തീയറ്ററുകളുടെ കാര്യത്തില്‍ അന്നും ഇന്നും തിരുവന്തോരം സമ്പന്നമാണ്. സിനിമാ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ നാടായ നാടൊക്കെ തീയറ്ററുകളായ തീയറ്ററുകളൊക്കെ പൊളിച്ച് സ്ക്രീനും വലിച്ചു കീറി കല്യാണമണ്ഡപങ്ങളാക്കിയപ്പോള്‍ പോലും തിരുവന്തോരം ആ വഴിക്ക് പോയിട്ടില്ല. മാത്രമല്ല ഒന്നായിരുന്ന പല തീയറ്ററുകളും രൂപമാറ്റം വരുത്തി രണ്ടും മൂന്നും അഞ്ചും ആറും സ്ക്രീനുകളായി മാറി. രണ്ട് തീയറ്റര്‍ ആയിരുന്ന 'കൈരളി'യും 'ശ്രീ'യും ഒരു സ്ക്രീനിനും കൂടി ഇടം കൊടുത്ത് ('നിള') മൂന്ന് ആയി. 'ശ്രീപത്മനാഭ'യും 'ദേവിപ്രിയ'യെ കൂടി ചേര്‍ത്ത് രണ്ട് ആയി. ഒന്നായിരുന്ന 'ന്യൂ' തീയറ്റര്‍ മൂന്ന് സ്ക്രീന്‍ ആയി. നാല് സ്ക്രീന്‍ ഉണ്ടായിരുന്ന (അശ്വതി, ആതിര, അഞ്ജലി, അതുല്യ) SL തീയറ്റര്‍ പുതുക്കി ആറ് സ്ക്രീന്‍ ആയി. 'കൃപ' പുതുക്കി പണിത് തല്ക്കാലം ഒരെണ്ണം പ്രവര്ത്തനമാരംഭിച്ചെങ്കില
പൂട്ടിപ്പോയത്, പട്ടം 'കല്‍പ്പന'യും (ഇപ്പോഴത്തെ ബിഗ് ബസാര്‍ ഇരിക്കുന്നിടം) 'പാര്‍ത്ഥാസും' 'ശ്രീബാല'യും ആണ്. കെ.എസ് ഗോപാലകൃഷ്ണന് സാറും ചന്ദ്രകുമാറും ഷക്കീലയും മറിയയും പിന്‍ഗാമികളില്ലാതെ രംഗം വിട്ടതാണ് ശ്രീബാലക്ക് തിരിച്ചടിയായതെന്ന് തോന്നുന്നു. 'U' സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ചിത്രങ്ങളുടെ പോലും പോസ്റ്ററില്‍ വട്ടത്തിനകത്ത് 'A' വരച്ച് ആളുകളെ ആകര്‍ഷിച്ചിരുന്നൊരു കാലമുണ്ടായിരുന്നു ശ്രീബാലയില്‍. പണ്ട് ഭാഷയും ഇനവും തിരിച്ച് തീയറ്ററുകള്‍ തരം തിരിച്ചിരുന്നൊരു കാലവുമുണ്ടായിരുന്നു. ഇംഗ്ലീഷ് ത്രില്ലര്‍, ഹൊറര്‍ ചിത്രങ്ങള്‍ക്ക് ന്യൂ, ശ്രീകുമാര്‍, തമിഴ് ചിത്രങ്ങള്‍ക്ക് സെന്‍ട്രല്‍, 'ഏപ്പടമാണെങ്കില്‍ ശ്രീബാല, അങ്ങനെ....! നഗരത്തിന് പുറത്ത് പേരൂര്‍ക്കട ജനത, പേട്ട കാർത്തികേയ, ആര്യശാല യിലെ ചിത്ര, കിള്ളിപ്പാലം ശിവ ഇവയൊക്കെയാണ് പൂട്ടിപ്പോയ മറ്റ് തിയറ്ററുകൾ.വട്ടിയൂര്‍ക്കാവില്‍ ഉണ്ടായിരുന്ന രണ്ട് തീയറ്ററുകളും പൂട്ടിപ്പോയി. വട്ടിയൂര്‍ക്കാവ് 'ശാന്തി' ഇരുന്നയിടം ബഹുനില ഫ്ലാറ്റ് ആയി. 'ലക്ഷ്മി' ഏഷ്യാനെറ്റ് വാങ്ങി സ്റ്റുഡിയോ ആക്കി.
