൂട് ഭാഗത്തുണ്ടായിരുന്ന നാല് തീയറ്ററുകളില്‍ രണ്ടെണ്ണം പൂട്ടിപ്പോയി. ചിങ്ങേലി 'സന്തോഷ്‌' പിന്നെ 'അമൃത' ആയെങ്കിലും പൂട്ടി. 'മോഹന്‍' തീയറ്റര്‍ പേര് മാറ്റി 'സെന്‍ട്രല്‍' ആയി പൂട്ടി. 'ശ്രീധന്യ'യും 'ശ്രീശൈല'വും കല്യാണ മണ്ഡപമാക്കിയെങ്കിലും ഒരിടവേളക്ക് ശേഷം വീണ്ടും തീയറ്ററുകളായി തിരിച്ച് വന്നു. 40 പൈസക്ക് ടിക്കറ്റ് എടുത്ത് മുന്‍വശത്ത് ബെഞ്ചില്‍ ഇരുന്ന് സിനിമ കണ്ടു തുടങ്ങിയ കിഴക്കുംഭാഗത്തെ 'ബീന' തീയറ്റര്‍ ആണ് തീയറ്റര്‍. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു, ജയന്റെ 'ആക്രമണം' ബീന തീയറ്ററില്‍ വരുന്നത്. ടിക്കറ്റ് എടുക്കുന്നതിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഇടത് കൈ ടിക്കറ്റ് കൌണ്ടറിന്റെ ഭിത്തിയില്‍ ഉരഞ്ഞ് ഉണ്ടായ പാടാണ് എന്റെ SSC ബുക്കിലെ എന്നെ തിരിച്ചറിയാന്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു അടയാളം. ബീന തീയറ്ററും പൂട്ടിപ്പോയി. ഇപ്പോഴും കിഴക്കുംഭാഗത്തും കടയ്ക്കലും ഓരോ തീയറ്ററിന് സാധ്യതയുണ്ട്.
-------------------------------------------
**എന്തെങ്കിലും എഴുതൂ സീരീസ്-1
ഫെയ്സ്ബുക്ക് തുറന്നാല്‍ 'എന്തെങ്കിലും എഴുതൂ, എന്തെങ്കിലും എഴുതൂംന്നും' പറഞ്ഞ് സക്കറണ്ണന്‍ നിര്‍ബന്ധിച്ചാല്‍ എഴുതാതിരിക്കുന്നതെങ്ങനെ? അതുകൊണ്ട് എഴുതി പോയതാണ്.

ചരിത്രം മാറ്റി മറിച്ച മൂന്ന് സിനിമകള്‍



ഒന്ന്: എസ്ര
******************************
രണ്ട് നിലകളിലായി പത്തിരുപത് മുറികളുള്ള ഒരു വീട്. ആക്രി സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന തട്ടിന്‍ പുറം ഉറപ്പായിട്ടും വേണം. 
രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും ലൈറ്റ് ഇടാതെ വീട് മുഴുവന്‍ തപ്പാന്‍ ഇറങ്ങുന്ന നായകന്‍ ഒന്ന്. ലൈറ്റിന്റെ സ്വിച്ച് ഇട്ടാലും മിന്നി മിന്നി കത്തിക്കാന്‍ അറിയാവുന്ന ഇലക്ട്രീഷ്യന്‍ രണ്ട്. തനിയെ തുറക്കുകയും അടയുകയും ചെയ്യുന്ന വാതില്‍ ഒന്നോ രണ്ടോ. നിഴല് കണ്ടാല്‍ പേടിച്ച് നിലവിളിക്കാന്‍ അറിയുന്ന നായിക ഒന്ന്. അലറി വിളിച്ചാലും വിളി കേള്‍ക്കാത്ത ജോലിക്കാരി ഒന്ന്. മലയാളമല്ലാതെ വേറെ ഏതെങ്കിലും ഭാഷയില്‍ എന്തെങ്കിലും മുദ്രണം ചെയ്ത പെട്ടി ഒന്ന്. ഒന്ന്‍ രണ്ട് പേരെ വായുവില്‍ ഉയര്‍ത്തി നിര്‍ത്താന്‍ ബലമുള്ള കയര്‍ 100 മീറ്റര്‍. കാറ്റ്, മഴ തുടങ്ങിയവ ഉണ്ടാക്കുന്ന യന്ത്രം രണ്ടെണ്ണം വീതം. 23 വര്‍ഷം മുന്‍പിറങ്ങിയ മണിച്ചിത്രത്താഴിലെ 'നാഗവല്ലി'യുടെ ബാധ ഇത് വരെ ദേഹത്ത് നിന്ന് ഒഴിഞ്ഞു പോകാത്ത സംവിധായകന്‍ ഒന്ന്.
'എന്നാ പിന്നെ ഞാനങ്ങോട്ട്...'
'നിക്കവിടെ! ഇത്രേം സാധനങ്ങള്‍ കൂട്ടി വെച്ചിട്ട് താനെങ്ങോട്ടാ ഈ പോകുന്നത്..'
'അല്ല ഒരു ഹൊറര്‍ സിനിമ പിടിച്ചിട്ട് വരാം...'
'വേഗം വേണം. എന്നിട്ട് വേണം ഒന്ന്‍ പേടിക്കാന്‍. വിനയന്റെ ഡ്രാക്കുള കണ്ടിട്ട് പേടിച്ചതാ ലാസ്റ്റ്.

