
മരണമില്ലാത്ത ഒന്നിന്റെ പേര് പറയു. രാവണന് സീതയോട് ചോദിച്ചു.
'പ്രേമം !' സീതയുടെ ഉത്തരം ശെരിയായിരുന്നിട്ടും രാവണന് അതിഷ്ടപ്പെട്ടില്ല. കാരണം സീതയുടെ ഓരോ ശെരിയുത്തരങ്ങളും രാവണന്റെ അവസരങ്ങള്‍ കുറച്ചു കൊണ്ട് വരും. രാവണന് സീതയെ അശോകവനിയില്‍ തട്ടിക്കൊണ്ടു വന്നു പാര്പ്പിച്ചിരിക്കുകയാണ്. സീത കരഞ്ഞപേക്ഷിച്ചത് കൊണ്ട് രാവണന് ഒരു വ്യവസ്ഥ വെച്ചു.
"ഞാന്‍ മൂന്നു ചോദ്യങ്ങള്‍ ചോദിക്കും. മൂന്നിനും ശെരിയുത്തരം പറഞ്ഞാല്‍ നിന്നെ വെറുതെ വിടാം. അതല്ല ഒരുത്തരം തെറ്റിയാല്‍ പോലും നീ എന്റെ ഭാര്യയാകേണ്ടി വരും."
അനുസരിക്കാതെ സീതയ്ക്ക് നിവര്ത്തിയില്ലാതെ വന്നു. ഇന്നലത്തെ ചോദ്യത്തിനും ശെരിയുത്തരം പറഞ്ഞു. ഇനി നാളെ ഒരു ചോദ്യം കൂടി.
'ശ്രീരാമകൃഷ്ണ പരമഹംസരെ കാത്തുരക്ഷിക്കണേ'. രാവണന് നാളത്തെ ചോദ്യത്തിനെ കുറിച്ച് ആലോചിക്കാന്‍ കോട്ടയിലേക്ക് പോയ തക്കം നോക്കി സീത മേലോട്ട് നോക്കി കൈകള്‍ കൂപ്പി.
ശ്രീരാമകൃഷ്ണ പരമഹംസര്‍ സ്വര്‍ഗത്തിലിരുന്നു കൈ മലര്ത്തി. "എനിക്കിതില്‍ കൈകടത്താന്‍ പറ്റില്ല. സീത മോള് ഒരു കാര്യം ചെയ്യ്. അപ്പുറത്തെ മുറിയില്‍ വൈക്കത്തുള്ള ഒരു മുഹമ്മദ് ബഷീര്‍ ഉണ്ട്. അയാളോട് ഒന്ന് വിളിച്ചപേഷീര് ! പുള്ളിക്ക് പ്രത്യേകിച്ച് സ്ത്രീകളോട് കരുണയുള്ള കൂട്ടത്തിലാ. അതുമല്ല, ചോദ്യോത്തരം പരിപാടിയില്‍ ദൂരദര്‍ശനില്‍ ഒന്നാം സ്ഥാനം കിട്ടിയ ആളുമാണ്." ഉപദേശം സ്വീകരിച്ചു സീത കരഞ്ഞപേക്ഷിച്ചു. "വൈക്കം ബഷീറിക്കാ എന്നെ കാത്തു രക്ഷിക്കണേ,.." അദ്ദേഹം കയ്യോടെ അപേക്ഷ സ്വീകരിച്ചു. "രക്ഷിക്കാം, പക്ഷെ ഒരു കണ്ടീഷന്‍ . ഞാന്‍ ചോദിക്കുന്ന മൂന്ന് ചോദ്യങ്ങള്ക്ക് ഉത്തരം തരണം. സമ്മതമാണോ".
"സമ്മതം. പടച്ചവനെ ഇത് പട പേടിച്ചു ....."