നാട്ടിന്‍പുറത്തുകാരുടെ വൈകുന്നേരങ്ങളിലെ നേരമ്പോക്കിന് പരിഹാരമാവില്ലെങ്കിലും ശ്രീകാര്യം സ്പോര്‍ട്സ് ഹബ്ബിനോട് ചേര്‍ന്ന് നാല് സ്ക്രീനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരെണ്ണം കൂടി ഉടനെ പ്രവര്‍ത്തന സജ്ജമാകും. അതും പോരാഞ്ഞിട്ടാണ് പുതിയ 'മാള്‍ ഓഫ് ട്രാവന്കൂറി'ലെ അഞ്ച് സ്ക്രീനുകള്‍. ഒരെണ്ണം കൂടി റെഡിയായി വരുന്നുണ്ട്. ബസ് കാത്തിരുന്ന് മുഷിയുന്നവരുടെ കഷ്ടപ്പാട് കണ്ടിട്ടാവണം തമ്പാനൂരിലെ ബസ്സ്റ്റാന്റ് ടെര്‍മിനലിലും മൂന്ന് സ്ക്രീനുകള്‍ ആരംഭിക്കാന്‍ പോകുകയാണ്. ഇപ്പോള്‍ തന്നെ പാര്‍ക്കിംഗും ഗതാഗതകുരുക്കും കാരണം വീര്‍പ്പ് മുട്ടുന്ന നഗര ഹൃദയത്തില്‍ പുതിയ തീയറ്ററുകള്‍ കൂടി തുടങ്ങിയാല്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണ്ടു തന്നെ അറിയണം. തിരുവന്തോരംകാരുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായ 'ഫിലിം ഫെസ്റ്റിവല്‍' പ്രേക്ഷകരുടെ ചിരകാല അഭിലാഷമായ തീയറ്റര്‍ കോമ്പ്ലെക്സ് കൂടി വരുന്നതോടെ തീയറ്ററില്‍ ഓടിക്കാന്‍ റിലീസ് സിനിമകള്‍ മതിയാവാതെ വരും. തിരുവല്ലത്താണ് കോമ്പ്ലെക്സ് വരുന്നതെങ്കില്‍ അടൂര്‍ പറഞ്ഞത് പോലെ ഫെസ്റ്റിവല്‍ കഴിയുമ്പോള്‍ പൊടിയടിച്ച് അവിടെ കിടക്കും. അല്ലെങ്കിലും ഇത്രേം തീയറ്ററുകള്‍ സിറ്റിയില്‍ കിടക്കുമ്പോള്‍ സിനിമ കാണാന്‍ മാത്രം ആളുകള്‍ തിരുവല്ലം വരെ പോകുമോ? അറിയില്ല. മാത്രമല്ല തീയറ്ററുകളില്‍ നിന്ന് തീയറ്ററുകളിലേക്കുള്ള ഓട്ടവും കൂടി ചേര്‍ത്തുള്ള ആഘോഷത്തിനല്ലേ 'ഫിലിം ഫെസ്റ്റിവല്‍' എന്ന് പറയുന്നത്. അഞ്ചോ ആറോ സ്ക്രീനുകള്‍ പണിയാന്‍ ടാഗോര്‍ തീയറ്റര്‍ കോമ്പൌണ്ടില്‍ ആവശ്യത്തിന് സ്ഥലം കിടക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ പിടിവാശി.