****************************
'എസ്ര' കണ്ടിട്ട് 'ജോമോന്റെ സുവിശേഷം' കണ്ടത് കൊണ്ടാകണം സത്യന്‍ അന്തിക്കാടിനോട് ബഹുമാനം കൂടി വരുന്നത്. മുന്‍ സിനിമകളെ അപേക്ഷിച്ച് സെന്റിമെന്‍സ് അല്പം കുറവാണെങ്കിലും ഇത്രേം കഥാപാത്രങ്ങളില്‍ ഒരാളെയെങ്കിലും അനാഥനാക്കാമായിരുന്നു.


*********************************
രണ്ട്: കൃഷ്‌ 3
*********************************

നമ്മള്‍ ഇന്ത്യാക്കാര്‍ അമേരിക്കയേക്കാള്‍ 20 വര്‍ഷം പിറകിലാണെന്ന് ആഗോളവല്‍ക്കരണത്തിന് മുന്പൊരു വര്‍ത്തമാനം ഉണ്ടായിരുന്നു. സിനിമയുടെ കാര്യത്തില്‍ ആ പറഞ്ഞത് ഇപ്പോഴും അക്ഷരം പ്രതി ശെരിയാണെന്ന് 'കൃഷ്‌ 3' തെളിയിക്കും. തൊണ്ണൂറുകളില്‍ ജെയിംസ് കാമറൂണും ഷ്വാസ്നെഗറും മതിയാക്കി പോയ സ്ഥലത്ത് നിന്നാണ് രാകേഷ് റോഷനും ഹൃത്വിക് റോഷനും തുടങ്ങുന്നത്.
കുട്ടിക്കാലത്ത് വഴി പിരിഞ്ഞു പോയ രണ്ട് കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ ഒരാള്‍ കൊള്ളസംഘം തുടങ്ങുന്നു. മറ്റൊരാള്‍ നായകനാകുന്നു. ഒരു മല തുരന്ന്‍ അതിനുള്ളിലാണ് കൊള്ളസംഘതിന്റെ ആസ്ഥാനം (പരിസ്ഥിതിക്കാര്‍ ആരും കണ്ടില്ലേ.??). വില്ലന്‍ ഒരു കാരണവുമില്ലാതെ രോഗം പരത്തുന്ന കുറെ ബാക്ടീരിയകളെ നാലുപാടും വിതറുകയാണ്‌. നായകന്‍ വിടുമോ. തൃശൂര്‍ പൂരത്തിന് കത്തിക്കുന്ന അമിട്ടില്‍ കരിമരുന്നിന് പകരം മറുമരുന്ന് നിറച്ച് ആകാശത്ത് പൊട്ടിച്ച് പകരം വീട്ടി. കലി മൂത്ത വില്ലന്‍ നായകന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോകുന്നു. നായകന്റെ നീക്കങ്ങള്‍ അറിയാന്‍ വില്ലന്‍ തന്റെ സംഘത്തിലെ ഒരു സ്ത്രീയെ നായകന്റെ വീട്ടിലേക്ക് വിടുന്നു. (സ്ത്രീയെ വിട്ടതാണ് വില്ലന് പറ്റിയ ആദ്യത്തെ മണ്ടത്തരം.) ആള്‍മാറാട്ടത്തില്‍ വീട്ടില്‍ കടന്ന് കൂടിയെങ്കിലും ഒരു ചുംബനത്തില്‍ എല്ലാം മറന്ന വില്ലത്തി നായകന്റെ കൂടെ ചേരുന്നു. നായകനും വില്ലത്തിയും നേരെ വില്ലന്റെ കൊള്ള സങ്കേതത്തിലേക്ക്. പിന്നെ പൂരത്തിന്റെ വെടിക്കെട്ടിന്റെ കലാശക്കൊട്ടാണ്. ഉരുക്ക് പാളികള്‍ ശരീരത്ത് പൊതിഞ്ഞതാണ് വില്ലന് പറ്റിയ രണ്ടാമത്തെ തെറ്റ്. ശക്തിയായ ചൂടില്‍ പാവം വില്ലന്‍ ഉരുകി ഒലിച്ചു പോയില്ലേ.
കഥ കേട്ടിട്ട് പ്രേംനസീര്‍ -ജോസ് പ്രകാശ്‌ -എം.എന്‍ നമ്പ്യാര്‍ സിനിമയാണോ എന്നൊരു സംശയം ഉണ്ടാകുന്നുണ്ടോ. പണ്ട് സിംഗപ്പൂരിലും ജോര്‍ദാനിലും പോയി ഷൂട്ട്‌ ചെയ്യാനുള്ള കാശും 3ഡി ഗ്രാഫിക്സും ഒന്നും ഇല്ലാത്തത് കൊണ്ട് മാത്രം പ്രേം നസീര്‍ അമാനുഷികനായില്ല.
**************************************