"നിര്ത്ത് നിര്ത്ത് .. അത് തന്നെയാണ് എന്റെ ആദ്യ ചോദ്യം. ഈ പഴഞ്ചൊല്ല് ലോകത്തിലാദ്യമായി പറഞ്ഞതാര്? "
സീത ഒന്ന് ആലോചിച്ചു ഉടനെ ഉത്തരം കൊടുത്തു. " ഭാര്യയെ പേടിക്കുന്ന ഒരു പാവം ഭര്ത്താവ് "
"ഉത്തരം ശെരിയാണ്, വിശദമാക്കാമോ"
"വിശദമാക്കാനൊന്നും പറ്റില്ല. അതൊന്നും നേരത്തെ പറഞ്ഞിട്ടില്ലല്ലോ, അടുത്ത ചോദ്യം ചോദിക്കൂ സമയമില്ല."
"ശെരി, മുട്ടിയാലും തുറക്കാത്ത വാതില്‍ എവിടെയാണ് ? "
"അകത്താളിരിക്കുന്ന ടോയ്ലെറ്റിന്റെ വാതില്‍""
"ശെരി, അടുത്ത ചോദ്യം, കാണാന്‍ പറ്റാത്ത ഒന്നിന്റെ പേര് പറയു."
"സ്ത്രീയുടെ മനസ് " മുട്ടത്തു വര്ക്കിയുടെ നോവലുകള്‍ വായിച്ചതു ഇപ്പോള്‍ ഉപയോഗമായി. സീത മനസ്സിലോര്ത്തു.
"ശെരിയായ ഉത്തരം, എന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങള്ക്കുണ്ടാകട്ടെ. നാളത്തെ ദിവസം നിന്റെതാകട്ടെ, വിജയീ ഭവതി "
പിറ്റേന്ന് സായാഹ്ന്നത്തില്‍ രാവണന്റെ പുറപ്പാട്.
"ഉത്തരം പറയാന്‍ നിങ്ങള്‍ തയ്യാറാണോ? " രാവണന്റെ അട്ടഹാസമുയര്ന്നു.
"എന്റെ ചോദ്യമിതാ, ഒരു ദിവസത്തില്‍ നമ്മുടെ മലയാളം ചാനലുകളില്‍ ആകെ എത്ര റിയാലിറ്റി ഷോകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ?"
സീത വിരലുകള്‍ മടക്കി ഒരു ശ്രമം നടത്തി. ഒരു ഞെട്ടല്‍, ശരീരമാസകലം ഒരു വിറയല്‍ പടര്‍ന്നു കേറി. അറിയില്ല. എനിക്കറിയില്ല.
വിരലുകള്‍ മടക്കി ഒരു വൃഥാ ശ്രമം കൂടി നടത്തി. പന്ത്രണ്ടു ചാനലുകള്‍, വൈകിട്ട് അഞ്ചു മണി മുതല്‍ പത്തു മണി വരെ റിയാലിറ്റി...
കവിത, പാട്ട്, കൂത്ത്, ആട്ടം, കോമഡി, കഥാപ്രസംഗം, മാപ്പിളപ്പാട്ട്, സാഹസികന്മാര്ക്ക്, പേടിതൊണ്ടന്മാര്ക്ക്, തടി കൂടിയവര്ക്കും ഇല്ലാത്തവര്ക്കും ജൂനിയര്‍, സീനിയര്‍, വയസായവര്ക്കും എന്ന് വേണ്ട പ്രസവിച്ച സ്ത്രീകള്ക്ക് പ്രത്യേകിച്ചും,
എന്റെ രാവണാ , എന്നോടീ ചതി വേണ്ടായിരുന്നു.. നീ ആകെ 'സീരിയലിന്റെ' എണ്ണം ചോദിച്ചിരുന്നെങ്കിലും പറയാമായിരുന്നു..സീത രാവണനെ ദയനീയമായി ഒന്ന് നോക്കി. പിന്നെ സീതയുടെ ബോധം മറഞ്ഞു.
ഹ.. ഹ.. ഹ.. രാവണന് അട്ടഹസിച്ചു. ഉത്തരം തെറ്റി. നാളെ കഴിഞ്ഞാല്‍ മാംഗല്യം! പക്ഷെ രാവണന്റെ കണക്കു കൂട്ടലുകളും തെറ്റി. അതാ ആരവമുയരുന്നു. ഹനുമാന്റെ വരവാണ്.. ശേഷം രാമായണം.