പാര്‍ക്കിംഗ് ഫീസ് എടുത്ത് കളഞ്ഞ് സിനിമാസ്വാദകരെ തീയറ്ററുകളിലേക്ക് അടുപ്പിച്ചത് പോലെ സര്‍ക്കാര്‍ ഇടപെടേണ്ട മറ്റൊരു രംഗമാണ് തീയറ്ററുകളിലെ 3D കൊള്ള. പത്തു രൂപ വിലയുള്ള 3D കണ്ണടക്ക് 30 രൂപ വാടക ഈടാക്കുന്ന തീയറ്ററുകള്‍ക്കെതിരെ നടപടി എടുക്കേണ്ടതാണ്. ആള് കുറവാണെങ്കില്‍ താഴത്തെ റിസര്‍വ്ഡ് സര്‍ക്കിള്‍ അടച്ചിട്ട് ബാല്‍ക്കണി ടിക്കറ്റ് മാത്രം വില്‍ക്കുന്ന ശ്രീവിശാഖ് തീയറ്ററുകാരന്റെ ഒടുക്കത്തെ ബുദ്ധിയും തിരുവനന്തപുരത്തെ സിനിമാ സംസ്കാരത്തിന് യോജിച്ചതല്ല.
ഇനി ആര്‍ക്കെങ്കിലും സിറ്റിയില്‍ തീയറ്റര്‍ തുടങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് പാളയം, വെള്ളയമ്പലം ഭാഗത്തായാല്‍ നന്നായിരുന്നു. ഇപ്പോഴുള്ള തീയറ്ററുകളെല്ലാം തമ്പാനൂര്‍, കിഴക്കേകോട്ട കേന്ദ്രീകരിച്ചായത് കാരണം കോളേജ് പിള്ളാര്‍ക്ക് ഒരല്‍പ്പം ബുദ്ധിമുട്ടുണ്ട്.
--------------------------
*ഒരിത്തിരി നാട്ടുകാര്യം.:
തിരുവനന്തപുരത്തെ കാര്യം പറയുമ്പോള്‍ സ്വന്തം നാട്ടിലെ കാര്യം പറയാതെ പോകുന്നത് ശെരിയല്ലല്ലോ. കടയ്ക്കല്‍-കാഞ്ഞിരത്തുംമൂട് ഭാഗത്തുണ്ടായിരുന്ന നാല് തീയറ്ററുകളില്‍ രണ്ടെണ്ണം പൂട്ടിപ്പോയി. ചിങ്ങേലി 'സന്തോഷ്' പിന്നെ 'അമൃത' ആയെങ്കിലും പൂട്ടി. 'മോഹന്‍' തീയറ്റര്‍ പേര് മാറ്റി 'സെന്‍ട്രല്‍' ആയി പൂട്ടി. 'ശ്രീധന്യ'യും 'ശ്രീശൈല'വും കല്യാണ മണ്ഡപമാക്കിയെങ്കിലും ഒരിടവേളക്ക് ശേഷം വീണ്ടും തീയറ്ററുകളായി തിരിച്ച് വന്നു. 40 പൈസക്ക് ടിക്കറ്റ് എടുത്ത് മുന്‍വശത്ത് ബെഞ്ചില്‍ ഇരുന്ന് സിനിമ കണ്ടു തുടങ്ങിയ കിഴക്കുംഭാഗത്തെ 'ബീന' തീയറ്റര്‍ ആണ് തീയറ്റര്‍. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു, ജയന്റെ 'ആക്രമണം' ബീന തീയറ്ററില്‍ വരുന്നത്. ടിക്കറ്റ് എടുക്കുന്നതിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഇടത് കൈ ടിക്കറ്റ് കൌണ്ടറിന്റെ ഭിത്തിയില്‍ ഉരഞ്ഞ് ഉണ്ടായ പാടാണ് എന്റെ SSC ബുക്കിലെ എന്നെ തിരിച്ചറിയാന്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു അടയാളം. ബീന തീയറ്ററും പൂട്ടിപ്പോയി. ഇപ്പോഴും കിഴക്കുംഭാഗത്തും കടയ്ക്കലും ഓരോ തീയറ്ററിന് സാധ്യതയുണ്ട്.
--------------------------
**എന്തെങ്കിലും എഴുതൂ സീരീസ്-1
ഫെയ്സ്ബുക്ക് തുറന്നാല്‍ 'എന്തെങ്കിലും എഴുതൂ, എന്തെങ്കിലും എഴുതൂംന്നും' പറഞ്ഞ് സക്കറണ്ണന് നിര്‍ബന്ധിച്ചാല്‍ എഴുതാതിരിക്കുന്നതെങ്ങനെ? അതുകൊണ്ട് എഴുതി പോയതാണ്.