മൂന്ന്: വിനയന്റെ ഡ്രാക്കുള
**************************************

ഒരു കോമഡി സിനിമ കണ്ടിട്ട് കുറെ നാളായത് കൊണ്ടാണ് 'ഡ്രാക്കുള' കാണാന്‍ കേറിയത്‌..,. എന്തായാലും വിനയന്‍ നിരാശപ്പെടുത്തിയില്ല. ഏത് ഉഗാണ്ടക്കാരനിലും മലയാളി ബന്ധം കണ്ടു പിടിക്കുന്ന 'മനോരമ ടെക്നിക്' വിനയന്‍ കോപ്പി അടിച്ചതോട് കൂടി ഡ്രാക്കുളയുടെ ഗ്യാസ് പോയി. അല്ലെങ്കില്‍ ഡ്രാക്കുളക്ക് ഇത്തിരിയെങ്കിലും ബോധം ഉണ്ടായിരുന്നെങ്കില്‍ മലയാളിയുടെ ദേഹത്ത് കേറി കേരളത്തിലേയ്ക്ക് വരരുതായിരുന്നു. 'മലയാളി ഡ്രാക്കുള' ആയതോട്‌ കൂടി ശക്തിമാനായ ഡ്രാക്കുളയുടെ ശക്തിയും പോയി, തളക്കാന്‍ വന്ന മന്ത്രവാദിയുടെ ശക്തിയും പോയി. വെറും സൂര്യപ്രകാശം ഏറ്റല്ലേ കത്തി ചാമ്പലായി പോയത്. (വെയിലത്ത്‌ ഇറങ്ങി മലയാളി പണി എടുക്കില്ല എന്ന് പറയാതെ പറഞ്ഞു.) അവസാനം ഒരു ഭീക്ഷണിയും. 'അവന്‍ വീണ്ടും വരും' എന്ന്. അതായത് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാം. പിന്നെയും ഒരു സംശയം ബാക്കി, 'ഡ്രാക്കുള ഷേവ് ചെയ്യുമോ? ആലോചിച്ച് ആലോചിച്ച് തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പിന്നില്‍ അശരീരി പോലെ ഡ്രാക്കുളയുടെ ശബ്ദം കാതില്‍.,. "ആ വിനയനെ കാണുന്നെങ്കില്‍ എന്നോട് ഈ ചതി ചെയ്യണ്ടായിരുന്നു എന്ന് പറഞ്ഞേക്കണേ"
** എന്തെങ്കിലും അബദ്ധം പറ്റിയാല്‍ 'വിനയന്‍റെ ഡ്രാക്കുള കണ്ടത് പോലെയായി' എന്നൊരു പുതുചൊല്ല് വരാന്‍ സാധ്യതയുണ്ട്.