Monday, December 16, 2013

ഫെസ്റ്റിവല്‍ ഗുലുമാല്‍!

ഫിലിം ഫെസ്റ്റിവല്‍ ഒരു ആഘോഷമാണ്. സീരിയസായി സിനിമാ കാണാന്‍ വരുന്നവര്‍, ചലച്ചിത്ര പ്രതിഭകളെ പരിചയപ്പെടാന്‍ വരുന്നവര്‍, അവസരങ്ങള്‍ തേടി വരുന്നവര്‍, ആള്‍ക്കൂട്ടത്തില്‍ അലഞ്ഞു തിരിയാന്‍ വരുന്നവര്‍, ഫെസ്റ്റിവലിന്റെ പേരില്‍ ഒരാഴ്ച വീട്ടില്‍ നിന്നിറങ്ങി ഹോട്ടല്‍ മുറിയില്‍ കമ്പനി കൂടി ഓഫായി കിടക്കുന്നവര്‍, അങ്ങനെ വിചിത്ര വേഷക്കാരായ ഒരു കൂട്ടം ആള്‍ക്കാര്‍!

******
ഫെയ്സ്ബുക്കിലെ ഫോട്ടോഗ്രാഫര്‍മാരെ പോലെയാണ് ഫെസ്റ്റിവലിലെ ജനം. കണ്ടുമുട്ടുന്നതില്‍ പകുതിയും സംവിധായകരോ തിരക്കഥാകൃത്തുക്കളോ ആണ്.
"ഞാനൊരു 'സാധനം' ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ച റിലീസ് ആണ്."
"ഓ.. തിരുവനന്തപുരത്ത് ഏത് തീയറ്ററിലാണ് റിലീസ്.?"
"തീയറ്ററില്‍ അല്ല. 'യൂട്യൂബി'ല്‍ ആണ്."
"ആഹാ, ജസ്റ്റിന്‍ ബീബറും ചന്ദ്ര ലേഖയും വന്ന വഴി, അല്ലെ. എല്ലാ ആശംസകളും."

******
" അല്ല ചേട്ടാ കഴിഞ്ഞ ഫെസ്റ്റിവലിന് നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആ താടിക്കാരന്‍ എവിടെ?"
"ഓ, ശശിയോ..? അയാള് വെള്ളമടി നിര്‍ത്തി. ഇനി എന്തോന്ന് കമ്പനി..?"

******
"കുങ്കിടിക്കിന്റെ സിനിമ കണ്ടോ?"
"കുങ്കിടിയോ?"
"ങാ, ആ ചൈനാക്കാരന്‍ സംവിധായകന്‍ ഇല്ലേ 'കുംകിടി'...?"
"കുംകിടി അല്ല കിം കി ഡുക്, കൊറിയക്കാരന്‍.."
"ങാ ആരായാലും അതിലിത്തിരി 'കാണാന്‍' ഉണ്ട്."
(അത്രേ ഉള്ളൂ..)

******
സിനിമ തുടങ്ങുന്നതിന് മുന്‍പ് അടുത്ത സീറ്റിലിരുന്ന രണ്ട് പേര്‍ ഭയങ്കരമാന ചര്‍ച്ച. വിഷയം ലോക സിനിമ തന്നെ.
സിനിമ തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അതിലൊരാളുടെ ഫോണ്‍ ബെല്ലടിച്ചു.
അപ്പുറത്ത് സംസാരിക്കുന്നത് ചെറിയ ശബ്ദത്തില്‍ കേള്‍ക്കാം. .. ഭാര്യയാണ്..
"നിങ്ങള്‍ എപ്പഴാ വരുന്നത്.?"
"ഞാന്‍ താമസിക്കും..."
"വേണ്ട. അവിടെ തന്നെ താമസിച്ചോ.. ഇവിടെ നാളത്തേക്ക് അരിയില്ല, പഞ്ചസാരയില്ല.. "
(സമാധാനപൂര്‍വ്വം ഭര്‍ത്താവ്): "എന്തൊക്കെയാ വാങ്ങേണ്ടത്...?"
(ഡിം.. ഫോണ്‍ കട്ടായി... സമാധാന പൂര്‍ണമായ കുടുംബ ജീവിതത്തില്‍ ലോക സിനിമ ഒരു ഘടകമേയല്ല എന്ന തിരിച്ചറിവില്‍ പുള്ളിക്കാരന്‍ വേഗം സീറ്റ് കാലിയാക്കി.

*******
ആള് കൂടിയാല്‍ പാമ്പ് ചാകില്ല എന്ന പഴഞ്ചൊല്ല് ഫിലിം ഫെസ്റ്റിവലിന് ചേരും.
'സുഹൃത്തുക്കള്‍ കൂടിയാല്‍ സിനിമ കാണല്‍ നടക്കില്ല.' ഈ വര്‍ഷം ആകെ കണ്ടത് 12 സിനിമകള്‍. "സുവര്‍ണ ചകോരം നേടിയ 'പര്‍വിസ്' കാണാന്‍ കഴിഞ്ഞു എന്നതാണ് ആകെ ആശ്വാസം.

*******
വാല്‍: അര്‍നോള്‍ഡ് ഷ്വാസ്നെഗറെ പറയാന്‍ എളുപ്പത്തില്‍ 'ആര്യനാട് ശിവശങ്കരന്‍' ആക്കിയ മലയാളിക്കാണോ കിം. കി ഡൂക്കിനെ 'കുമ്പിടി' ആക്കാന്‍ പ്രയാസം.!

Saturday, January 19, 2013

കവിത - അത്യന്താധുനികം ഉണ്ടാകുന്നത് (ഉണ്ടാക്കുന്നത്)!

മഞ്ഞു വീണ ചതുപ്പ് നിലങ്ങളില്‍ ഞാനെന്റെ കൈക്കോട്ട് ഊരി വെച്ചു. അര്‍ക്കന്‍ അരിശം തീരാതെ ചൂട് കാറ്റായി വീശി. നീ വരില്ലേ പ്രിയേ എന്ന് വിളിച്ചു ചോദിയ്ക്കാന്‍ മൊബൈലില്‍ റേഞ്ചും പോയി. കറുത്ത കാട്ടാളന്റെ നിലവിളി കാതടച്ചു മുഴങ്ങി. കേള്‍വി ശക്തി പോയത് കൊണ്ട് ചെറു മര്‍മ്മരമായി തഴുകി. 
ഒഴുകി ഞാനൊരു നീര്ക്കുമിളയായി സ്വയം അലിഞ്ഞില്ലാതായി. 
"ഛെ. ഇതെന്തോന്നാ മനുഷ്യാ നിങ്ങളീ എഴുതി കൂട്ടുന്നെ." പുറകില്‍ ഭാര്യയുടെ ശബ്ദം കേട്ടാണ് ബോധം വന്നത്. ശെരിയാണല്ലോ. ഒന്ന് കൂടി വായിച്ചു നോക്കി. ഒന്നും മനസിലാകുന്നില്ലല്ലോ. കുറെ നാള്‍ കഥ ഒന്നും എഴുതാത്തതിന്റെ ദോഷമാ. ഇനി എന്ത് ചെയ്യും. ഇത്രയും ടൈപ്പ് ചെയ്തത് വേസ്റ്റ് ആയല്ലോ ദൈവമേ. ഒന്ന് കൂടി വായിച്ചു നോക്കി. ഏതോ ഒരു ഉള്‍പ്രേരണയില്‍ കൈ കീ ബോര്‍ഡിലെ എന്റര്‍ കീയിലേയ്ക്ക് നീങ്ങി. പിന്നെ രണ്ട് - മൂന്ന് വാക്കുകള്‍ വീതം വിട്ട് വിട്ട് എന്റര്‍ കീ അമര്‍ത്തി. 
>>>>>>>>>>>>>>>>>>
മഞ്ഞു വീണ 
ചതുപ്പ് നിലങ്ങളില്‍
ഞാനെന്റെ കൈക്കോട്ട് 
ഊരി വെച്ചു. 
അര്‍ക്കന്‍ അരിശം തീരാതെ 
ചൂട് കാറ്റായി വീശി. 
നീ വരില്ലേ പ്രിയേ 
എന്ന് വിളിച്ചു ചോദിയ്ക്കാന്‍ 
മൊബൈലില്‍
റേഞ്ചും പോയി. 
കറുത്ത കാട്ടാളന്റെ 
നിലവിളി 
കാതടച്ചു മുഴങ്ങി. 
കേള്‍വി ശക്തി
പോയത് കൊണ്ട് 
ചെറു മര്‍മ്മരമായി തഴുകി. 
ഒഴുകി ഞാനൊരു
നീര്ക്കുമിളയായി
സ്വയം അലിഞ്ഞില്ലാതായി. 
>>>>>>>
ആഹാ. എന്ത് മനോഹരമായ കവിത. ഇനി തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഒരു കാട്ടാക്കട ട്യൂണ്‍ കൂടി ഇട്ടാല്‍ സീഡിയിലും ആക്കാം. 

>>>>>
(ഫെയ്സ് ബുക്കിലെ  
എല്ലാ കവികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.)